മഴക്കാലം തുടക്കം മുതൽ തന്നെ കൃഷി മെച്ചെപ്പെടുത്തനായി നമ്മുക്ക് നോക്കാം. മഴക്കാലത്ത് നല്ലതുപോലെ നോക്കിയാൽ മാത്രമേ നല്ല വിളവെടുക്കാൻ കഴിയു. മഴക്കാലത്ത് ചില കൃഷികളുടെ തുടക്കത്തിനും അതുപോലെ തന്നെ ചില കൃഷികൾ നന്നായി പരിപാലിക്കേണ്ട സമയം കൂടിയാണിത്. തിരക്കേറിയ ജീവിതത്തിൽ കുറച്ച് സമയം മാറ്റിവെച്ചാൽ നമ്മുക്ക് വിഷമില്ലാത്ത നല്ല പച്ചക്കറികൾ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
തെങ്ങ്
കനത്ത മഴ കിട്ടിയാൽ തടം തുറക്കാം. തടത്തിന് ആറടി അർധവ്യാസവും 20–25 സെന്റീമീറ്റർ ആഴവും വേണം. തടം തുറന്ന് ഒരു കിലോഗ്രാം വീതം കുമ്മായം വിതറണം. രണ്ടാഴ്ച കഴിഞ്ഞ് ഓരോ തടത്തിലും 20–25 കിലോ ചവറ്, ചാണകം, കംപോസ്റ്റ്, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയേതെങ്കിലും ചേർക്കാം. കൂമ്പുചീയൽ, ഓലചീയൽ എന്നീ രോഗങ്ങൾക്കു പ്രതിവിധിയായി ബോർഡോ മിശ്രിതം ഓലകളിലും കൂമ്പോലകളിലും മണ്ടയിലും നന്നായി തളിക്കണം. വിത്തുതേങ്ങ ഈ മാസം പാകാം. താവരണയെടുത്ത് ഒന്നരമീറ്റർ അകലത്തിൽ വേണം പാകാൻ. മേൽഭാഗം മണലിട്ടു മൂടണം. തെങ്ങിൻതൈ നടുന്നതിനും ഈ സമയം നല്ലതാണ്.
കമുക്
കമുകിനു നീർവാർച്ച സുഗമമാക്കണം. വെള്ളക്കെട്ട് മഞ്ഞളിപ്പിനു കാരണമാവും. കഴിഞ്ഞവർഷം കുമ്മായം ചേർത്തില്ലെങ്കിൽ ഇത്തവണ ഓരോ ചുവടിനും 500 ഗ്രാം വീതം കുമ്മായം ചേർക്കണം. മഹാളി രോഗത്തിനെതിരെ ബോർഡോ മിശ്രിതം തളിക്കണം.
വാഴ
കനത്ത മഴയത്തു നടരുത്. കുല വിരിയുന്നത് (നട്ട് ഏഴെട്ടു മാസമാവുമ്പോൾ) കനത്ത വേനൽച്ചൂടിലാകാതിരിക്കാനും ശ്രദ്ധിക്കണം. ഇലകൾ വീതി കുറഞ്ഞു വാൾപോലെ അഗ്രം കൂർത്തുവരുന്ന തരം തൈയാണു മികച്ചത്. നേന്ത്രവാഴക്കന്നും റോബസ്റ്റ കന്നും മുകളിലുള്ള ഭാഗം നാലുവിരൽ വീതിയിൽ നിർത്തിയുള്ള നടീൽ വസ്തു ചാണകക്കുഴമ്പിൽ ചാരം ചേർത്തു പുരട്ടി നാലുദിവസം വെയിലത്ത് ഉണക്കിയശേഷം നടുന്നതാണ് ഉത്തമം. ചെറുവാഴ ഇനങ്ങൾ തൈകൾ ഇളക്കിയെടുത്തു നട്ടശേഷം മണ്ണടുപ്പിച്ചു നിർത്തണം. നടുമ്പോൾ കുമ്മായം ചേർക്കണം.