പണ്ട് കലങ്ങളിൽ മിക്ക വീടിന്റെയും മുറ്റത്തും കണ്ടിരുന്ന ഒരു ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഞവര, കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു .നമ്മുടെ തൊടികളിലും മറ്റും ധാരാളമായി കണ്ടു വരുന്ന പലതരം ഔഷധ സസ്യങ്ങളിൽ ഒന്നാണ് പനിക്കൂർക്ക.
ഒട്ടും ശ്രദ്ധ ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്. ഇതിന്റെ ഇലയുടെയും തണ്ടിെൻറയും ഗന്ധം എല്ലാവർക്കും സുപരിചിതമാണ്. പനി, കഫക്കെട്ട്, ചുമ, നീർകെട്ട്, വയറ് വേദന തുടങ്ങി മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര് തേനുമായി യോജിപ്പിച്ചു മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകുമെന്നാണ് വിശ്വാസം. പനിയും ജലദോഷവും വരുമ്പോൾ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.
സാധാരണ രീതിയിൽ കീട ബാധ ഏൽക്കില്ല ഈ ചെടിക്ക്. ഒരുപാട് കാലം നിൽക്കും. മുകളിലെ തണ്ട് ഒടിച്ചു വിട്ടാൽ ഒരുപാട് ശിഖിരങ്ങൾ ഉണ്ടാകും. ചെടിച്ചട്ടിയിൽ ഗാർഡൻ സോയിലോ കംപോസ്റ്റോ മിക്സ് ചെയ്ത് നടാം. വെള്ളം കെട്ടി കിടക്കരുത്, ചെടി ചീത്തയാകും. ഒരുപാട് വെയിൽ വേണമെന്നില്ല. എത് കാലാവസ്ഥയിലും നന്നായി വളരും. ഇതിന്റെ ഇല കൊണ്ട് ചട്ണിയും ബജിയും ഉണ്ടാക്കാം. ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത് ഈ ഇലയാണ്.