Features

ചൈനയെ നേരിടാനുള്ള ശക്തി തായ്‌വാനുണ്ടോ ? ലായുടെ ലക്ഷ്യം വിജയം കാണുമോ ?

സ്വയംഭരണ മേഖലയായ തയ്‌വാന് ചുറ്റുമുള്ള സൈനിക കടന്നുകയറ്റം ചൈന അവസാനിപ്പിക്കണമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യപ്രസംഗത്തില്‍ കടുത്ത ചൈനാവിരുദ്ധനും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവുമായ വില്യം ലായ് (ലായ് ചിങ്ങ്-ടെ) ആവശ്യപ്പെട്ടത്.പക്ഷേ, ലായ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തയ്‌വാന് ചുറ്റും സൈനികാഭ്യാസം ആരംഭിച്ചുകൊണ്ടാണ് ചൈന ഇതിന് മറുപടി നൽകിയത്. ‘വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ’ എന്നാണ് തയ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയില്‍ ചൈന വലിയ തോതിലുള്ള, രണ്ട് ദിവസത്തെ സൈനിക അഭ്യാസങ്ങള്‍ ആരംഭിച്ചതിനെ വിശേഷിപ്പിച്ചത് . ചൈനയുടെ അഭ്യാസങ്ങളെ ‘യുക്തിരഹിതമായ പ്രകോപനങ്ങള്‍’ എന്നു പറഞ്ഞാണ് തയ്​വാൻ അപലപിച്ചത്. അങ്ങനെ തുടരുകയാണ് തായ്‌വാൻ ചൈന പോര്. കടുത്ത ചൈന വിരുദ്ധനായ ലായുടെ പ്രവർത്തനങ്ങൾ എത്രത്തോളം ചൈനയെ ഉലയ്ക്കുമെന്ന് കണ്ടറിയേണ്ടതുണ്ട് .

2017 മുതല്‍ ചൈനയുമായി പരസ്യമായി വിയോജിപ്പിലാണ് തായ്‌വാൻ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നയാളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ലായ് . ചൈനയ്ക്ക് വില്യം ലായ്‌യോടുള്ള പൊരുത്തക്കേടിന്റെ അനന്തരഭലമാണ് ഈ ആയുധാഭ്യാസം. തയ്​വാന്റെ പരമാധികാരത്തെക്കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടുള്ള ലായേ ‘വിഘടനവാദി’ ആയാണ് ചൈന അഭിസംബോധന ചെയ്യുന്നത് . തയ്​വാന്റെ ഔപചാരിക സ്വാതന്ത്ര്യത്തിലേക്കുള്ള നീക്കങ്ങളെല്ലാം യുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ചൈന ലായുടെ ചര്‍ച്ചകള്‍ക്കുള്ള ആഹ്വാനവും നിരാകരിച്ചു. ജനാധിപത്യപരമായി അധികാരത്തിലെത്തിയ ലായ് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചൈന തയ്​വാനെ വലയം ചെയ്ത് സൈനികാഭ്യാസങ്ങള്‍ ആരംഭിച്ചു. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘ശിക്ഷ’ എന്ന് ചൈന വിശേഷിപ്പിച്ച അഭ്യാസങ്ങള്‍ മേഖലയെ വലിയ വീണ്ടും അസ്വസ്ഥമാക്കുന്നതാണ്.

ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും ചൈനയോട് കൂറുപുലര്‍ത്തുന്ന കുമിന്താങ് പാര്‍ട്ടിയും യു.എസിനേയും ചൈനയേയും ഉള്‍ക്കൊള്ളുന്ന സന്തുലന സമീപനമാണ് വേണ്ടതെന്ന് വാദിക്കുന്ന തയ്​വാൻ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലള്ള ത്രികോണമത്സരമാണ് തായ്‌വാൻ ജനത കണ്ടത് .തയ്​വാൻ ചൈനയുടെ ഭാഗമാണെന്നും ശരിയായ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ വോട്ടുചെയ്യണമെന്നുമാണ് പോളിങ് ബൂത്തില്‍ പോവുന്നതിന് മുമ്പ് ചൈന തയ്​വാനിലെ ജനങ്ങളെ ഉപദേശിച്ചത്. പക്ഷേ, തായ് ജനത ഡി.പി.പിക്ക് ഒപ്പം നിന്നു. തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയെങ്കിലും ഡി.പി.പിയുടെ വിജയം തയ്​വാൻ രാഷ്ട്രീയത്തെ സംഘര്‍ഷഭരിതമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ വിളംബരമാണ് ഇപ്പോൾ നടക്കുന്നത്. . ചൈനയുടെ കടന്നുകയറ്റത്തിനെതിരേ അമേരിക്കയുടെ പിന്തുണയോടെ തയ്‌വാന്‍ നീങ്ങിയേക്കുമെന്ന ഭയം ചൈനയ്ക്കുണ്ട് . ഡി.പി.പി സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കിയേക്കുമെന്നും ചൈന കരുതുന്നു. ഇതോടെയാണ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തയ്​വാന് ചുറ്റും രണ്ട് ദിവസത്തെ വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങള്‍ ചൈന ആരംഭിച്ചത്.

രാഷ്ട്രീയവും സൈനികവുമായ നടപടികളിലൂടെ തയ്‌വാനെ ചൈനയ്ക്ക് ഒപ്പം ചേര്‍ക്കുമെന്ന് ജനുവരിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു അവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 40 ശതമാനത്തിലധികം വോട്ടുനേടിയായിരുന്നു ലായ്‌യുടെ വിജയം. കുമിന്താങ് പാര്‍ട്ടി നേതാവ് ഹു യു-യി 33 ശതമാനം വോട്ടോടെ രണ്ടാമതായി. തിരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ ചൈന ശ്രമം നടത്തിയെങ്കിലും ജനങ്ങള്‍ വില്യം ലായ്‌ക്കൊപ്പം നിന്നു. ഏഴ് പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ തര്‍ക്കമാണ് ചൈനയ്ക്കും തയ്‌വാവുമിടയിലുള്ളത്. 1949-ലെ ആഭ്യന്തരയുദ്ധത്തിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളെ പരാജയപ്പെടുത്തി മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകള്‍ ചൈനയുടെ അധികാരം പിടിച്ചെടുത്തു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചൈനയില്‍ അധികാരത്തിലെത്തിയപ്പോള്‍ കുമിന്താങ്ങുകള്‍ തയ്‌വാനിലേക്ക് പലായനം ചെയ്തു. പലായനം ചെയ്തെത്തിയ കുമിന്താങ്ങുകള്‍ തയ്‌വാനില്‍ റിപ്പബ്ലിക്ക് ഓഫ് ചൈന (ആര്‍.ഒ.സി) രൂപവത്കരിച്ചു. പിന്നാലെ അവര്‍ ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മറുവശത്ത് തയ്‌വാന് സ്വന്തമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനയും സര്‍ക്കാരുമുണ്ടെങ്കിലും ഇതിനെ അംഗീകരിക്കാന്‍ ചൈന തയ്യാറാവുന്നില്ല.1950-ല്‍ തയ്‌വാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായി. തുടര്‍ന്ന് തയ്‌വാന്റെ സംരക്ഷണത്തിനായി കപ്പല്‍പ്പടയെ അമേരിക്ക വിന്യസിച്ചു. ശീതയുദ്ധം കാരണം, മിക്ക പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും 1970-കള്‍ വരെ തയ്‌വാനെ മാത്രമാണ് അംഗീകരിച്ചിരുന്നത്.
1996-ല്‍ തയ്‌വാനിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് വേളയില്‍ ചൈന മിസൈലുകള്‍ പ്രയോഗിച്ചു. തയ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് 2005-മാര്‍ച്ചില്‍ ചൈന പ്രഖ്യാപിച്ചു. 2016-ല്‍ സായ് ഇങ് വെന്‍ തയ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സായ് ഇങ് വെന്നുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു. ചൈന-തയ്‌വാന്‍ ഏകീകരണം ഒഴിവാക്കാനാവാത്തതാണെന്ന് 2019-ല്‍ ഷി ജിന്‍ പിങ് പ്രഖ്യാപിച്ചു. 2021-ല്‍ തയ്‌വാന്റെ പ്രതിരോധ മേഖലയിലേക്ക് ചൈന നൂറ് നുഴഞ്ഞുകയറ്റങ്ങള്‍ നടത്തി. തയ്‌വാനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ 2021 ഒക്ടോബറില്‍ പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റില്‍ ചൈനയുടെ വിലക്ക് ലംഘിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശനം നടത്തി. തിരിച്ചടിയെന്നോണം ചൈന വലിയ സൈനികാഭ്യാസം നടത്തി. 2023-ഏപ്രിലില്‍ സായ് ഇങ് വെന്‍ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി യു.എസില്‍ ഇറങ്ങുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2024 ജനുവരി ഒന്നിന് എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയോട് ചേര്‍ക്കുമെന്ന് ഷീ ജിന്‍ പിങ് പ്രഖ്യാപനം നടത്തി.

1949-ലെ ആഭ്യന്തരയുദ്ധത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പരാജയപ്പെട്ട് ചിയാങ് കൈഷക് തന്റെ സൈന്യത്തിനൊപ്പം തയ്‌വാനിലേക്ക് എത്തിയതാണെങ്കിലും കുമിന്താങ്ങുകള്‍ ചൈന ദേശീയവാദ നിലപാടാണ് പിന്തുടരുന്നത്. തായ്‌വാൻ ജനാധിപത്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനയുമായി സമാധാനപൂര്‍ണമായ ബന്ധമാണ് പ്രദേശത്തിന്റെ നല്ല ഭാവിക്ക് സഹായകം എന്നാണ് അവരുടെ നിലപാട്.