Agriculture

കൈ നിറയെ നാരങ്ങ കിട്ടും: ഇങ്ങനെ ഒന്ന് ചെയ്തു നോക്കു

അച്ചാറിടാനും ജ്യൂസിനും മറ്റും നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടുതലാണ്.എന്നാലോ മാർക്കറ്റിൽ തൊട്ടാൽപൊള്ളുന്ന വിലയും. എങ്കിൽ വീട്ടിൽ തന്നെ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി കുറച്ച് കൃഷി ചെയ്താലോ എങ്ങനെയെന്ന് അറിഞ്ഞിരിക്കാം

കൃഷിയും പരിപാലനവും

നല്ല മദര്‍പ്ലാന്റില്‍നിന്നുള്ള ലെയറോ ബഡ്ഡോ ഗ്രാഫ്‌റ്റോ ചെയ്‌തെടുത്ത തൈകളാണ് വേഗംകായ്ക്കാന്‍ ഉത്തമം. സീഡ് ലെസ് ലെമണ്‍ കമ്പൊടിച്ചുകുത്തിയും നടാമെങ്കിലും കായ്ക്കാന്‍ സമയമെടുക്കും. രണ്ടരയടി ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത് മേല്‍മണ്ണും വളവും ചേര്‍ത്ത് നിറച്ച് മധ്യഭാഗത്തായി തൈകള്‍നടാം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ അടിവളമായി ചേര്‍ക്കാം. നല്ല സൂര്യപ്രകാശംവേണം. നാരകത്തിന്റേത് ചെറുവേരുകളാണ്.

അതിനാല്‍ നല്ല നീരൊഴുക്കുള്ള ഇളകിയ മണ്ണുവേണം. കണ്ടെയ്‌നറുകളിലാണ് കൃഷിചെയ്യുന്നതെങ്കില്‍ നല്ല വിസ്താരമുള്ള ചട്ടികളോ ഡ്രമ്മുകളോ ഉപയോഗിക്കണം. വേരോട്ടം സുഗമമാക്കുന്നതിന് ഇളകിയ മണ്ണുവേണം. ഇടയ്ക്ക് മണ്ണിളക്കണം. അടിവളത്തിനു പുറമേ, മൂന്നിലൊന്നുഭാഗം മണലും ചേര്‍ക്കണം. മണ്ണിലെ കൃഷിക്ക് ആഴ്ചയില്‍ രണ്ടുതവണയും കണ്ടെയ്‌നറിലാണെങ്കില്‍ രണ്ടുദിവസത്തില്‍ ഒരുതവണയും നനയ്ക്കണം. നന കൂടാന്‍പാടില്ല.

മണ്ണിലാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും വളംചെയ്യണം. കണ്ടെയ്‌നറില്‍ രണ്ടുമാസത്തിലൊരിക്കലും പൊടിഞ്ഞവളങ്ങളും ജൈവസ്ലറിയുമാണ് നല്ലത്. പുതിയ ശിഖരങ്ങളുണ്ടാകാനും കൂടുതല്‍ പൂക്കാനും വര്‍ഷത്തില്‍ ഒരുതവണയെങ്കിലും കൊമ്പുകോതണം.

ഇല തിന്നുന്നതും ചുരുട്ടുന്നതുമായ പുഴുക്കളുടെ ആക്രമണം തടയാന്‍ വേപ്പണ്ണ-വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവകീടനാശിനികള്‍ പ്രയോഗിക്കാം. ഇല മഞ്ഞളിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. മഗ്‌നീഷ്യം സള്‍ഫേറ്റിന്റെ കുറവുമൂലമാണ് ഇതുണ്ടാവുന്നത്. ഒരുലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം എപ്‌സം സാള്‍ട്ട് ചേര്‍ത്തുതളിച്ചാല്‍ ഇതു മാറ്റാം. ഇലകളില്‍ കുത്തുണ്ടാകുന്നത് ഫംഗസ്ബാധമൂലമാണ്. ഏതെങ്കിലും ഫംഗിസൈഡ് രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ തളിച്ച് ഇതുമാറ്റാനാവും.