കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ്‌സ് കുടിയേറ്റക്കാരുടെ നയത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ ഭീതിയിലായിരിക്കുകയാണ് ഇന്ത്യൻ വിദ്യാർഥികളും ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരും. ഈ അടുത്ത കാലത്തായി ലോകത്ത് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരും വിദ്യാർഥികളുമെത്തുന്ന രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. വിദ്യാർഥികളായി എത്തുന്നവർ വലിയ തോതിൽ കനേഡിയൻ പൗരത്വം നേടുന്ന പ്രവണതയും കൂടുതലാണ്. പണ്ട് മുതൽക്കെ ഇന്ത്യയിൽ നിന്ന് ഒട്ടനവധി പേർ കാനഡയിലേക്ക് കുടിയേറിയിട്ടുണ്ട് അതിൻ്റെ ഏറ്റവും വലിയ തെളിവാണ് സിക്ക് വംശജരുടെ കാനഡയിലെ ജനസംഖ്യയിലെ വളർച്ച. എന്നാൽ ഇപ്പോൾ അനിയന്ത്രിതമായി കൂടുന്ന കുടിയേറ്റം തടയാൻ പുതിയ നിയമങ്ങൾ ഒരുക്കിയിരിക്കുകയാണ് കാനഡ.
ഈ മാറ്റത്തെ തുടർന്ന് പ്രിൻസ് എഡ്വേർഡ് ദ്വീപുകളിലെ ഇമിഗ്രേഷൻ പെർമിറ്റിൽ 25 ശതമാനം ആണ് വെട്ടിക്കുറച്ചത്. ഇതനുസരിച്ച് നൂറു കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ ഇന്ത്യയിലോട്ട് മടക്കി അയക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ നിയമം വന്നത് മുതൽ നാടുകടത്തൽ ഭീഷണി നേരിടുകയാണ് ഇന്ത്യൻ വിദ്യാർഥികൾ.
ഇത്തരത്തിലൊരു നിയമം വരാൻ കാരണമെന്തെന്നാൽ, കാനഡയിലെ ഏറ്റവും ചെറിയ പ്രവശ്യയാണ് പിഇഐ. ഉയർന്ന് വരുന്ന ജനസംഖ്യ ആ പ്രവിശ്യക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചെറിയ പ്രദേശമായതിനാൽ ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് നാച്ചുറൽ റിസോഴ്സിൻ്റെ ലഭ്യത കുറയുകയും ഇത് മറ്റ് എല്ലാ മേഖലകളേയും ബാധിക്കുകയും ചെയ്യും. മറ്റൊന്ന് തൊഴിൽ സാധ്യതകളിലെ കുറവാണ്. ഇത്തരം അവസ്ഥകൾ പ്രവിശ്യയിൽ മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നതിലേക്കും നയിക്കുമെന്നും ഭരണകൂടം ഭയക്കുന്നു. വളരെ വലിയ ജനസംഖ്യയെ നിലനിർത്താനുള്ള ഭൂപ്രകൃതി ഈ പ്രദേശങ്ങൾക്ക് ഇല്ലെന്നും ഭരണകൂടം വ്യക്തമാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് പ്രവിശ്യയിലെ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. പ്രവിശ്യയിൽ താമസിക്കുന്ന കുടിയേറ്റക്കാർ തങ്ങളുടെ അവസരങ്ങൾ അപഹരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഇത്തരത്തിൽ വലിയ സമ്മർദ്ദത്തിനൊടുവിലാണ് പുതിയ നിയമം ഭരണകൂടം പാസാക്കിയത്. അത് കൂടാതെ പുതിയ നയമാറ്റത്തിനെതിരെ നൂറുകക്കിന് ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പലരും ലോണുകൾ എടുത്തും വർഷങ്ങൾ എടുത്ത് സ്കോളർഷിപ്പ് പരീക്ഷകൾ നേടിയെടുത്തുമാണ് കാനഡയിലേക്ക് പറന്നത്. അത്രയും കാലത്തെ പരിശ്രമവും പ്രതീക്ഷയുമാണ് പുതിയ നിയമത്തോടെ ഇല്ലാതാകാൻ പോകുന്നത്. കുടിയേറ്റക്കാരെ എക്കാലവും സ്വാഗതം ചെയ്തിരുന്ന കാനഡയിലെ ഈ നയമാറ്റം വിദ്യാർഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
പുതിയ നയ പ്രകാരം സേവന മേഖലകൾ, ഭക്ഷണം, ചില്ലറ വിൽപന എന്നിവയ്ക്ക് പകരം ആരോഗ്യ സംരക്ഷണം,ശിശു സംരക്ഷണം, നിർമാണം എന്നീ മേഖലകളിൽ ഊന്നൽ നൽകുമെന്നതാണ് തീരുമാനം. സ്റ്റുഡൻ്റ് വിസ വഴി കാനഡയിലെത്തുന്നവരെയാണ് പ്രാഥമികമായി നയം ലക്ഷ്യം വെക്കുന്നത്. കാനഡയിൽ സ്ഥിരതാമസത്തിനും പൗരത്വത്തിനുമുള്ള എളുപ്പവഴിയായി വിദ്യാർത്ഥി വിസകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും വ്യാപക ആരോപണമുണ്ട്.
“ആളുകൾ തിരിച്ചറിയാത്ത ഒരു കാര്യം, ഞങ്ങൾ ഈ കുടിയേറ്റക്കാർക്ക് എതിരല്ല. പക്ഷേ പിഇഐ നിറഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് സ്ഥലമില്ലാതെ ആയി. കുടിയേറ്റക്കാരെ ഒരിക്കലും കാനഡയിലേക്ക് തിരികെ കൊണ്ടുവരരുത് എന്ന് ഞാൻ പറയുന്നില്ല,” പിഇഐ നിവാസികൾ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു . “ഞങ്ങൾക്ക് ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ദ്വീപുകളിലെ എല്ലാ ജോലികൾക്കും ഇവിടെ നിന്നുള്ളവരല്ലാത്ത ആളുകൾ പോകുന്നു. ഒരു കുടുംബ ബിസിനസ് ഇല്ലെങ്കിൽ, നിങ്ങളുടെ കുട്ടികൾ ഹൈസ്‌കൂൾ വിദ്യാർഥികളായിരിക്കെ ജോലി അന്വേഷിക്കേണ്ടി വരും”,-
പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ 2006 മുതൽ അന്താരാഷ്‌ട്ര കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. മിക്ക കനേഡിയൻ പ്രവിശ്യകളും സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് കനേഡിയൻ മാധ്യമങ്ങളും വ്യാപക ചർച്ചകൾ അഴിച്ചുവിട്ടിട്ടുണ്ട്. 2023-ലെ കണക്കനുസരിച്ച് പ്രിൻസ് എഡ്വേർഡ് ദ്വീപിൽ വൈദ്യസഹായം,പാർപ്പിടം,തൊഴിൽ എന്നിവയിലൊക്കെ വലിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയിതിട്ടുണ്ട്. ജനസംഖ്യയ്ക്കനുസരിച്ച് വൈദ്യസഹായമോ,പാർപ്പിടമോ,തൊഴിലോ ലഭിക്കാത്ത അവസ്ഥയാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.