ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജലനിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. എങ്കിൽ വീട്ടിൽ അലങ്കാരമായി നട്ടുപിടിപ്പിച്ചാലോ ? ഇങ്ങനെ ചെയ്തുനോക്കു കൂടുതൽ പൂക്കൾ കിട്ടും.
ടാങ്ക് പുതിയതെങ്കില്‍ ആദ്യമായി അതില്‍ 4-5 ദിവസം വെള്ളം കെട്ടിനിര്‍ത്തിയതിനുശേഷം വാര്‍ത്തുകളഞ്ഞ് സിമന്റിന്റെ ക്ഷാരാംശം നീക്കണം. ചുവട്ടില്‍ 5 സെ.മീ. കനത്തില്‍ കരിക്കഷണങ്ങള്‍ നിരത്തി അതിനുമീതെ 30-40 സെ.മീ. കനത്തില്‍ മണ്ണും കമ്പോസ്റ്റും തുല്യയളവില്‍ കലര്‍ത്തിയിടുക. ഇതില്‍ താമരത്തൈകള്‍ നടാം. നടുമ്പോള്‍ ഇലകള്‍ ടാങ്കിലെ ജലനിരപ്പിന് തൊട്ടുമീതെ നില്‍ക്കും വിധം വേണം ചുവടുറപ്പിക്കാന്‍. ഇലകള്‍ ജലനിരപ്പിന് മുകളില്‍ നില്‍ക്കുംവിധം വെള്ളം ഒഴിക്കാം. വര്‍ഷത്തിലൊരിക്കല്‍ 25 സെ.മീ. കനത്തില്‍ കുതിര്‍ത്ത ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം.
താമര തന്നെ രണ്ടു നിറത്തിലുണ്ട്. പിങ്കും വെള്ളയും. ഒരു താമരച്ചെടി 3 വര്‍ഷംവരെ പുഷ്പിക്കും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ റീപ്ലാന്റ് ചെയ്യണം. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനാണെങ്കില്‍ 10 സെന്റ് സ്ഥലത്ത് 10 അടി അകലത്തില്‍ 50 തൈകള്‍വരെ നടാം. നാലുമാസം കൊണ്ട് പുതുമുളകള്‍ പൊട്ടി പാടമാകെ താമര നിറയും. ഇത്രയും സ്ഥലത്ത് വളര്‍ത്തിയാല്‍ ഒരു ദിവസം കുറഞ്ഞത് 50 പൂവെങ്കിലും കിട്ടും. ഒരു പൂവിന് കുറഞ്ഞത് 5 രൂപ വിലയുണ്ട്. ഇലകളില്‍ കുമിള്‍ബാധ കണ്ടാല്‍ ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതിയാകും.