പാഷന്‍ ഫ്രൂട്ട് വെറുമൊരു നത്തോലി പഴമല്ല. ഗുണങ്ങള്‍ കേട്ടാല്‍ സ്രാവല്ല തിമിംഗലമാണെന്നു പറയേണ്ടി വരും. അത്രയ്ക്ക് ഔഷധ ഗുണവും പോഷക സമ്പുഷ്ടവുമാണ് പാഷന്‍ ഫ്രൂട്ട്. ഇനിയിപ്പൊ ക്ഷീണവും തളര്‍ച്ചയും ദാഹവുമൊക്കെ അനുഭവപ്പെടുന്നുണ്ടോ. ഒരു പാഷന്‍ ഫ്രൂട്ട് ജ്യൂസ് കഴിച്ചു നോക്കൂ എല്ലാം പമ്പ കടക്കും. നാരുകള്‍ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും സിദ്ധൗഷധമാണ്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് ശീലമാക്കി നോക്കൂ. ജീവിതം തന്നെ മാറിമറിയും.
പഴത്തിന്റെ നിറവ്യത്യാസം കണക്കിലെടുത്താൽ രണ്ടിനങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്, വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളിൽ. മൂന്നു മീറ്റർ അകലം നൽകി അരമീറ്റർ വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത്, മേൽമണ്ണും 10 കി.ഗ്രാം കമ്പോസ്റ്റും ചേർത്ത് ഇളക്കി നിറച്ച് തൈ നടണം. തുടർന്ന് വർഷംതോറും മഴക്കാലത്ത് രണ്ടു തവണകളായി യൂറിയ 220 ഗ്രാം, റോക്ഫോസ്ഫേറ്റ് 55 ഗ്രാം, പൊട്ടാഷ് വളം 170 ഗ്രാം എന്ന തോതിൽ ചേർക്കുകയും വേണം.
വള്ളിയിലുണ്ടാകുന്ന പുതിയ ശാഖകളിലാണു കായ്കളുണ്ടാകുക. പൂക്കൾ കായ്കളാകാൻ മൂന്നു മാസം വേണ്ടിവരും. നല്ല വിളവിന് ഒന്നര വർഷത്തെ വളർച്ച വേണ്ടിവരുന്നു. പ്രധാന വിളവെടുപ്പുകാലം മേയ്–ജൂൺ, സെപ്റ്റംബർ–ഒക്ടോബർ. ഒരു വള്ളിയിൽനിന്നു ശരാശരി വിളവ് 7–8 കി.ഗ്രാം കായ്കൾ.