സ്വര്‍ഗത്തില്‍ മാണിയും അധികാരത്തില്‍ എല്‍.ഡി.എഫും ഇരിക്കുന്നതിനെ കുറിച്ച്പ, റഞ്ഞാല്‍ തീരാത്ത എത്രയോ കഥകളാണ് കേരളത്തിലുള്ളത്. മുണ്ടുമടക്കിക്കുത്തി നിയമസഭയുടെ മേശമേല്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ച ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ ഓര്‍മ്മിക്കാതെ ആ കഥയ്ക്ക് പൂര്‍ണ്ണതയില്ല. മുണ്ടിനടിയിലെ വള്ളിക്കളസം പൂര്‍ണ്ണമായും കാണാവുന്ന തരത്തില്‍ ചാടുകയും ഓടുകയും ചെയ്ത മന്ത്രി ശിവന്‍കുട്ടിയാണല്ലോ പിന്നീട് മേയറെ അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവര്‍ക്കെതിരേ അപലപിച്ചത് എന്ന് ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രതിപക്ഷത്തെ കുറ്റം പറയാനൊക്കുമോ?.
ആത്മരോഷത്തോടെ സ്പീക്കറുടെ ഡയസ്സിലേക്ക് ഇടുച്ചുകറിയ എല്‍.ഡി.എഫിലെ ചോരതിളപ്പന്‍ സഖാക്കള്‍ക്കൊപ്പം ചാടിക്കയറാന്‍ ഓടിപ്പോയ ബിജിമോളെ തന്ത്രപൂര്‍വ്വം തടഞ്ഞു നിര്‍ത്തിയ ഷിബു ബേബിജോണിനെ മറക്കാനാവുന്നതെങ്ങനെ. അന്നത്തെ മുഖ്യമന്ത്രിയായിരുന്നു അന്തരിച്ച ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ വലയം തീര്‍ത്തവര്‍ക്കു നേരെ ചാടിക്കയറിയ ജമീലാ പ്രാകശത്തെ തടഞ്ഞ ശിവദാസന്‍നായര്‍ പിന്നീട് സ്ത്രീ ലമ്പടനായി.
സ്പീക്കറുടെ കസേരയ്ക്ക് കിഴക്കോട്ടയിലെ പാതിരാ ഫര്‍ണിച്ചറിന്റെ വിലപോലുമില്ലെന്നു മനസ്സിലാക്കി തന്ന ഇപ്പോഴത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെയും എങ്ങനെ മറക്കും. ആ വിലയില്ലാത്ത കസേരയില്‍ പിന്നീടിരുന്നത്, അന്നത്തെ കസേര തള്ളിയിട്ടവരില്‍ ഒരാളായ പി. ശ്രീരാമകൃഷ്ണനായിരുന്നുവെന്നത് കാവ്യനീതി. അതിനു പിന്നാലെ ആ വിലയില്ലാത്ത കസേരയില്‍ ഇരുന്നയാളാണ് എം.ബി. രാജേഷ്. അദ്ദേഹമാണ് ഇപ്പോഴത്തെ ബാര്‍കോഴയുടെ താരമായ എക്‌സൈസ് മന്ത്രി.
മാണിസാറിനെ മൂക്കിട്ട് ‘ക്ഷ’ വരപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ എല്ലാവരും നിയമസഭയില്‍ തമ്പടിച്ചു കിടന്നൊരു കാലമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ വീട്ടില്‍ പോകാതെ സഭയ്ക്കുള്ളിലിരുന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവം. അന്ന്, സ്പീക്കര്‍ എന്‍. ശക്തന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് കാട്ടിയ ഒരു ആംഗ്യത്തിന്റെ ബലത്തില്‍ ബജറ്റവതരിപ്പിച്ചു എന്നു പറഞ്ഞ കെ.എം മാണിയും, അതുകേട്ട് ചുറ്റിനും നിന്ന് പരസ്പരം വായില്‍ ലഡു തിരുകിക്കയറ്റി കൈയ്യടിച്ചും കൂകി വിളിച്ചും ആനന്ദിച്ചവരില്‍ പാലക്കാടു നിന്നുള്ള ജൂനിയര്‍ ജനപ്രതിനിധി ഷാഫി പറമ്പിലും ഹൈബി ഈഡനും ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ.
സ്വര്‍ഗത്തിലേറിയ മുന്‍ ധനമന്ത്രി കെ.എം മാണിക്ക്, ജീവിക്കാന്‍ വേണ്ടി മാണിക്ക് ‘എന്റെ വക 500’ രൂപ അയച്ച ‘മികച്ച’ സംവിധായകന്‍ ആഷിഖ് അബുവിനെയും മറക്കാന്‍ പറ്റില്ല. ബാര്‍കോഴയെന്ന ഭൂതത്തെ കുപ്പിയില്‍ നിന്നിറക്കിവിട്ട് കോളിളക്കം സൃഷ്ടിച്ച ബാര്‍ മുതലാളി ബിജു രമേശിനെയും, ബജറ്റവതരിപ്പിക്കാന്‍ സമ്മതിക്കാതെ സ്പീക്കറെയും, മാണിയെയും, എന്തിന് നിയമസഭ പോലും സ്തംഭിപ്പിച്ച എല്‍.ഡി.എഫിലെ ഓരോ ‘പ്രമുഖ’ വ്യക്തികളെയും സ്മരിക്കണം.
നിയമസഭ ആരുടെയും തന്തയുടെ വകയല്ലെന്നും, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും വിളിച്ചു പറയാന്‍ പോലും അന്നും പിന്നീടും ആരുമുണ്ടായില്ലെന്നതും ഓര്‍മ്മ വേണം. ഓര്‍മ്മകളൊക്കെ ചൂടാറ്റിയെടുക്കുമ്പോള്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കിക്കോണം. യു.ഡി.എഫ് അല്ല എല്‍.ഡി.എഫെന്ന്. അതെ യു.ഡി.എംഫിന്റെ കാലത്തും എല്‍.ഡി.എഫിന്റെ കാലത്തും ബാര്‍കോഴ ഉണ്ടായിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫിന്റെ കാലത്തെ ബാര്‍ കോഴയല്ല, എല്‍.ഡി.എഫിന്റെ കാലത്തേത്.
ഒരു കോഴയും ആരും വാങ്ങിയിട്ടില്ലെന്ന ന്യായമാണ് മന്ത്രി എം,ബി രാജേഷ് നടത്തിയത്. ബാറുകാരെല്ലാം ആണയിട്ടു പറയുന്നതും ഇതാണ്. ഞങ്ങള്‍ ആര്‍#ക്കും കാശും കൊടുത്തില്ല, ആരും കാശ് ചോദിച്ചിട്ടുമില്ല. പക്ഷെ, എങ്ങനെയോ ബാറുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സര്‍ക്കാരിനു കൊടുക്കാന്‍ പണം ആവശ്യപ്പെട്ട് വോയിസ് വന്നിരിക്കുന്നു. അത് സര്‍ക്കാരിനെ മോശക്കാരാക്കാന്‍ വേണ്ടി ആരോ പ്ലാന്‍ ചെയ്തതാണ്. ഇതാണ് ന്യായീകരണവും വാദമുഖങ്ങളും.
കേരളത്തിലെ സര്‍ക്കാരിന്റെ ചീഞ്ഞ മുഖം പുറത്തായെന്ന ഘട്ടം, ഇപ്പോള്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരേ സെക്രട്ടേറിയറ്റ് വളഞ്ഞ സഖാക്കള്‍ പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്, ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. അതുപോലെ ഗ്രീന്‍ ചാനല്‍ വഴിുള്ള സ്വര്‍ണ്ണക്കടത്തും, ലൈഫ് മിഷന്‍ അഴിമതിയും, സ്വപ്‌ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവിന്റെ കാമകേളികളുമെല്ലാം നാട്ടില്‍ പാട്ടായി നാറിപ്പോയില്ലേ.
ഇതെല്ലാം മുന്‍കാല യു.ഡി.എഫ് മന്ത്രിസഭയോട് ചെയ്ത നീതീകരിക്കാനാവാത്ത സംഭവങ്ങള്‍ക്കു ബദലാണ്. കാലം കാത്തുവെച്ച കാവ്യനീതിപോലെ എല്‍.ഡി.എഫ് സര്‍ക്കാരും ബാര്‍കോഴയില്‍പ്പെട്ടിരിക്കുന്നു. സരിതയയെപ്പോലെ സ്വപ്‌നയും പ്രത്യക്ഷപ്പെട്ടു. അഴിമതിയുടെ കാര്യത്തിലും യു,ഡി.എഫ് സര്‍ക്കാരിനെപ്പോലെ എല്‍.ഡി.എഫും കട്ടയ്ക്കു നില്‍ക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും സ്വര്‍ഗത്തില്‍ കെ.എം മാണിയെന്ന മുന്‍ ധനകാര്യ മന്ത്രി ചിരിക്കുകയാണ്.
തന്റെ സ്വര്‍ഗാരോഹണത്തിനു ശേഷം കേരളാ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും അത്തരത്തിലാണ്. മാണിസാറിന്റെ മകന്‍ ജോസ് കെ. മാണി എല്‍.ഡി.എപിന്റെ ഭാഗമായി. എന്നാല്‍, എല്‍.ഡി.എഫിന് ഇപ്പോള്‍ വന്നുപെട്ടിരിക്കുന്ന ദുര്യോഗത്തില്‍ ജോസ് കെ. മാണി ഊറിച്ചിരിക്കുന്നുണ്ട്. അച്ഛനെ വെട്ടിയ അതേവാള്‍, വെട്ടിയവര്‍ക്കു നേരെ ഉയയര്‍ന്നപ്പോഴുണ്ടായ ഊറിച്ചിരി ആരും കാണാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രതികരണത്തിനോ, പ്രതിരോധത്തിനോ ഒന്നിനും ജോസ് നില്‍ക്കില്ല.
കാരണം, ഒന്നും പറയാനാകില്ല. അച്ഛന്റെ ശത്രുക്കള്‍ക്കൊപ്പമാണ് മകന്റെ നില്‍പ്പ്. അന്നത്തെ അതേ ബാര്‍കോഴയ്ക്ക് ഇന്നും മാറ്റമില്ലെന്നു മാത്രം. എന്ത് ആദര്‍ശത്തിന്റെ പേരിലാണ് കോണ്‍ഗ്രസ് വിട്ടതെന്ന് മാണി സാര്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം സ്വര്‍ഗത്തിലിരുന്ന് മകനോട് ചോദിച്ചിട്ടുണ്ടാകും. ഈ ബാര്‍ക്കോഴ സര്‍ക്കാരിനെ ചുഴറ്റിയടിക്കുക തന്നെ ചെയ്യും. മദ്യ ഭൂതം പിടികൂടിയ സര്‍ക്കാരിന്റെ ഗതി അധോഗതിയാകും.