മദ്യമില്ലാതെ മലയാളിക്കെന്ത് ആഘോഷം. ഈ അവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് സര്‍ക്കാരാണ്. മദ്യം യഥേഷ്ടം ഒഴുക്കാതെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലയിലേക്ക് കേരളത്തിന്റെ ഖജനാവിനെ എത്തിച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതിന്റെ ഭാഗമായാണ് അധികാരത്തില്‍ വരുന്ന ഏതൊരു സര്‍ക്കാരിന്റെയും എക്‌സൈസ് നയം മദ്യക്കച്ചവടക്കാര്‍ക്ക് അനുകൂലമാകുന്നതും.
സാധാരണക്കാരനെ കുടിപ്പിച്ച് കൊല്ലുന്നതിനു മുമ്പ് അവന്റെ പണമെല്ലാം മദ്യത്തിലൂടെ ഖജനാവിലും പിന്നെ മദ്യ മുതലാളിമാരുടെ പോക്കറ്റിലും എത്തിക്കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ജനങ്ങളുടെ സ്വബോധം നഷ്ടമാക്കി കൊള്ള നടത്തുമ്പോള്‍, മദ്യക്കച്ചവടക്കാര്‍ക്ക് നികുതി പിരിവില്‍ നിന്നും ആശ്വാസവും നല്‍കാന്‍ സര്‍ക്കാര്‍ മറക്കുന്നില്ല.
ബാറുകളില്‍ നിന്നും ലഭിക്കേണ്ട വില്‍പന നികുതിയില്‍, അഥവാ ടേണ്‍ ഓവര്‍ ടാക്‌സ് കൃത്യമായി പിരിച്ചെടുക്കാതെയാണ് ഇതു സര്‍ക്കാരിന്റെ ധനവകുപ്പ് മദ്യക്കച്ചവടക്കാരെ സഹായിച്ചു കൊണ്ടിരിക്കുന്നത്. ഇതുവഴി കോടികള്‍ ചോരുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും, ബാറുടമകള്‍ക്കും, മദ്യ മാഫിയകള്‍ക്കും വേണ്ടിയുള്ള ഇടനിലപ്പണിയാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ ബാറുടമകളും സര്‍ക്കാരുമായുള്ള കണ്ണുപൊത്തിക്കളി ആരംഭിച്ചിരുന്നു. എന്നാല്‍, ഇരുവരും ചേര്‍ന്ന് മത്സരിച്ച് കണ്ണു പൊത്തിയത്, ജനങ്ങളുടേതാണെന്നു മാത്രം. ഇതു സംബന്ധിച്ച കണക്കുകളിലും ധനവകുപ്പ് ഒളിച്ചുകളി തുടങ്ങിയിട്ട് നാളേറെയായി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയിലും കണക്കില്‍ കള്ളം പറയുകയോ, ഒന്നും പറയാതിരിക്കുകയോ ചെയ്തു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാണ് കൂടുതലും ശ്രമിച്ചത്.
2017-18 മുതല്‍ 2022-23 വരെ ബാറുകളില്‍ നിന്ന് ലഭിച്ച ടേണ്‍ ഓവര്‍ ടാക്‌സ് എത്രയെന്ന് റോജി എം. ജോണ്‍ 2023 മാര്‍ച്ച് 6ന് നിയമസഭയില്‍ നക്ഷത്ര ചിഹ്ന്‌നം ഇടാത്ത ഒരുചോദ്യം ചോദിച്ചിരുന്നു. എന്നാല്‍, ചോദ്യം ചോദിച്ച് ഒരു വര്‍ഷം ഖഴിഞ്ഞിട്ടും ബാലഗോപാല്‍ ഇതിന് വാക്കാലോ എഴുതിയോ ഉത്തരം നല്‍കിയിട്ടില്ല. എന്തുകൊണ്ട് ഉത്തരം നല്‍കിയില്ല എന്ന് സ്പീക്കറും ചോദിച്ചിട്ടില്ല. അങ്ങനെ ചോദ്യങ്ങളെല്ലാം നിയമസഭാ തളത്തില്‍ നില്‍ക്കുമ്പോള്‍ത്തന്നെയാണ് രണ്ടാം ബാര്‍കോഴ വിവാദം ഉണ്ടായിരിക്കുന്നതും.
മദ്യക്കച്ചവടക്കാരില്‍ നിന്നും 1000 കോടിയോളം രൂപ ടേണ്‍ ഓവര്‍ ടാക്‌സായി ഒരു വര്‍ഷം ലഭിക്കേണ്ടതാണ്. ഇത് പിരിക്കാതെ ബാറുകാരെ സഹായിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ ഒളിച്ചുകളിച്ചതും ഇതുകൊണ്ടാണെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാനത്തെ ബാറുകളില്‍ നിന്നുള്ള വില്പന നികുതി വരവില്‍ വന്‍ ചോര്‍ച്ചയാണ് സംഭിവിക്കുന്നതെന്ന് ധനകാര്യ വിദഗ്ദ്ധര്‍ നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്.
സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍ മദ്യവില്പനയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന വില്പന നികുതി ( ടേണ്‍ ഓവര്‍ ടാക്‌സ് ) നിലവില്‍ വില്പനയുടെ 10 ശതമാനമാണ്. സംസ്ഥാനത്തെ ബെവ്‌കോ വെയര്‍ഹൗസുകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന്‍മേല്‍ കയറ്റിയിറക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലാഭം എന്നിവ കൂടി ചേര്‍ന്ന തുകയാണ് വിറ്റ് വരവായി വന്ന് ചേരുന്നത്. ഇതിന്‍മേലാണ് ടേണ്‍ ഓവര്‍ ടാക്‌സ് ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്.
എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ബാര്‍ ഹോട്ടലുകളില്‍ നിന്നുള്ള വില്പന നികുതി പിരിക്കുന്നതില്‍ അവംഭാവം കാണിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. അതേസമയം, 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്താകെ 29 ബാര്‍ ഹോട്ടല്‍ ലൈസന്‍സേ ഉണ്ടായിരുന്നുള്ളൂ. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തിലെ ബാറുകള്‍ 748 ല്‍ നിന്ന് 29 ആയി കുറച്ചിരുന്നു.
എന്നാല്‍ 2017 ജൂണോടുകൂടി LDF സര്‍ക്കാര്‍ മദ്യനയം തിരുത്തുകയും ബാര്‍ ലൈസന്‍സിന് പ്രതിവര്‍ഷം 30 ലക്ഷം രൂപാ വീതം സ്വീകരിച്ച് 665 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി 2023 മുതല്‍ ലൈസന്‍സ് ഫീ 35 ലക്ഷമാക്കുവാനായിരുന്നു ഇടതുമുന്നണിയുടെ തീരുമാനം.
എന്നാല്‍ 2016 വരെ കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി ഒടുക്കാത്ത ബാര്‍ ഹോട്ടലുകളില്‍ എല്ലാ വര്‍ഷങ്ങളിലും നിര്‍ബന്ധിത ഇന്റലിജന്‍സ് പരിശോധന നടത്തുകയും ബാര്‍ ഹോട്ടലുകള്‍ മദ്യം പെഗ്ഗ് അളവില്‍ വില്‍ക്കുമ്പോള്‍ വാങ്ങുന്ന വിലയില്‍ അടങ്ങിയിരിക്കുന്ന ലാഭ ശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളില്‍ കാണിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുകയും വെട്ടിപ്പ് ബോധ്യപ്പെട്ടാല്‍ പിഴ ഇടുകയും ബന്ധപ്പെട്ട നികുതി നിര്‍ണ്ണയ അധികാരിക്ക് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു.
നികുതി നിര്‍ണ്ണയം നടത്തുമ്പോള്‍ ഈ ലാഭ ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് കണക്കാക്കുവാനുള്ള അളവ് കോലായും ഉപയോഗിച്ച് പോന്നു. എന്നാല്‍ 2017 ന് ശേഷം ഇത്തരം പരിശോധനകള്‍ ഒഴിവാക്കി ബാറുകാര്‍ തയ്യാറാക്കി കൊടുത്തിരുന്ന കണക്കുകള്‍ അംഗീകരിച്ച് നികുതി നിര്‍ണ്ണയം നടത്തി നല്‍ക്കാന്‍ നികുതി നിര്‍ണ്ണയ അധികാരി നിര്‍ബന്ധിതമായി. ഭൂരിഭാഗം ബാര്‍ ഹോട്ടലുകളും നികുതി റിട്ടേണുകള്‍ സമയബന്ധിതമായി ഫയല്‍ ചെയ്യുന്നില്ല എന്ന സത്യം നിലനില്‍ക്കുന്നുമുണ്ട്.
ഇവര്‍ക്കെതിരെ യാതൊരുവിധ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ മുതിരുന്നില്ല. ഇതിനെല്ലാം വേണ്ട ഒത്താശ ചെയ്യുകയാണ് നികുതി വകുപ്പ് മേധാവികള്‍. ഇത് മൂലം സംസ്ഥാനത്തെ ബാറുകളില്‍ നിന്നുള്ള വില്പന നികുതി വരവില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടാകുന്നത്.