കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറില്‍ കൃഷിചെയ്താല്‍ ആറുലക്ഷം വരെ വരുമാനമുണ്ടാക്കാം. വിളവെടുപ്പു കാത്തിരുന്നു മുഷിയുമെന്നും പേടിവേണ്ട. വെറും ഏഴുമാസം മതി കൂവ കാശാകാന്‍. വളപ്രയോഗമോ ജലസേചനമോ വേണ്ട എന്നതും പ്രത്യേകതയാണ്.
മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാന്‍ അത്യപൂര്‍വ ശക്തി. കരീബിയക്കാരുടെ ഭാഷയില്‍ ആരു ആരു ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതില്‍ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്.
നല്ലചൂടും ഹുമിഡിറ്റിയും ആണ് കൂവകൃഷിക്ക് അനുയോജ്യം. അന്തരീക്ഷ ഊഷ്മാവ് 20-30 ഡിഗ്രിയും വർഷംതോറും 1500-2000 മില്ലിമീറ്റർ മഴയും ലഭിക്കുന്ന കേരളത്തിലെ മണ്ണും കൂവകൃഷിക്ക് അനുയോജ്യമാണ് എന്നതാണ് കൂവകൃഷിയുടെ വേര് കേരളത്തിൽ പടർത്താൻ കർഷകർക്ക് സഹായമാകുന്നത്. നല്ല ഇളക്കമുള്ള നിർവാർച്ചയും വളക്കുറുമുള്ള പശിമരാശിമണ്ണാണ് കൂവകൃഷിക്ക് അനുയോജ്യം.
തനിവിളയായോ ഇടവിളയായോ കൂവ കൃഷിചെയ്യാം. കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ പശിമരാശിമണ്ണിൽ ഇത് നന്നായി വളരും. കിഴക്കൻ മലമ്പ്രദേശങ്ങളിലെ ചുവന്ന നീർവാർച്ചയുള്ള മണ്ണിലും കൂവ നന്നായി വളരും.