കരിമ്പിന്‍ നിന്നു പഞ്ചസാര ഉത്പാദിപ്പിക്കുന്ന കാര്യം നമുക്കെല്ലാമറിയാം. എന്നാല്‍ കിഴങ്ങു വര്‍ഗത്തില്‍പ്പെട്ടൊരു വിളയില്‍ നിന്നും പഞ്ചസാര ഉത്പാദിപ്പിക്കുന്ന കാര്യം മലയാളിക്ക് അത്ര പരിചിതമായേക്കില്ല. ഷുഗര്‍ ബീറ്റ് എന്ന വിളയാണ് പഞ്ചസാര നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില്‍ നമ്മുടെ മധുരക്കിഴങ്ങിനോടും കാരറ്റിനോടുമെല്ലാം സാമ്യമുണ്ട് ഷുഗര്‍ ബീറ്റിന്. രാജസ്ഥാന്‍, മഹാരാഷഷ്ട്ര, ഉത്തരപ്രദേശ്, കാശ്മീര്‍ എന്നിവടങ്ങളില്‍ വന്‍തോതില്‍ ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്നു.
പഞ്ചസാര അടങ്ങിയ വേരുകള്‍
ചെടിയില്‍ നട്ട് ഒന്നാം വര്‍ഷം വേരുകളും ഇലകളും ഉണ്ടാകുന്നു. രണ്ടാം വര്‍ഷം പുഷ്പിച്ച് വിത്തുമുണ്ടാകും. വിത്തുകളില്‍ നിന്നുള്ള വെളുത്ത വേരുകളാണ് പഞ്ചസാര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 15 മുതല്‍ 16 ശതമാനം വരെ പഞ്ചസാര വേരുകളില്‍ അടങ്ങിയിട്ടുണ്ട്. തണുപ്പ് കാലാവസ്ഥയുള്ള സ്ഥലങ്ങളിലാണ് ഷുഗര്‍ ബീറ്റ് കൃഷി ചെയ്യാന്‍ ഉത്തമം. ഒക്‌റ്റോബര്‍ – മേയ് മാസങ്ങളില്‍ കൃഷി ആരംഭിക്കാം.
നീര്‍വാര്‍ച്ചയുള്ള, മണല്‍ കലര്‍ന്ന മണ്ണിലും ഉയര്‍ന്ന ക്ഷാരത്വമുള്ളമണ്ണിലും ഷുഗര്‍ ബീറ്റ് നന്നായി വളരും. മണ്ണില്‍ വെള്ളക്കെട്ടുണ്ടാകാതെ സൂക്ഷിക്കണം. തണുപ്പ് കാലാത്ത് കരിമ്പിനോടൊപ്പം ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്ന പതിവുമുണ്ട്. നന്നായി ഉഴുതുമറിച്ച കൃഷിസ്ഥലത്ത് 15 സെന്റിമീറ്റര്‍ ഉയരവും 50 സെന്റിമീറ്റര്‍ അകലമുള്ള വരമ്പുകളില്‍ 2.5 സെന്റിമീറ്റര്‍ ആഴത്തില്‍ വിത്ത് വിതയ്ക്കാം. മണ്ണ് ചെറുതായി നനച്ചതിന് ശേഷം നടുന്നതാണ് ഉത്തമം. ഒക്ടോബര്‍ നവംബറിലാണ് വിതയ്ക്കുവാന്‍ പറ്റിയ സമയം. തൈകള്‍ തമ്മില്‍ 20 സെന്റിമീറ്റര്‍ അകലം ക്രമീകരിക്കുന്നതാണ് നല്ലത്.
നന അത്യാവശ്യം
20 ദിവസത്തിന്റെ ഇടവേളകളില്‍ ചെടികള്‍ നനയ്ക്കണം. ചെടികള്‍ വാടാത്ത വിധത്തില്‍ നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കീടങ്ങളും രോഗണുക്കളും ഷുഗര്‍ ബീറ്റിനെ അധികം ആക്രമിക്കാറില്ല. മാര്‍ച്ച്, മേയ് മാസങ്ങളിലാണ് ഷുഗര്‍ ബീറ്റ് വിളവെടുക്കുന്നത്. ഇവയുടെ വേരുകള്‍ സംസ്‌കരിച്ച ശേഷം കന്നുകാലിത്തീറ്റ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കേരളത്തില്‍ എവിടെയും ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്നതായി അറിയില്ല. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്ക് ഏറെ ലാഭം നേടി കൊടുക്കുന്ന വിളയാണിത്. കേരളത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ ഷുഗര്‍ ബീറ്റ് കൃഷി പരീക്ഷിക്കാം