കൊടും വേനലില്‍ വെന്തുരുകിയതിനു പിന്നാലെ വേനല്‍ മഴ ദുരിതം വിതയ്ക്കാന്‍ വീണ്ടും എത്തിയതോടെ ജീവനും കൈയ്യില്‍പ്പിടിച്ച് ജനങ്ങള്‍ പരക്കം പായുകയാണ്. മലയോര ജില്ലകളില്‍ ഉരുള്‍ പൊട്ടലും, വെള്ളക്കെട്ടും രൂക്ഷമായിരിക്കുകയാണ്. വെള്ളക്കെട്ടെന്നു പറഞ്ഞാല്‍, അരയോളം വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഘവിസ്‌ഫോടനം സംഭവിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ കേരളത്തിലെ 44 നദികളും നിറഞ്ഞൊഴുകിത്തുടങ്ങി. അടിയൊഴുക്കും കയങ്ങളും സജീവമായിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 6 പേരുടെ ജീവന്‍ മഴയെടുത്തു. രണ്ടുപേരെ കാണാതായിട്ടുണ്ട്.

അതിനിടയില്‍ അദ്ഭുതവും ഭാഗ്യവും കൊണ്ട് ജീവിതത്തിലേക്ക് എത്തിയ പുത്തൂര്‍ സ്വദേശിനി ശ്യാമളയമ്മയാണ് ഇത്തവണത്തെ മഴ താരമായത്. 10 കിലോമീറ്റര്‍ കല്ലടയാറിന്റെ ഒഴുക്കില്‍പ്പെട്ട് ജീവനോടെ തിരികെയെത്തിയാണ് അവര്‍ താരമായത്. എന്നാല്‍, ഇനി വരാനിരിക്കുന്ന ദിവസങ്ങളില്‍ പെയ്യുന്നത് മരണമഴയാകാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ശക്തമായി എടുക്കേണ്ടതുണ്ട്. ഉരുള്‍പൊട്ടല്‍ എന്ന പ്രകൃതി ക്ഷോഭം ഇല്ലാതാക്കുന്നത്, ഒരു ഭൂ പ്രദേശത്തെ ആകെയാണ്. ഒന്നും അവശേഷിപ്പിക്കാതെ സംഹാര താണ്ഡവമാടുന്ന ഉരുള്‍ പൊട്ടല്‍ എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും.

എന്നാല്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളം വേനല്‍ക്കാലത്തും മഴക്കാലത്തും ദുരന്തഭൂമിയായി മാറുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്താണ് ഉരുള്‍ പൊട്ടല്‍, എപ്പോഴാണ് ഉരുള്‍ പൊട്ടുന്നത്, എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്, എന്താണ് അതിന്റെ ഇംപാക്ട് എന്നിങ്ങനെ നിരവധി സംശയങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നു നില്‍പ്പുണ്ട്. ഈ സംശയങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമോ എന്ന അന്വേഷണമാണ് നടത്തുന്നത്.

? എന്താണ് ഉരുള്‍ പൊട്ടല്‍
കനത്ത മഴ പെയ്യുമ്പോള്‍ സംഭരണശേഷിയില്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടുന്നതിനുസരിച്ച് മണ്ണിനിടയില്‍ മര്‍ദ്ദം വര്‍ധിക്കുന്നു. മര്‍ദ്ദത്തിന്റെ ഫലമായി ശക്തിയായി ജലം പുറത്തേക്ക് ഒഴുകും. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്ഥലങ്ങളും നശിക്കും. ചെങ്കുത്തായ മലകളും, ചരിവുകളും 70 ശതമാനമുള്ള നാടാണ് കേരളം. ഭൂപ്രകൃതി ഇങ്ങനെയുള്ള സ്ഥലങ്ങില്‍ കനത്ത മഴ ഉണ്ടായാല്‍ സ്വാഭാവികമായും മണ്ണിടിച്ചില്‍ ഉണ്ടാകും പക്ഷെ അത് ചെറിയ തോതില്‍ ആയിരിക്കുമെന്ന് മാത്രം.

എന്നാല്‍, ഉരുള്‍ പൊട്ടല്‍ നടക്കുന്നത് അതീവ സാന്ദ്രമായ കറു കറുത്ത കാര്‍മേഘങ്ങള്‍ മലമുകളില്‍ തട്ടി അതി വേഗം വെള്ളമായി മാറുന്നു. മേഘത്തില്‍ നിന്നുള്ള വെള്ളമെല്ലാം ഏകദേശം 1000-2000 ചതുരശ്ര അടി (ഒരു വീടിന്റെ വലിപ്പം) വിസ്തീര്‍ണ്ണമുള്ള ഒരു വളരെ ചെറിയ പ്രദേശത്ത് പതിക്കുന്നു. വലിയ അളവിലുള്ള ഈ വെള്ളം കുതിച്ചൊഴുകി മലയുടെ അടിവാരത്തുള്ള തോട്ടില്‍ ചേരുന്നു. ഈ വെള്ളപ്പാച്ചിലിന്റെ വഴിയിലുള്ള സകലതും അതില്‍ ഒഴുകിപ്പോകുന്നു. ഇതാണ് കേരളത്തിലെ ഉരുള്‍ പൊട്ടല്‍. മേഘം ഉയരത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഉരുള്‍ പൊട്ടല്‍ എപ്പോഴും കുന്നിന്‍ മുകളില്‍ നടക്കുന്നു. അതായതു കേരളത്തിലെ ഉരുള്‍പൊട്ടല്‍ വെള്ളപ്പാച്ചിലാണ്. മലയാളി വിദഗ്ധര്‍ പറയുന്ന പോലെ മണ്ണോ ചെളിയോ ഒഴുകുന്നതല്ല.

ശക്തമായ മഴ ഏതെങ്കിലും ലോലമായ സഥലത്ത് കൂടുതല്‍ ബാധിക്കും. കനത്ത മഴയില്‍ മലകളിലെ സംഭര ശേഷിയില്‍ കൂടുതല്‍ ജലം ഉള്ളില്‍ എത്തുന്നു. പാറകള്‍ മണ്ണുമായി നല്ല ഉറപ്പാണെങ്കില്‍ ജലം സാവധാനം ഭൂമിയിലേക്കു തന്നെ ഇറങ്ങും. എന്നാല്‍ പാറപൊട്ടിച്ചും, മണ്ണുമാന്തിയും ഉറപ്പ് നഷ്ട്ടപ്പെട്ട മലകളുടെ ഏറ്റവും ലോലമായ ഭാഗത്തുകൂടി ജലം ശക്തിയായി പുത്തേക്കു വരുന്നു. അടിവശത്തുനിന്നും ഉണ്ടാകുന്ന മണ്ണിടിച്ചില്‍ കാരണം മലകളുടെ മുകള്‍ ഭാഗം മൊത്തമായും ഒലിച്ചു താഴേക്ക് വരുന്നു. മലകള്‍ക്കുള്ളില്‍ വലിയ പാറകളും, കല്ലുകളും, മണ്ണും, ജലവും ഉണ്ടാകും. ഇതിനെ ഉരുള്‍ പൊട്ടല്‍ എന്ന് പറയുന്നു.

? കാരണങ്ങള്‍, ? കേരളത്തിലെ സാഹചര്യങ്ങള്‍
ചരിവുകളുടെ സംതുലനാവസ്ഥയ്ക്ക് മാറ്റം വരുന്നതാണ് ഉരുള്‍ പൊട്ടലിന് ഏറ്റവും പ്രധാന കാരണം. ചരിവിന്റെ മുകള്‍ഭാഗത്ത് ഭാരം കൂടുന്നതോ, അടിഭാഗത്തെ വസ്തുക്കള്‍ നീക്കം ചെയ്യപ്പെടുന്നതോ ഇതിനു വഴിവെയ്ക്കും. നല്ല കനത്തില്‍ മേല്‍മണ്ണ് ഉള്ള പ്രദേശങ്ങളിലെ ചരിവുകളില്‍ വെള്ളം ഊര്‍ന്നിറങ്ങി, ആ പ്രദേശമാകെ താഴേക്ക് നീങ്ങുന്നതാണ് മിക്കപ്പോഴും സംഭവിക്കുന്നത്. മഴയാണ് മിക്കവാറും തുടക്കം കുറിക്കുന്ന പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നത്. മണ്ണിലെ കളിമണ്ണിന്റെ അംശം ഒരു പ്രധാന ഘടകമാണ്. ഒരു പരിധിക്ക് അപ്പുറം ജലം നിറഞ്ഞാല്‍ കളിമണ്ണ് പാളി താഴേക്ക് പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നത്, ആ പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളുമാണ്.

അത്യാവശ്യം ഉയരവും ചരിവുമുള്ള മലനിരകള്‍, വര്‍ഷകാലത്തെ മഴ, അരുവികള്‍, ചിലതരം കൃഷി രീതികള്‍ കൊണ്ട് കൂടുതലായി ഇളകുന്ന മണ്ണ്, ഖനനം, ക്വാറികള്‍ എന്നിവ കൊണ്ട് ഉണ്ടാകുന്ന കമ്പനങ്ങള്‍, ചരിവുകളില്‍ ഉണ്ടാക്കുന്ന നിര്‍മ്മിതികള്‍ എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങള്‍, ഓരോ പ്രദേശത്തും വ്യത്യസ്ത അളവില്‍ കേരളത്തില്‍ ഉണ്ട്. കേരളത്തിന്റെ ജലഗോപുരം എന്നു പശ്ചിമഘട്ടത്തെ വിളിക്കാന്‍ പ്രാപ്തമാക്കുന്ന, വനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ മലനിരകള്‍, ഇടനാട്ടിലെ കുന്നുകള്‍ എന്നിവയാണ് ഉരുള്‍പൊട്ടലിന്റെയും പ്രാരംഭ സ്ഥാനങ്ങള്‍. ഇവിടങ്ങളിലെ ചരിവുകള്‍ വിവിധ കാരണങ്ങളാല്‍ അസ്ഥിരപ്പെടുന്നതാണ് മുഖ്യ കാരണം.

നിര്‍മ്മാണം, കൃഷി, ഖനനം എന്നിവ വഴി ഇളകിനില്‍ക്കുന്ന മണ്ണും പാറയും മഴയുടെ വരവോടെ വിവിധ രൂപത്തില്‍ താഴോട്ടു പതിക്കുന്നതാണ് ഉരുള്‍പൊട്ടല്‍. മിക്കവാറും നദികളുടെ തുടക്കവും ഇവിടങ്ങളിലാണ്. വനപ്രദേശങ്ങളിലും, ആഴത്തില്‍ മേല്‍മണ്ണിന്റെ സാന്നിധ്യം ഉള്ളയിടങ്ങളിലും മഴവെള്ളം ഭൂഗര്‍ഭ ജലമായി കൂടി ശേഖരിക്കപ്പെടുന്നു. അല്ലാത്ത പ്രദേശങ്ങളില്‍ ഇത് സ്വാഭാവികമായി രൂപം കൊണ്ട ചാലുകളിലൂടെ താഴേക്കു ഒഴുകും. ഈ ചാലുകള്‍ തടസ്സപ്പെട്ടാല്‍, മഴയുടെ തോതിനനുസരിച്ചു ഉരുള്‍പൊട്ടല്‍ സാധ്യതയും വര്‍ധിക്കുന്നു. വനപ്രദേശങ്ങളിലെ കൂടുതല്‍ വേരുപടലമുള്ള മരങ്ങള്‍ മുറിച്ചുമാറ്റി നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ ആരംഭിക്കുമ്പോള്‍, മണ്ണ് കൂടുതലായി ഇളകുകയും, സാഹചര്യം ഒത്തു വരുമ്പോള്‍ താഴേക്ക് ഒഴുകുകയോ പതിക്കുകയോ ചെയ്യുന്നു.

ഇങ്ങനെ മണ്ണും പാറയും ഇളകാനുള്ള മറ്റൊരു കാരണമാണ് ഖനനം. സ്ഫോടനം കൊണ്ടുള്ള കമ്പനങ്ങള്‍, ദുര്‍ബലമായ പാറയും മണ്ണും താഴേക്കു പതിക്കാനുള്ള മുന്നൊരുക്കങ്ങളായി വര്‍ത്തിക്കുന്നു. അപ്പപ്പോള്‍ തന്നെ താഴേക്കു പതിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഇതിനെ ഖനനത്തിന്റെ പ്രത്യാഘാതമായി കണക്കാക്കാതിരിക്കാനാവില്ല. ചരിവുകളെ വേണ്ടത്ര മനസ്സിലാക്കാതെ നടത്തുന്ന നിര്‍മാണങ്ങള്‍, ഇതിനായി നടത്തുന്ന പൈലിങ് പോലുള്ള പ്രവൃത്തികള്‍ എന്നിവയും ചരിവുകളെ ദുര്‍ബലപ്പെടുത്തുകയും ഉരുള്‍പൊട്ടലിന്റെ വിവിധ രൂപങ്ങള്‍ക്കു വഴിവെക്കുകയും ചെയ്യുന്നു.

? ക്വറികള്‍ ഉരുള്‍പൊട്ടലിന് കാരണമോ
ക്വാറികള്‍ ഉരുള്‍ പൊട്ടലുണ്ടാക്കാന്‍ കാരണമാകുന്ന ഘടകമാണ്. പാറകള്‍ വലിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുപൊട്ടിക്കുമ്പോള്‍ ആ പറയുടെ രണ്ടകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പാറകളിലും അതിന്റെ ശക്തമായ തരംഗങ്ങള്‍ എത്തുന്നു. ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ പാറക്കു മുകളിലെ മണ്ണുമായുള്ള പിടുത്തം കുറയുന്നു. അടിമണ്ണിന് ഇളക്കംതട്ടി മഴവെള്ളവുമായി ചേര്‍ന്ന് ബലമില്ലാതാകുന്നതോടെ മുകളിലെ പാറയും മണ്ണുമെല്ലാം താഴേയ്ക്ക് ഒഴുക്കുന്നു. അതുകൊണ്ടാണ് മഴകകാലങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്നത്.

? മനുഷ്യന്റെ ആവശ്യങ്ങള്‍
എല്ലാം നമ്മള്‍ മറ്റുള്ളവയുടെ മേല്‍ പഴിചാരിയിട്ടു കാര്യമില്ല. നമ്മുടെ വീടുകള്‍, സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍, ഓഫിസുകള്‍, ചുറ്റു മതിലുകള്‍ ഇവ ഉണ്ടാക്കാന്‍ വേണ്ടി തറ കെട്ടിയിരിക്കുന്നതും, വീടിന്റയും മറ്റ് നിര്‍മ്മിതികളുടെയും മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ ഉപയോഗിച്ച മെറ്റല്‍, പാറപ്പൊടി ഇവയും ഏതെങ്കിലും ക്വറിയില്‍ നിന്നും പൊട്ടിച്ചെടുത്ത പാറകള്‍ കൊണ്ടാണ്. ഒരു പാട് നിര്‍മ്മിതികള്‍ നിര്‍മ്മിച്ചിട്ടുള്ള വെട്ടുകല്ലുകള്‍ ചെത്തി മിനുക്കിയെടിത്തതും ഏതോ മലകള്‍ ഇല്ലാതാക്കി ആണ്. അതിനാല്‍, ദുരന്തങ്ങള്‍ക്കു കാരണം മനുഷ്യരുടെ നിലയ്ക്കാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ്.

? എങ്ങനെ പ്രതിരോധിക്കാം
മലയോര പ്രദേശങ്ങളില്‍ അഴുക്ക് ചാലുകള്‍ രൂപീകരിക്കുക.
നഷ്ടപ്പെട്ടു പോയ മരങ്ങള്‍ വീണ്ടെടുക്കുക.
പുല്‍മേടുകള്‍ നശിപ്പിക്കാതിരിക്കുക.
ബോധവല്‍ക്കരണം നല്‍കുക. സുസ്ഥിര വികസനം നടപ്പാക്കുക.
പദേശങ്ങള്‍ക്ക് അനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിര്‍മ്മാണങ്ങള്‍ കരുതലോടെ നടത്തുക.

ഈ പ്രദേശങ്ങളില്‍ മഴക്കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക.
22 ഡിഗ്രിക്കു മുകളില്‍ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യത കൂടുതല്‍.
മണ്ണിടിച്ചു നീക്കുന്നതും പാറകള്‍ പൊട്ടിച്ചെടുക്കുന്നതും ഉരുള്‍പൊട്ടലിനു കാരണമാകും.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ കരുതല്‍ നടപടി സ്വീകരിക്കുക.

24 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണണം.
മലയടിവാരത്തും മലമുകളിലും കുന്നിന്‍ചെരിവുകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേകിച്ചും.
ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുണ്ട്.
നീര്‍ച്ചാലുകള്‍ വൃത്തിയാക്കുകയാണ് ഉരുള്‍പൊട്ടല്‍ തടയാന്‍ പ്രധാന മാര്‍ഗം.

മഴവെള്ളം പുറത്തേക്കൊഴുകാന്‍ കഴിയാതെ മണ്ണില്‍നിന്നു ശക്തിയായി പുറന്തള്ളുമ്പോഴാണ് ഉരുള്‍പൊട്ടുന്നത്.
മലയടിവാരത്തോടു ചേര്‍ന്നുള്ള ചെറിയ കൈത്തോടുകളും നീര്‍ച്ചാലുകളും ആഴം കൂട്ടി വൃത്തിയാക്കണം.
മഴക്കാലമാവുമ്പോള്‍ ഇടുക്കിയില്‍ ഓരോ ദിവസവും ഓരോ പുതിയ വെള്ളച്ചാട്ടങ്ങളാണു സൃഷ്ടിക്കപ്പെടുന്നത്.
മഴക്കാല ടൂറിസത്തിനെത്തുന്നവര്‍ വെള്ളച്ചാട്ടങ്ങളെ ഒഴിവാക്കണം. സഞ്ചാരികള്‍ സൂക്ഷിക്കുക.

? ഉരുള്‍പൊട്ടല്‍ മൂന്നുതരം
മലഞ്ചരിവുകള്‍ക്കു ഉണ്ടാകുന്ന തകര്‍ച്ചയും (slope failure), അതിന്റെ തുടര്‍ച്ചയായി കല്ലും മണ്ണും മറ്റും ഇതിലൂടെ താഴേക്കു പതിക്കുന്നതുമാണ് ഉരുള്‍ പൊട്ടല്‍ എന്ന് അറിയപ്പെടുന്നത്. ഇത് പ്രധാനമായും 3 തരത്തിലാണ് ഉള്ളത്. ഫ്ളോ (flow)-സ്ലൈഡ് / സ്ലംപ് ( slide/ slump)-ഫാള്‍ (fall) എന്നിവയാണ്.
1. FLOW: പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ചരിവിന്റെ മുകളില്‍ നിന്നും ഇളകിയ വസ്തുക്കള്‍ ഒന്നാകെ താഴോട്ടു ഒഴുകുന്ന പ്രക്രിയയാണ് ഇത്. മണ്ണ് മാത്രം ഉള്ളപ്പോള്‍ ഇതിനെ ഏര്‍ത് ഫ്ളോ എന്നും, എല്ലാം കൂടി ഒഴുകുമ്പോള്‍ ഡെബ്രിസ് ഫ്ളോ (Debris flow) എന്നും പറയുന്നു.
2. SLIDE/SLUMP: നിയതമായ ഒരു പ്രതലത്തിലൂടെ വസ്തുക്കള്‍ താഴോട്ടു തെന്നി നീങ്ങുന്നതിനെ സ്ലൈഡ് അല്ലെങ്കില്‍ ട്രാന്‍സ്ലേഷണല്‍ സ്ലൈഡ് (translational slide) എന്നാണ് വിളിക്കുന്നത്. ഈ നീക്കം വക്രാകൃതിയിലാണ് എങ്കില്‍ ഇതിനെ rotational slide അല്ലെങ്കില്‍ സ്ലംപ് എന്നു പറയുന്നു.
3. FALL: പാറകളും മറ്റും ഉയരത്തു നിന്നും താഴേക്ക് വീഴുന്ന പ്രക്രിയയാണ് ഇത്. റോക്ക് ഫാള്‍, ഡെബ്രിസ് ഫാള്‍, ടോപ്പിള്‍ എന്നിങ്ങനെ വേറെ വേറെ പേരിലും ചെറിയ വ്യത്യാസം ഉള്ള ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുണ്ട്.

? കേരളത്തിന്റെ ഭൂപ്രകൃതിയും ഭൂഘടനയും
ഒരു സംസ്ഥാനമാകെ മൂന്ന് തട്ടുകളായി സ്ഥിതി ചെയ്യുന്ന സവിശേഷ ഭൂപ്രകൃതിയാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്. ഏതാണ്ട് പൂര്‍ണ്ണമായും പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന മലനാട്, ചെറിയ കുന്നുകള്‍ ഉള്‍പ്പെടുന്ന ഇടനാട്, കായലും കടലും ഉള്‍പ്പെടുന്ന തീരപ്രദേശവും. ഈ കേരളമാകെ ആവിര്‍ഭവിച്ചത് പശ്ചിമഘട്ടത്തിന് ശേഷമാണ് എന്നു പറഞ്ഞാല്‍ അതാണ് ശരി. ഇന്ത്യ ഗോണ്ട്വാനാലാന്റില്‍ നിന്നും വേര്‍പെട്ട് വടക്കോട്ടുള്ള പ്രയാണത്തിനിടയിലാണ് ഡെക്കാന്‍ ബസാള്‍ട് ഭൂവല്‍ക്കത്തിനു പുറത്തു വ്യാപകമായി പരക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പശ്ചിമഘട്ടമായി കാണുന്ന പ്രദേശം ഉയരാന്‍ തുടങ്ങുകയും (uplift) അതോടൊപ്പം തന്നെ ഉയര്‍ന്ന ഭൂഭാഗത്തിന്റെ പടിഞ്ഞാറു വശം, വേര്‍പെടാനും കടലിലേക്ക് ഇടിഞ്ഞു പോകാനും ആരംഭിച്ചു (rifting and downwarping). ഇതിന്റെ ഭാഗമായി കിഴക്കോട്ടൊഴുകിയിരുന്ന നദികളുടെ ഖാദന പ്രക്രിയകള്‍ക്കു ആക്കം കൂടുകയും കിഴക്കന്‍ തീരത്തു ധാരാളം ഡെല്‍റ്റകള്‍ ഉണ്ടാവുകയും ചെയ്തു.

പടിഞ്ഞാറന്‍ ഭാഗത്തെ പ്രക്രിയകള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. കടല്‍ അവസാദങ്ങള്‍ നിക്ഷേപിക്കാനാരംഭിച്ചു. കിഴക്കോട്ടൊഴുകിയിരുന്ന നദികള്‍ ചിലതു വെള്ളച്ചാട്ടങ്ങള്‍ക്കു രൂപം കൊടുത്തുകൊണ്ടു, പടിഞ്ഞാട്ട് ഒഴുകാന്‍ (river piracy) തുടങ്ങുകയും അപക്ഷയ പ്രക്രിയകള്‍ ആരംഭിക്കുകയും ചെയ്തു. (ഉദാ: ശരാവതിയിലെ ജോഗ് വെള്ളച്ചാട്ടം. ഭാരതപുഴപോലും, കിഴക്കോട്ട് ഒഴുകിയിരുന്ന, ഇന്നത്തെ അമരാവതി നദിയുടെ പ്രാഗ് രൂപമായ (Proto Amaravathi) ഒരു നദിയെ ഇത്തരത്തില്‍ ദിശ മാറ്റിയതില്‍ നിന്നും ഉണ്ടായതാണെന്ന ഒരു നിഗമനവും നിലവിലുണ്ട്). ഇതിനിടക്ക് ഭൂമിയാകെ മഞ്ഞു മൂടികിടന്ന കാലമുണ്ടായി. കടല്‍ കയറുകയും ഇറങ്ങുകയും ചെയ്തു. ഇങ്ങനെ ദശലക്ഷ കണക്കിന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന കേരളം.

? കാലാവസ്ഥാ വ്യതിയാന പശ്ചാത്തലം
സാധാരണ നിലയില്‍ മഴ പെയ്തിരുന്ന കാലത്തും കേരളത്തില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് ഭൂവിനിയോഗത്തില്‍ വന്ന കാര്യമായ മാറ്റവും കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള മഴയിലെ വ്യത്യാസവും വലിയ ആശങ്കയുണ്ടാക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനം വരുത്തിവെയ്ക്കുന്ന ദുരന്തങ്ങളും അവ ലഘൂകരിക്കാന്‍ അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളും സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ട സന്ദര്‍ഭം കൂടിയാണിത്.
















