മേയ് മാസത്തില്‍ കണ്ട രണ്ടു മനോഹര വാര്‍ത്ത, മത സൗഹാര്‍ദ്ദത്തിന്റെ മികച്ച മാതൃകയായി വിലയിരുത്താന്‍ കഴിയുന്ന രണ്ടു വാര്‍ത്തകള്‍. ഒന്ന് വടക്ക് ജമ്മു കാശ്മീരില്‍ നിന്നും മറ്റേത് ഇങ്ങ് തെക്ക് തമിഴ്‌നാട്ടില്‍ നിന്നും. മതത്തിന്റെ പേരില്‍ വമ്പന്‍ ദ്രുവീകരണം നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനസിനു സന്തോഷം നല്‍കുന്ന പോസീറ്റിവ് വാര്‍ത്ത നല്‍കുന്നത് ഉഗ്രന്‍ എനര്‍ജിയാണ്.
തമിഴ്‌നാട്ടില്‍ നിന്നും വന്ന ആ വാര്‍ത്ത ഏറ്റെടുത്ത സോഷ്യല്‍ മീഡിയ, സംഭവം വൈറലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്‍കിയ മുസ്ലീം സമുദായത്തിന്റെ നടപടിയാണ് വ്യാപക പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്ത വാര്‍ത്ത മതസൗഹാര്‍ദ്ദത്തിന് പുത്തന്‍ വഴിയാണ് വെട്ടിതെളിച്ചിരിക്കുന്നത്. തിരുപ്പൂര്‍ ജില്ലയിലെ കാങ്കയം പടിയൂരിനടുത്തുള്ള ഒറ്റപ്പാളയത്ത് ഈമാസം 26 ന് തുറന്ന ഗണപതി ക്ഷേത്രത്തിന് വേണ്ടിയാ RMJ റോസ് ഗാര്‍ഡന്‍ ജമാഅത്ത് പള്ളിയിലെ പ്രാദേശിക മുസ്ലീം നിവാസികള്‍ ഒത്തുചേര്‍ന്ന് ഒരു ക്ഷേത്രത്തിന് സ്ഥലം നല്‍കിയത്. തിരുപ്പുരിലെ ഈ പ്രദേശം മുസ്ലീം സമുദായംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്.
ആറു ലക്ഷം രൂപയോളം വിലമതിക്കുന്ന സ്ഥലം ദാനം ചെയ്ത നടപടി ദി ഹിന്ദു ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുസ്ലിം സമുദായാംഗങ്ങള്‍ ഘോഷയാത്രയായി എത്തി ഏഴ് പാത്രങ്ങളില്‍ പഴങ്ങളും പൂക്കളും മറ്റ് സാധനങ്ങളും കൊണ്ടു വന്ന് പരമ്പരാഗത ‘സീര്‍വരിശായി’ വഴിപാട് നടത്തി ക്ഷേത്രോദ്ഘാടനത്തില്‍ പങ്കാളികളായി. 300 ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് സ്ഥിരമായി ആരാധന നടത്തുന്നതിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ല എന്നറിഞ്ഞാണ് ഈ നടപടി. ഇതോടെ RMJ റോസ് ഗാര്‍ഡന്‍ മുസ്ലീം പള്ളിയിലെ അംഗങ്ങള്‍ 6 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം സംഭാവന നല്‍കി. ഉദ്ഘാടന വേളയില്‍, സമൂഹസദ്യയായ അന്നദാനത്തിനായി മുസ്ലീം നിവാസികള്‍ 30,000 രൂപ സംഭാവന നല്‍കി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയില്‍ ഇരു സമുദായങ്ങളിലെയും കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം പങ്കെടുത്തു. മാലയിട്ട് സ്വീകരിച്ച മുസ്ലിം അംഗങ്ങള്‍ക്ക് അഗ്‌നികുണ്ഡത്തിലെത്തി വിശുദ്ധീകരണ ചടങ്ങുകളും പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന പുരോഹിതര്‍ക്ക് വഴിപാടുകള്‍ നല്‍കി. നാട്ടുകാരില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും സംഭാവനയായി സ്വരൂപിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മിച്ചത്. രണ്ട് സമുദായങ്ങളും വര്‍ഷങ്ങളായി പാരസ്പരിക സൗഹാര്‍ദ്ദത്തോടെയാണ് ഇവിടെ ജീവിക്കുന്നത്, ഉദാരമായ സംഭാവനയുടെ ഈ നടപടി രണ്ട് സമുദായങ്ങള്‍ക്കിടയിലുള്ള വിശ്വാസവും തമ്മിലുള്ള സ്നേഹവും വര്‍ദ്ധിപ്പിക്കുന്നു. പത്തോളം ഹിന്ദു നിവാസികള്‍ മുസ്ലീങ്ങളോട് ക്ഷേത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞതായും പ്രദേശത്ത് ഭൂമി ആവശ്യപ്പെട്ടതായും സമീപവാസിയായ മുഹമ്മദ് രാജ ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായി പങ്കുവെച്ചു.
ഇത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും കേട്ട വാര്‍ത്തയാണ്, ഇനി നമ്മള്‍ ജമ്മു കാശ്മീരിലേക്കാണ് പോകുന്നത്. 500 വര്‍ഷം പഴക്കമുള്ള ഒരു ഹൈന്ദവ ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി ജമ്മുവിലെ റിയാസി ജില്ലയിലെ ഖേരല്‍ പഞ്ചായത്തിലെ രണ്ട് മുസ്ലീം പുരുഷന്മാര്‍ തങ്ങളുടെ 50 സെന്റ് ഭൂമി ദാനം ചെയ്തതും ഈ മാസം കേട്ട വാര്‍ത്തയാണ്. നമ്മുടെ നാട്ടിലും, സമൂഹത്തിലും മതപരമായ ധ്രുവീകരണം രൂക്ഷമായ സമയത്താണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഖേരല്‍ പഞ്ചായത്തിലെ ഗുലാം റസൂലും ഗുലാം മുഹമ്മദും ചേര്‍ന്നാണ് റോഡിനായി 50സെന്റ് ഭൂമി നല്‍കിയത്.
ഒരു കോടി രൂപയിലേറെയാണ് ഭൂമിയുടെ മതിപ്പ് വില. റവന്യൂ വകുപ്പ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് രേഖയില്‍ രേഖപ്പെടുത്തിയതിന് ശേഷം 1200 മീറ്റര്‍ റോഡ് 10 അടി വീതിയില്‍ കന്‍സി പട്ട ഗ്രാമത്തിലെ ഗുപ്ത് കാശി-ഗൗരി ശങ്കര് ക്ഷേത്രത്തിനായി നിര്‍മ്മിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാസി ജില്ലാ കമ്മീഷണര്‍ വിശേഷ് പാല്‍ മഹാജന്‍ പറഞ്ഞു, ”ഇങ്ങനെയാണ് സമൂഹം ജീവിക്കേണ്ടതും സമ്പൂര്‍ണ്ണ ഐക്യത്തോടെ നയിക്കുന്നതും. ഞാന്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു, ക്ഷേത്രത്തിലേക്കുള്ള റോഡ് നിര്‍മ്മാണം ഉറപ്പാക്കാന്‍ ഭരണനിര്‍വ്വഹണം ഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
”ക്ഷേത്രത്തിന് റോഡൊന്നുമില്ലെന്നും ഞങ്ങളുടെ സ്ഥലം നല്‍കിയാല്‍ റോഡ് നിര്‍മ്മിക്കാമെന്നും അത് തീര്‍ഥാടകരെ സഹായിക്കുമെന്നും ഞങ്ങള്‍ കരുതി,” റസൂല്‍ പറഞ്ഞു. ഇവരുടെ നടപടി വലിയ കൈയ്യടിയോടെയാണ് നാട് വരവേറ്റതും ആഘോഷിച്ചതും. അതിനിടെ ക്ഷേത്രവും നവീകരണത്തിനൊരുങ്ങുകയാണ്. ഈ പ്രദേശത്ത് ക്ഷേത്രത്തിന് കുറച്ചുകൂടി ഭൂമിയുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട വിഷയം റിയാസി ജില്ലാ വികസന കമ്മീഷണര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അതുപോലെ തമിഴ്‌നാട്ടില്‍ നിന്നും മറ്റൊരു വാര്‍ത്തകൂടി വന്നത് ഈ വര്‍ഷം ആദ്യമാണ്. 2024 ഫെബ്രുവരിയില്‍, തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി ഓഫ് ഓള്‍-ഇന്ത്യ മുസ്ലിം സെന്റര്‍ സംസ്ഥാനത്തെ നിരവധി ദമ്പതികളുടെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. വ്യക്തികളുടെ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. 23 ദമ്പതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരായതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദമ്പതികളില്‍ ആറ് ഹിന്ദുക്കളും മൂന്ന് ക്രിസ്ത്യാനികളും പതിനാല് മുസ്ലീങ്ങളും ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഫര്‍ണിച്ചറുകള്‍, പലചരക്ക് സാധനങ്ങള്‍, പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഓരോ ദമ്പതികള്‍ക്കും 10 ഗ്രാം സ്വര്‍ണവും വസ്തുക്കളും സംഘടന സമ്മാനിച്ചു. നോണ്‍ വെജിറ്റേറിയന്‍, വെജിറ്റേറിയന്‍ വിഭവങ്ങളുമായി 2000 അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ കാലഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും മറവില്‍ മനുഷ്യന് വിലക്കേര്‍പ്പെടുത്തുന്ന സമൂഹ രാഷ്ട്രീയത്തിനെതിരെ ഇത്തരം മാതൃകകള്‍ ഊരിത്തിരിഞ്ഞു വരേണ്ടതിന്റെ ആവശ്യകതയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ സാങ്കേതിക സംവിധാനങ്ങള്‍ കുതിച്ചുയരുന്ന ഈ കാലഘട്ടില്‍ മതത്തിനും ജാതിക്കും മാത്രം വില കല്‍പ്പിക്കുന്നവര്‍ ഈ രാജ്യത്തുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ യാതൊരു തെറ്റുമില്ല. ആശുപത്രിയില്‍ പിറക്കുന്നവന്റെ ജാതി നോക്കി ചികിത്സ വിധിക്കുന്ന വല്ലാത്തൊരു തലമുറയില്‍ നിന്നും കഷ്ടിച്ചാണ് നമ്മള്‍ മോചനം നേടിയത്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി മതത്തെ മറയാക്കി ഭരിക്കുന്നവര്‍ നാടു വാണീടുന്നകാലത്തോളം രാജ്യം പുരോഗതിയില്‍ നിന്നും താഴേക്ക് കൂപ്പകുത്തുമെന്ന് പറയാതെ വയ്യ. തമിഴ്‌നാട്ടിലും ജമ്മുവിലും സംഭവിച്ചതു പോലുള്ള നല്ല മതസൗഹാര്‍ദ്ദ കാഴ്ചകള്‍ ഇന്ത്യയില്‍ ഉടനീളം നടക്കുമെന്ന് പ്രതീക്ഷിക്കരുത്. പള്ളികള്‍ പൊളിച്ച് ക്ഷേത്രങ്ങള്‍ പണിയുന്നവര്‍ സ്ഥാപിച്ചെടുക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല, എന്തിനാണെന്ന് മനസിലാകുന്നില്ല. ഇന്ത്യയുടെ സെക്യുലര്‍ മനസ് തച്ചുടയ്ക്കപ്പെടണമെന്ന ചിന്തമാത്രമാണ് അവര്‍ക്കുളളത്.