അമേരിക്കയിൽ ജന്മം കൊണ്ട പപ്പായ ഇന്ത്യയിലുടനീളം തോട്ടവിളയായും അല്ലാതെയുംകൃഷിചെയ്തു വരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം കാണപ്പെടുന്നു. മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്ക, ഓസ്ട്രേലിയ, മലേഷ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ പപ്പായ കൃഷിചെയ്തുവരുന്നു. പപ്പായ അല്ലെങ്കിൽ ഓമക്ക മരം കേരളത്തിൽ സമൃദ്ധമായിക്കാണുന്നു. ജലസാമീപ്യമുള്ള എല്ലായിടത്തും പപ്പായ നന്നായി വളരും. പപ്പായ ദ്രുത വളർച്ചയുള്ള സസ്യമാണ്. ഫലങ്ങളിൽ വാഴപ്പഴം, ഓറഞ്ച്, മാങ്ങ എന്നിവ കഴിഞ്ഞാൽ ലോകത്തിൽ നാലാം സ്ഥാനമാണ് പപ്പായയ്ക്കുള്ളത്.
രണ്ട് മീറ്റർ നീളവും, ഒരു മീറ്റർ വീതിയിൽ അരയടി പൊക്കത്തിൽ പണകൾ ഒരുക്കി വിത്തുപാകിയോ, പോളി ബാഗുകളിൽ വിത്തു പാകിയോ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്. തൈകൾ 3 മാസം കഴിയുമ്പോൾ മാറ്റി നടാവുന്നതുമാണ്. വൻ തോതിൽ കൃഷി ചെയ്യുമ്പോൾ 10 പെൺ തൈകൾക്ക് ഒരാൺ തൈ എന്ന രീതിയിൽ നടാവുന്നതാണ്.
ബാക്കി ആൺ തൈകൾ നശിപ്പിക്കാവുന്നതാണ്. പൂവിട്ടുതുടങ്ങുമ്പോൾ ആൺ ചെടികൾ കണ്ടെത്തി ആവശ്യത്തിനുള്ളവയെ നിർത്തി ബാക്കിയുള്ളവ നശിപ്പിക്കാവുന്നതാണ്. ചെറുതൈകൾ വൈകുന്നേരങ്ങളിൽ നടുന്നതാണ് കൂടുതൽ അനുയോജ്യം. 75 സെ. മീറ്റർx75 സെ. മീറ്റർx75 സെ. മീറ്റർ നീളംxവീതിxതാഴ്ച്ച എന്ന അളവിലാണ് കുഴിയെടുക്കേണ്ടത്. തൈകൾ തമ്മിലുള്ള അകലം രണ്ടര മീറ്റർ അകലത്തിലുമായിരിക്കണം.