ഓരോ മഴക്കാലത്തും ദുരന്ത നിവാരണ അതോറിട്ടിയുടെ വക കേരളത്തിന്റെ ഭൂപടത്തില്‍ കളറിംഗ് മത്സരം നടക്കും. എന്തോ വലിയ സംഭവം എന്നമട്ടിലുള്ള കളറിംഗാണ് നടത്തുന്നത് എന്നാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും കരുതിയിരിക്കുന്നത്. എന്തിന്, ഭരിക്കുന്ന മന്ത്രിമാരില്‍ എത്രപേര്‍ക്കറിയാം ഈ നിറങ്ങളുടെ അര്‍ത്ഥം. ചുവപ്പ്: കമ്യൂണിസ്റ്റുകാരുടേതും, പച്ച: ലീഗുകാരന്റേയും, ഓറഞ്ച്: ബി.ജെ.പിയുടേതും, മഞ്ഞ: എസ്.എന്‍.ഡി.പിയുടേതുമാണ് എന്നല്ലാതെ അറിവിന്റെ നിറകുടങ്ങളില്‍ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.
രാഷ്ട്രീയ സാക്ഷരത പോലും നേരേ ചൊവ്വേ ഇല്ലാത്ത രാഷ്ട്രീയക്കാരുള്ള കേരളത്തില്‍ ഈ നിറങ്ങളെ കുറിച്ച്, ദുരന്ത നിവാരണ അതോറിട്ടി എത്ര പറഞ്ഞാലും മനസ്സിലാകില്ല. ആരും മനസ്സിലാക്കില്ല. ഇതിനു കാരണം, ജന സേവനമല്ലാത്ത രാഷ്ട്രീയാന്ധതയിലാണ്ടു പേയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. അങ്ങനെ അല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഈ മഴക്കാലത്തും, മരണങ്ങള്‍ സംഭവിക്കില്ലായിരുന്നു. അപകടങ്ങള്‍ കുറയുമായിരുന്നു. മുങ്ങി മരണങ്ങള്‍ സംഭവിക്കില്ലായിരുന്നു. തേേദ്ദാശ സ്ഥാപനങ്ങള്‍ക്കു പോലും ദുരന്ത നിവാരണ അതോറിട്ടി പുറപ്പെടുവിക്കുന്ന നിറങ്ങളും, നിറവ്യത്യാസങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ എങ്ങനെയാണ് സാധാരണ മനുഷ്യര്‍ നിറങ്ങളുടെ അര്‍ത്ഥം തിരിച്ചറിയുന്നതും, മുന്‍ കരുതലുകള്‍ എടുക്കുന്നതും.
നോക്കൂ, ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്ന മുന്നറിയിപ്പുകള്‍ക്ക് നിറം നല്‍കുന്നത്, പൂര്‍ണ്ണ അര്‍ത്ഥത്തോടെയാണ്. അല്ലാതെ, കേരളത്തിന്റെ മാപ്പ് വരയ്ക്കുമ്പോള്‍ അതിന് സൗന്ദര്യം കൂട്ടാനോ, കളറാക്കാനോ അല്ല. ഓരോ നിറങ്ങളും ഓരോ മുന്നറിയിപ്പുകളാണ്. ജീവന്റെ വിലയുള്ള മുന്നറിയിപ്പുകള്‍. പ്രകൃതി ദുരന്തങ്ങളെയും മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളെയും മുന്‍കൂട്ടി അറിയിക്കാനും, ആ ദുരന്തത്തില്‍ നിന്നും മനുഷ്യ ജീവനുകള്‍, ഒപ്പം മൃഗങ്ങളെയും, മനുഷ്യരുടെ സ്വത്തുക്കളും സംരക്ഷിക്കാന്‍ വേണ്ടി ദുരന്ത നിവാരണ അതോറിട്ടി നല്‍കുന്ന മുന്നറിയിപ്പുകളാണീ നിറങ്ങള്‍. പ്രധാനമായും വെള്ള, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ കളറുകളാണ് മുന്നറിയിപ്പിനായി ഉപയോഗിക്കുന്നത്. ഈ കളറുകള്‍ ദുരന്തങ്ങളുടെ തീവ്രതയെ പ്രതിനിധീകരിക്കുന്നു.
ലോകത്തെല്ലായിടത്തും ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഈ നിറങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നതും. ഇത് ഇന്റര്‍ നാഷണല്‍ ലെവലില്‍ അംഗീകരിച്ചിട്ടുള്ള കളേഴ്‌സാണ്. എന്നാല്‍, ഇന്നും കേരളത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഈ നിറങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എന്താണെന്നോ, എന്തിനു വേണ്ടിയിട്ടാണെന്നോ തിരിഞ്ഞിട്ടില്ല. മഴക്കാലത്തും, കടുത്ത വേനലിലും, പ്രകൃതി ദുരന്ത സമയങ്ങളിലും, മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളിലും ദുരന്ത നിവാരണ അതോറിട്ടി ഇത്തരം നിറങ്ങളിലൂടെ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, പൊതു ജനങ്ങള്‍ക്കുമായാണ് മുന്നറിയിപ്പ് നല്‍കുന്നത്.
ജനങ്ങള്‍ വ്യക്തിപരമായ മുന്നറിയിപ്പായും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരന്തത്തെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുമുള്ള മുന്‍ കരുതലുകള്‍ സജ്ജീകരിക്കാനുമാണ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍, സംഭവിക്കുന്നത് മറ്റൊന്നാണ്. നിറങ്ങള്‍ കൊണ്ട് പ്രതിനിധീകരിക്കുന്ന ദുരന്ത തീവ്രതാ മുന്നറിയിപ്പുകളെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍, പ്രത്യേകിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കാണുന്നത്. മുന്‍കൂട്ടി അറിയിക്കുന്ന മുന്നറിയിപ്പുകളെ അവഗണിക്കുകയും, പുറത്തെ മഴയെ നോക്കി ദുരന്തത്തിന്റെ തീവ്രത സ്വയം പ്രവചിക്കുകയും ചെയ്യുന്ന മേയര്‍മാരും, ചെയര്‍മാന്‍മാരും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുണ്ട് ഇപ്പോഴും കേരളത്തില്‍.
സ്വന്തമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ വരെ തയ്യാറാക്കി ഭദ്രമായി പെട്ടിയില്‍ പൂട്ടിവെച്ചിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കോര്‍പ്പറേഷനുകളുണ്ട്. അവരോടൊക്കെ ദുരന്ത മുന്നറിയിപ്പ് നിറങ്ങളിലൂെ മനസ്സിലാക്കണമെന്നു പറഞ്ഞാല്‍ എവിടെ കേള്‍ക്കാന്‍. എന്തായാലും നിറങ്ങള്‍ കൊണ്ടുള്ള മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഓരോ ദുരന്തങ്ങളും അപ്രതീക്ഷിതമായാണ് ഉണ്ടാകുന്നത്. അതിനെ പ്രതിരോധിക്കാനും ജീവന്‍ രക്ഷിക്കാനും ദുരന്ത മുന്നറിയിപ്പ് നല്‍കുന്ന നിറങ്ങള്‍ക്ക് കഴിഞ്ഞാല്‍ അതിലും വലിയ കാര്യം വേറെന്തുണ്ട്. അതുകൊണ്ട് നിറങ്ങള്‍ അടയാളപ്പെടുത്തുന്ന മുന്നറിയിപ്പുകളെ കുറിച്ച് മനസ്സിലാക്കിയിരിക്കണം.
ദുരന്ത മുന്നറിയിപ്പ് നിറങ്ങള്‍ എന്താണ് ?
വെള്ള:
ഒരു തരത്തിലുമുള്ള മുന്നറിയിപ്പുകളില്ല എന്നാണ് വെള്ള നിറം സൂചിപ്പിക്കുന്നത്. അതായത്, മഴക്കാലമായാല്‍ അപകടങ്ങളില്ലെന്നും എവിടെയും നിര്‍ഭയമായി പോകാമെന്നുമാണ്. എന്നാല്‍, എവിടെ പോയാലും സ്വയം സൂക്ഷിക്കാന്‍ മറക്കരുത്.
പച്ച:
നേരിയതോ മിതമായതോ ആയ മഴ പെയ്യുന്നുണ്ട്. പ്രപത്യേകിച്ച് മുന്നറിയിപ്പുകളൊന്നുമില്ല. എവിടെയും പോകാവുന്നതാണ്. എന്നാല്‍, സ്വയം സുരക്ഷിതത്വം ഒരുക്കണം.
മഞ്ഞ:
ശക്തമായ മഴയെ(ISOLATED HEAVY RAIN) സൂചിപ്പിക്കുന്നതാണ് മഞ്ഞ നിറത്തിലുള്ള മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിട്ടി- കാലാവസ്ഥാ വകുപ്പ്- സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എപ്പോഴും നിരീക്ഷിക്കേണ്ടതാണ്. മുന്നറിയിപ്പുകള്‍ ഓരോ മണിക്കൂറിലും മാറിക്കൊണ്ടിരിക്കും. മഴയുടെ തീവ്രത വര്‍ദ്ധിക്കുന്നതനുസരിച്ച് മുന്നറിയിപ്പിന്റെ നിറങ്ങളും മാറും. മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിക്കുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണം. ഔദിയോഗിക മുന്നറിയിപ്പുകള്‍ മാത്രമേ ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കാവൂ.
ഓറഞ്ച്:
ശക്തമായതോ അതി ശക്തമായതോ ആയ (HEAVY TO VERY HEAVY RAIN) മഴയെ സൂചിപ്പിക്കാനാണ് ഓറഞ്ച് നിറം ഉപയോഗിക്കുന്നത്. ഈ അലെര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, നമ്മള്‍ തയ്യാറായിരിക്കുക എന്നാണ്(BE PREPARED). മഴയുടെ ശക്തിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ എല്ലാതലത്തിലും തയ്യാറെടുക്കേണ്ടതാണ്. സാധാരണ ജനങ്ങള്‍, തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതമായി വെയ്‌ക്കേണ്ട സമയമാണിത്. വീട്ടിലെ പ്രയമുള്ളവര്‍, കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്തവര്‍, രോഗികള്‍, വീല്‍ചെയറില്‍ കഴിയുന്നവര്‍, കിടപ്പു രോഗികള്‍, ചെവി കേള്‍ക്കാത്തവര്‍, കണ്ണു കാണാത്തവര്‍ തുടങ്ങിയവരെയെല്ലാം സുരക്ഷിതമായി എത്തിക്കാനുള്ള നടപടികള്‍ എടുക്കുക.
വ്യക്തിഗത തയ്യാറെടുപ്പുകള്‍ നടത്തുക. ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ചെറിയ കത്തി, ഡ്രൈ ഫ്രൂട്ട്‌സുകള്‍, റെയിന്‍ കോട്ട്, ടോര്‍ച്ച് മുതലായവ ഒരു കിറ്റില്‍ സജ്ജമാക്കുക. അത്യാവശ്യം പണം, മരുന്നുകള്‍, എന്നിവയും കരുതുക. ഉയരമുള്ള സ്ഥലങ്ങളെ കുറിച്ചുള് ഏകദേശ ധാരണയുണ്ടായിരിക്കണം. വീടിനുള്ളില്‍ വെള്ളം കയറുമെന്ന ഘട്ടംമുണ്ടായാല്‍ സര്‍ക്കാര്‍ സംവിധാനത്തിനെ അറിയിക്കുകയോ, വേഗത്തില്‍ ഉയരമുള്ള പ്രദേശത്തേക്ക് മാറാനോ ഉള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തിയിരിക്കണം. ദുരന്ത പ്രതിരോധ സേനയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായത്തിനുള്ള നമ്പരുകള്‍ കരുതു. മൊബൈല്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്ജിലാക്കി വെയ്ക്കുക.
അടുത്തുള്ള സന്നദ്ധ പ്രവര്‍ത്തകരുമായി സഹകരിക്കുക. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക. വീട്ടിലുള്ളവരെ പുറത്തേക്കു വിടാതിരിക്കുക. ഇടിമിന്നല്‍, ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴല്‍, ഇലക്ട്രിക് കമ്പിപൊട്ടി വെള്ളത്തില്‍ വീണു കിടക്കല്‍, കടല്‍ ക്ഷോഭം തുടങ്ങിയ ദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇതിനെയെല്ലാം പ്രതിരോധിക്കാനോ, രക്ഷപ്പെടാനോ തയ്യാറായി ഇരിക്കാനാണ് ഓറഞ്ച് അലെര്‍ട്ട് നല്‍കുന്നത്.
ചുവപ്പ്:
അതി ശക്തമായതോ, തീവ്രമായതോ ആയ മഴ(VERY HEAVY TO EXTREMELY HEAVY RAIN) സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം നല്‍കിയുള്ള മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍(TAKEN ACTION) വേഗത്തില്‍ രക്ഷപ്പെടുകയോ, രക്ഷാ പ്രവര്‍ത്തനം നടത്തുകയോ ചെയ്യുകയാണ് വേണ്ടത്. മറ്റൊരു മുന്നറിയിപ്പിനും കാത്തു നില്‍ക്കേണ്ട ആവശ്യമില്ല, ജീവന്‍ രക്ഷിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് ഈ അലെര്‍ട്ട് കൊണ്ടുദ്ദേശിക്കുന്നത്. മഴയുടെ തീവ്രത സര്‍വ്വ സീമകളും ലംഘിക്കുമ്പോഴാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുന്നത്. അണക്കെട്ടുകള്‍ തുറക്കേണ്ട സ്ഥിതി, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിംഗ് ഭൂ ചലനം തുടങ്ങി നിയന്ത്രണാതീതമായ ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോള്‍ രക്ഷപ്പെടുകയല്ലാതെ മറ്റു വഴിയില്ല.
ഈ സാഹചര്യത്തില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുകയും, അവര്‍ക്കാവശ്യമായ ഭക്ഷണം വസ്ത്രം എന്നിവ നല്‍കുകയും വേണം. ക്യാമ്പുകള്‍ ഉര്‍ന്ന പ്രദേശത്തായിരിക്കണം. സര്‍ക്കാര്‍ സ്‌കൂളുകളോ, പൊതു മണ്ഡപങ്ങളോ ക്യാമ്പുകള്‍ ആക്കാവുന്നതാണ്. ഇവിടെ എല്ലാ സജ്ജീകരണങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തേണ്ടതാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘവിസ്‌ഫോടനത്താല്‍ പ്രളയം സംഭവിച്ചാല്‍ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകള്‍ വൃത്തിയാക്കി കൊടുക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളെല്ലാം ദുരന്ത നിവാരണ അതോറിട്ടിയുടെ മുനന്നറിയിപ്പുകള്‍ കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.