Agriculture

കാരറ്റ് വളർത്തിയാൽ പലതുണ്ട് ഗുണങ്ങൾ: വീട്ടിൽ വളർത്താം

ചട്ടികളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പോഷക സമൃദ്ധമായ പച്ചക്കറിയാണ് കാരറ്റ്. അപ്പാർട്ട്മെൻ്റ് ആയാലും ഫ്ലാറ്റ് ആയാലും അനുയോജ്യമായ ഓപ്ഷനാണ് കാരറ്റ്. കാരറ്റ് വളർത്താനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ, കാരറ്റിന് നല്ല വിളവ് ലഭിക്കുന്നതിന് ശരിയായ സമയത്ത് നടേണ്ടത് പ്രധാനമാണ്. മണ്ണിലല്ലാതെ പാത്രങ്ങളിൽ കാരറ്റ് വളർത്തുന്നതിന് കുറഞ്ഞത് 10-12 ഇഞ്ച് ആഴവും കഴിയുന്നത്ര വീതിയുമുള്ള പാത്രമാണ് ഉപയോഗിക്കേണ്ടത്.

ശീതകാല പച്ചക്കറിയായതിനാല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് അനുയോജ്യം. 3 ഇഞ്ച് വ്യത്യാസത്തില്‍ വേണം ചെടികള്‍ നടാന്‍. ആറു മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍. കുട്ട മണ്ണ്, ചകിരിച്ചോറ്, ഒരു കുട്ട ഉണങ്ങിയ ചാണകം, എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമാണ് കാരറ്റ് കൃഷി ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന വളം. വേണമെങ്കില്‍ പറിച്ചുനടുന്നതിന് മുമ്പ്, തൈകളുടെ റൂട്ട് 5% സ്യൂഡോമോണസ് ഫ്‌ലൂറസന്‍സ് ഉപയോഗിച്ച് മുക്കുക.

ജലസേചനം

അഞ്ച് ദിവസത്തില്‍ ഒരിക്കല്‍, ജലസേചനം നല്‍കണം. വരള്‍ച്ചക്കാലത്ത്, വിത്ത് മുളയ്ക്കുന്നത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി, വൈകുന്നേരം ജലസേചനം നല്‍കിയ ശേഷം, കിടക്കകള്‍ നനഞ്ഞ ഗണ്ണി ബാഗുകള്‍ കൊണ്ട് മൂടണം എന്നത് ഓര്‍മിക്കേണ്ടതാണ്.

മണ്ണ് തയ്യാറാക്കുന്ന സമയത്ത് മണ്ണിര കമ്പോസ്റ്റ് പ്രയോഗിക്കുക. നിലമൊരുക്കുമ്പോള്‍ വേപ്പിന് പിണ്ണാക്ക് പ്രയോഗിക്കുക. ജൈവവളങ്ങള്‍, അസോസ്പിരില്ലം, ഫോസ്‌ഫോബാക്ടീരിയ എന്നിവ മണ്ണ് തയ്യാറാക്കുന്ന സമയത്ത് ഉപയോഗിക്കുക.

ഏകദേശം പത്തു ദിവസത്തിനുള്ളില്‍ തന്നെ കാരറ്റ് വിത്തുകള്‍ മുളയ്ക്കും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇടയ്ക്കിടയ്ക്ക് വളം ഇട്ടു നല്‍കുന്നത് നല്ലതാണ്. 80-85 ദിവസങ്ങള്‍ കഴിയുമ്പോള്‍ കാരറ്റ് മണ്ണിനു മുകളില്‍ ദൃശ്യമാകാന്‍ തുടങ്ങും. അപ്പോള്‍ നമ്മുടെ ആവശ്യത്തിന് അനുസരിച്ച് പറിച്ചെടുക്കാന്‍ കഴിയും.

ഒരുപാടു വെള്ളം ഒഴിച്ചുകൊടുക്കരുത്. ചെറിയ നനവ് മാത്രമേ ആകാവൂ. വെള്ളം കൂടിപ്പോയാല്‍, ഇലകള്‍ വലുതും കായകള്‍ ചെറുതുമാകും. പക്ഷെ, ഇലകളും കറികള്‍ വെക്കാന്‍ കഴിയും.