മത്തൻ കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു മത്തൻ ചുവടെങ്കിലും കാണും കൃഷി ആയിട്ട്. അടുക്കളയിലെ മിക്ക ദിവസത്തെയും വിഭവമാണ് മത്തൻ. പ്രത്യേകിച്ച് ആഘോഷവേളകളിൽ. മത്തൻ കായ മാത്രമല്ല, മത്തപ്പൂവും ഇലയും എല്ലാം നല്ല വിഭവങ്ങളാക്കാൻ പറ്റിയ സ്വാദേറിയതും പോഷകസമ്പുഷ്ടവുമാണ്.
വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുടെ ഉറവിടം കൂടിയാണ് ഈ പച്ചക്കറി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഉറക്കം ഉണ്ടാകുന്നതിനും രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും, കണ്ണുകളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.ശ്വാസംമുട്ട്, ഉദരരോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവക്കെതിരെ ഒരു ഔഷധം കൂടിയാണ് മത്തന്‍. മത്തന്‍ കൃഷി കൃത്യമായ പരിചരണം ആവശ്യമില്ലാത്തതും എളുപ്പം ചെയ്യാന്‍ കഴിയുന്നതുമായ ഒന്നാണ്. പൂര്‍ണ്ണമായി ജൈവരീതിയില്‍ മത്തന്‍ കൃഷി ചെയ്‌തെടുക്കാം.
കിളച്ചു നിരപ്പാക്കി മണ്ണില്‍ കുമ്മായം ചേര്‍ത്ത് തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞു അടിവളം കൊടുത്ത് വിത്ത് നടാം. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 46 ഗ്രാം വിത്ത് മതിഎന്നാണ് കണക്കു. 30 – 45 സെ. മീ. ആഴത്തിലും 60 സെ. മീ. വ്യാസത്തിലുമുള്ള കുഴികള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ എടുക്കണം.
കുഴികളില്‍ ഒരല്പം കൂടി കുമ്മായവയും കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതമാണ് നിറക്കേണ്ടത്. കുഴി ഒന്നിന് നാലോ അഞ്ചോ വിത്തുകള്‍ പാകാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ചക്കകം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്തു കുഴി ഒന്നിന് മൂന്നു ചെടികള്‍ എന്ന നിലയില്‍ നിലനിര്‍ത്തണം. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. വള്ളി വീശിപ്പോകുമ്പോൾ ഓരോ മുട്ടിലും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്. മണ്ണിന്റെ ഒപ്പം അലപം കാലിവളം ചേർത്താലും നല്ലതാണ്.