Features

വലിച്ചു മരിക്കൂ!! പക്ഷേ, പറയാനുള്ളത് ഇത്ര മാത്രം: ‘ഒരു പുക കൂടി’

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകുന്നു

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാം. കടയിൽ പോയി വാങ്ങുന്ന സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് മുതൽ സിനിമാ തിയേറ്ററിന് അകത്ത് വരെ വെണ്ടയ്ക്ക അക്ഷരത്തിൽ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് നൽകുന്നു. സിഗരറ്റ്, ബീഡി, മറ്റു പുകയില ഉൽപ്പന്നങ്ങൾ എല്ലാം ശരീരത്തിന് ഹാനികരമാണ്. പ്രതിവർഷം 80 ലക്ഷം പേരുടെ ജീവനാണ് പുകയില എടുക്കുന്നത്. സംഭവം ഹാനികരമാണെന്ന് എഴുതിവെച്ചു വിൽക്കുന്ന അധികാരികളുടെ മനസ്സ് ആരും കാണാതെ പോകരുത്.

പുകവലി എന്ന മഹാമാരി മൂലം ഉണ്ടാകുന്ന രോഗങ്ങളെപ്പറ്റിയും മരണങ്ങളെപ്പറ്റിയും ജനങ്ങളെ ബോധവൽക്കരിക്കുന്ന ദിവസമാണ് ഇന്ന്. പക്ഷേ പുക വലിക്കുന്ന ഒരാൾക്ക് ഇത് പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചർച്ചകൾ ചർച്ചകളായി തന്നെ തുടരും. പുകവലി നിർത്തേണ്ടവർ അത് നിർത്തുകയും തുടരേണ്ടവർ അത് തുടർന്ന് കൊണ്ടുപോവുകയും ചെയ്യും.

പുക വലിക്കുന്നവർക്ക് അത് എപ്പോൾ വേണമെങ്കിലും നിർത്താൻ സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളതായി കണ്ടിട്ടുണ്ട്. എന്നാൽ ഇത് നിർത്താൻ ശ്രമിക്കുമ്പോഴാണ് അതിൻറെ ബുദ്ധിമുട്ട് പലർക്കും മനസ്സിലാകുന്നത്. ഒരാഴ്ച കൊണ്ട് 10 കിലോ കുറയ്ക്കണം എന്ന് പറയുന്ന പോലെ പുകവലി നിർത്തുന്നതും അല്പം കട്ടിയാണ്. എന്തായാലും ഈ പുകയില വിരുദ്ധ ദിനത്തിൽ വലിച്ചു കൊണ്ടിരിക്കുന്നവരെ ഉപദേശിക്കാൻ നമ്മളില്ലേ… എല്ലാ പ്രത്യാഘാതങ്ങളും മനസ്സിലാക്കി വെച്ച് പുകവലിക്കുന്നവരോട് പോത്തിന്റെ ചെവിയിൽ വേദം ഓതുന്നത് പോലെ എന്തിന് അഭിപ്രായം പറയണം.

പുകവലിക്കുന്നവരുടെയും വിരുദ്ധരുടെയും വികാരങ്ങളെ മാനിച്ച്, കവി കൽപ്പറ്റ നാരായണന്റെ ‘ഒരു പുക കൂടി’ എന്ന കവിത മാത്രമേ പ്രേക്ഷകർക്ക് ഞങ്ങൾക്ക് തരാൻ ഉള്ളൂ, സ്വീകരിച്ചാലും !

പോലീസ് വരുന്നുണ്ടോ
എന്നിടം വലം നോക്കി
വലിക്കണോ കളയണോ എന്നായ എന്നോട്
ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:
എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.

നിങ്ങള്‍ക്കറിയുമോ
ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.
കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍
ഞാന്‍ ജ്വലിച്ചു.
നട്ടപ്പാതിരകളും കാട്ടിടകളും
എനിക്ക് ഹൃദിസ്ഥം.
എന്റെ വെളിച്ചത്തില്‍
ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.
അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്
അഞ്ചും എട്ടും ബീഡിയുടെ ദൂരം.

ചുമരെഴുതാനും
പോസ്റ്ററൊട്ടിക്കാനും
പാട്ടെഴുതാനും ഞാന്‍ കൂടി.
മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.
കയ്യൂരിലും പുല്‍പ്പള്ളിയിലും
കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.
നാടകവേദികള്‍ക്ക് വേണ്ടി
ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി
ഞാനുറക്കൊഴിച്ചു.

ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.
തണുപ്പില്‍, ഇരുട്ടില്‍
ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍
ഞാനായിരുന്നു തുണ.

അന്ന്
എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍
ആണുങ്ങളായി.
എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍
പുലരും വരെ മുലകളുയര്‍ത്തിച്ചുമച്ച്
സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.

എല്ലാ കുമാര്‍ഗങ്ങളിലും
ഞങ്ങള്‍ സഞ്ചരിച്ചു.
അക്കാലത്തെ തീവണ്ടികള്‍ പോലെ
ഉള്ളില്‍ തീയുള്ളവരുടെ പുകയായി
മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.
പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍
ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന
ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.
കൂലി കൂടുതല്‍ ചോദിക്കാന്‍
മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.

തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.
ഒരു പുകകൂടിയെടുത്ത്
നടന്മാര്‍ വേദിയിലേക്ക്
സദസ്യര്‍ ഹാളിലേക്ക്
തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.
തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി
തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.

കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും
ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്
നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ
കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.
നേരാണ്
ഞാനൊരു ദുശ്ശീലമാണ്.
എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?
നരകത്തിലല്ലാതെ
സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?

ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്
പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്
ഉറപ്പിന്
ഉറപ്പില്ലായ്മയ്ക്ക്
ഞാന്‍ കൂട്ടിരുന്നു,
ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.

എനിക്കറിയാം,
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്.
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍
പക്ഷേ,
ആയുസ്സോ സുരക്ഷിതത്വമോ
ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍
അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി
എരിഞ്ഞുതീരുന്ന എന്നെ നോക്കി
അവരുന്മേഷത്തോടെ എരിഞ്ഞു.
കണ്ടില്ലേ
ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ
വേട്ടയാടിയ നിയമം
ഇന്നെന്നെ വേട്ടയാടുന്നത്?
കണ്ടില്ലേ,
ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?
കേള്‍ക്കുന്നില്ലേ,
‘ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?’

ഒരു പുക കൂടി
(കല്‍പ്പറ്റ നാരായണൻ )

STATUTORY WARNING : പുകവലി ആരോഗ്യത്തിന് ഹാനികരം