ബട്ടര്‍ ഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്നറിയപ്പെടുന്ന അവക്കാഡോയ്ക്കു കേരളത്തില്‍ പ്രചാരം ഏറിവരികയാണ്. വളരെ പോഷക ഗുണങ്ങളുള്ള അവക്കാഡോ ഏറെ വൈകിയാണ് ഇന്ത്യയില്‍ എത്തിയതെങ്കിലും വളര്‍ച്ച അതിവേഗമാണ്. വെറുതേ കഴിക്കാന്‍ രുചിയില്ലെങ്കിലും ജ്യൂസുകള്‍ മുതല്‍ ഷെയ്ക്കുകള്‍ വരെ ഇന്ന് അവക്കാഡോ കൊണ്ടു സമ്പുഷ്ടമാണ്. പ്രോട്ടിന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവകൊണ്ട് സമ്പുഷ്ടമായ അവക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്നവരും ഏറെയാണ്.
മറ്റു കൃഷികൾ പോലെത്തന്നെ അവോക്കാഡോ കൃഷിയും വളരെ ലളിതമാണ് വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം.
ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. .അവോക്കാഡോ പാകമാകുന്ന പ്രത്യേക കാലാവസ്ഥയിലാണ് . നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി കായ് മൂത്തുപാകമാകാന്‍. എന്നാല്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ കായ് മൂക്കാന്‍ 12 മുതല്‍ 18 മാസം വരെ വേണം. വിത്തു തൈകള്‍ കായ്ക്കാന്‍ അഞ്ചാറു വര്‍ഷം വേണ്ടി വരും. എന്നാല്‍ ഒട്ടുതൈകള്‍ക്ക് കായ്ക്കാന്‍ 3-4 വര്‍ഷം മതി.