Features

ഈ മഴക്കാലത്തും ഭീതിയുടെ മേഘ വിസ്‌ഫോടനം: എന്താണത് ?

മലയാളികള്‍ ഇപ്പോള്‍ പ്രകൃതി ദുരന്തങ്ങളുടെ പിടിയിലാണ്. മഴ വന്നാലും, വെയില്‍ വന്നാലും കൂടെ ദുരന്തങ്ങള്‍ വരുന്നുണ്ട്. കടലും, കായലും, മലയും, മരങ്ങളുമെല്ലാം ദുരന്തങ്ങളായി തീരുകയാണെന്നു ചുരുക്കം. 2018നു ശേഷം കേരളക്കരയാകെ ഒറ്റ മഴയില്‍ മുങ്ങുമെന്നു കൂടി തിരിച്ചറിഞ്ഞതോടെ വെപ്രാളവും വേവലാതിയും കൂടിയിട്ടുണ്ട്. എങ്കില്‍ മലയാളികലുടെ പൊതു സ്വഭാവം അനുസരിച്ച് ദുരന്തങ്ങളെ നേരിടുന്നത്, ദുരന്തം വരുമ്പോള്‍ മതിയെന്നാണ്. അതു കഴിഞ്ഞാല്‍ ദുരന്ത പ്രതിരോധത്തിന് ഒരു സംവിധാനവും ഒരുക്കില്ല.

ഇതാണ് ഓരോ മഴക്കാലത്തും കേരളം മുങ്ങാനും പൊങ്ങാനും കാരണം. കാലാവസ്ഥാ വ്യതിയാനം, ഭൂുമിയുടെ സന്തുലിതാവസ്ഥ ഇവയെക്കെല്ലാം കോട്ടം തട്ടിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ട് കാലം കുറേയായി. എന്നിട്ടും പഠിക്കാത്ത മനുഷ്യരുടെ വഴിവിട്ട ജീവിത രീതികള്‍ ഭൂമിയെ തന്നെ ഇല്ലാതാക്കാന്‍ പാകത്തിനായിരിക്കുകയാണ്. അപ്പതീക്ഷിത മഴയും വെള്ളപ്പൊക്കവുമൊക്കെ കാണിക്കുന്നത് ഇതാണ്. ഇപ്പോഴിതാ മേഘവിസ്‌ഫോടനം എന്ന പ്രതിഭാസം ഓരോ മഴക്കാലത്തും ഭീതി വിതച്ചു കൊണ്ട് എത്തുന്നു. കേരളത്തില്‍ വേനല്‍മഴ പെരുമഴയായി മാറിയിരിക്കുകയാണിപ്പോള്‍ കാലവര്‍ഷം എത്തുന്നതിനു മുന്‍പ് തന്നെ കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി. കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനം എന്ന ഒരു പ്രതിഭാസമാണ്.

എന്താണ് ഈ മേഘ വിസ്‌ഫോടനം? (മേഘവിസ്‌ഫോടനവും ലഘു മേഘവിസ്‌ഫോടനവും)

മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ അഥവാ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുന്നതിനെയാണ് കാലാവസ്ഥാ വകുപ്പ് മേഘവിസ്‌ഫോടനമെന്നു പറയുന്നത്. ഇതില്‍ കുറവുള്ള രണ്ടു മണിക്കൂര്‍ കൊണ്ടാണെങ്കില്‍ പോലും കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വലിയ നാശനഷ്ടമുണ്ടാവും. ഇത്തരം മഴയെ മിനി ക്ലൗഡ് ബേസ്റ്റ് അഥവാ ലഘു മേഘവിസ്‌ഫോടനം എന്നു വിളിക്കുന്നു. സാധാരണയായി മേഘവിസ്ഫോടനം ചെറിയ പ്രദേശത്തു അതായത് 1500 ചതുരശ്ര കിലോമീറ്റലില്‍ താഴെ മാത്രമാണു ബാധിക്കുക. അതായത് കേരളത്തിലെ കണക്കില്‍ ഒരു ജില്ലയുടെ പകുതി എന്നു പറയാം. ഈ ചെറിയ സ്ഥലത്തുള്ള തുടര്‍ച്ചയായ മഴ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമാകാം എന്നത് കൊണ്ടാണ് ഇതല്പം അപകടകരിയാകുന്നത്.

പശ്ചിമഘട്ടത്തില്‍ ആണ് പെയ്യുന്നതെങ്കില്‍ ഇതു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്. മേഘവിസ്‌ഫോടനത്തിനു കാരണമാകുന്ന മേഘങ്ങള്‍ക്കു ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. ഈര്‍പ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് സാധാരണ മേഘങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ കുമുലോ നിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍നിന്ന് ആരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്താം. തുലാമഴയുടെ സമയത്തും കാലവര്‍ഷത്തിലും വലിയ കാറ്റോടുകൂടി മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങള്‍ രംഗത്തെത്തും.

മേഘ വിസ്‌ഫോടനം ഉണ്ടാകുന്നത് വളരെ നേരത്തേ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. മൂന്നോ നാലോ മണിക്കൂര്‍ മുന്‍പു മാത്രമേ റഡാര്‍, സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ഇവ അറിയാന്‍ കഴിയുകയുള്ളൂ. അതും നാശനഷ്ടങ്ങള്‍ കൂട്ടുന്നതിന് ഒരു കാരണമാണ്. കാലവര്‍ഷമെത്തും മുന്‍പേ സംസ്ഥാനത്തെ 7 ജില്ലകളില്‍ പ്രളയ സമാന സ്ഥിതി വിശേഷ മുണ്ടായതായാണ് റവന്യൂ- ദുരന്ത നിവാരണ വകുപ്പുകളുടെ സംയുക്ത റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, ജില്ലകളിലാണ് മഴക്കാലത്തിന് മുമ്പേ ഈ ഗുരുതര സാഹചര്യം. വര്‍ഷാവര്‍ഷം ഭരണകൂടം ഏറ്റെടുക്കുന്ന മഴക്കെടുതി പ്രതിരോധത്തിലെ പോരായ്മകള്‍ തെളിഞ്ഞുവരിക ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

ഒരുവശത്ത് കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാവുന്ന പുതിയ അന്തരീക്ഷ പ്രതിഭാസങ്ങള്‍ക്കും മറുഭാഗത്ത് ജനങ്ങളുടെ ജീവിതരീതിയില്‍ വരുന്ന മാറ്റങ്ങള്‍ക്കും അനുസരിച്ച് നയങ്ങളും നടപടികളും പരിഷ്‌കരിക്കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്. പെരുമഴയും വെള്ളക്കെട്ടും വെള്ളപ്പൊക്കവുമൊക്കെ വരുമ്പോള്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍ പലതുണ്ട്. വീടുകളിലെ സുരക്ഷിതമല്ലാത്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുക, അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, റോഡുകളിലെ വെള്ളക്കെട്ടുകളിലെ കുഴികളില്‍ ചാടാതിരിക്കാനുള്ള കരുതലെടുക്കുക, വൈദ്യുതി ലൈനുകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത കണക്കിലെടുത്ത് പെരുമാറുക, ആവശ്യമുള്ളിടത്ത് സുരക്ഷിതമായ ഇടങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ ഉദാഹരണം.

കാലാവസ്ഥ സംബന്ധിയായ കാര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഹ്രസ്വകാല നടപടികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ വേണ്ടത്. മഴ വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനാവശ്യമായ ഓടകളും അഴുക്കുചാലുകളുമൊരുക്കുക, ഉള്ളവ തടസ്സരഹിതമാക്കുക, റോഡുകളിലെ കുഴികളും തടസ്സങ്ങളും നീക്കം ചെയ്തു റോഡ് സുരക്ഷിതത്വം ഉറപ്പുവരുത്തുക, മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം തടയുക തുടങ്ങിയവ അതില്‍പ്പെടും കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് മേഘവിസ്‌ഫോടനം പോലെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ ഇനിയുമുണ്ടാകാം. അതുകൊണ്ട് തന്നെ വീണ്ടുമൊരു മഹാ പ്രളയം ഉണ്ടാകാതെ ഇരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.