Features

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകള്‍ ശരിക്കും കൃത്യമോ; അതോ, ഫണ്ടു വാങ്ങി സര്‍വേകളായി മാറിയോ?

ഏഴ് ഘട്ടമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കാന്‍ ഇരിക്കെ രാജ്യത്തെ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 400 സീറ്റ് നേടി തുടര്‍ഭരണം നേടുമെന്ന് ബിജെപിയും എന്‍ഡിഎ മുന്നണിയും ഉറച്ച ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോയത്. മൂന്നാം ഘട്ടം മുതല്‍ പ്രചാരണ പരിപാടികളില്‍ ഉണ്ടായ വലിയ മാറ്റം, അവരുടെ ആത്മവിശ്വാസം ചോര്‍ന്നു പോകുന്ന കാഴ്ചയിലേക്കാണ് എത്തിയത്. ഇന്ത്യ മുന്നണിക്ക് ആദ്യ ഘട്ടം മുതലേ ഉണ്ടായിരുന്ന മന്ദത മൂന്നാം ഘട്ടത്തോടെ മാറി ആത്മവിശ്വാസം വര്‍ദ്ധിച്ച കാഴ്ചയും ഉണ്ടായി. അവസാന മൂന്ന് ഘട്ടങ്ങളിലെയും വോട്ടെടുപ്പ് ആദ്യ ഘട്ടങ്ങളില്‍ നിന്നും ആകെ മാറി. ഗ്യാരന്റിയും, പരിവാറും ഉള്‍പ്പടെയുണ്ടായിരുന്ന പരസ്യ വാചകങ്ങള്‍ തന്നെ ബിജെപി അവസാന ഘട്ടത്തില്‍ മറന്ന സ്ഥിതിയിലേക്ക് എത്തി. ബിജെപിക്ക് ഉണ്ടായിരുന്ന സംശയങ്ങളും സന്ദേഹങ്ങളും കാര്‍മേഘം പോലെ തലയ്ക്കു മുന്നില്‍ നിഴലിച്ച അവസ്ഥയ്ക്കു മാറ്റം വന്നത് ശനിയാഴ്ച അവസാന ഘട്ട വോട്ടെടുപ്പോടെ പുറത്തു വന്ന എക്‌സിറ്റ് പോളുകളുടെ പ്രഖ്യാപനത്തോടെയാണ്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി പിന്തുണയ്ക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. 350 സീറ്റുകളാണ് പല പോളുകളും എന്‍ഡിഎയ്ക്കു നല്‍കുന്നതെങ്കില്‍ ഇന്ത്യ മുന്നണിക്ക് 200 നടുത്ത് സീറ്റ് മാത്രമാണ് ലഭിക്കുമെന്ന് പ്രചിക്കുന്നത്. പ്രാദേശിക തലത്തില്‍ ചെറുപാര്‍ട്ടികള്‍ക്കും മികച്ച സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്ന ഫലങ്ങള്‍ കേരളത്തില്‍ ഇതുവരെ കേള്‍ക്കാത്ത ഒരു പ്രവചനമാണ് നടത്തിയെന്ന് ആരോപണം ഉയരുന്നു. സംസ്ഥാന ഭരണമുന്നണിയായ എല്‍ഡിഎഫിന് സീറ്റ് ഒന്നും ഇത്തവണ ലഭിക്കില്ലെന്ന് തട്ടിവിട്ട എക്‌സിറ്റ് പോളുകളുടെ പ്രവചനം കൃത്യമാണോയെന്നുള്ള സംശയമാണ് ഉയരുന്നത്.

കേരളത്തില്‍ മൂന്ന് സീറ്റ് വരെ എന്‍ഡിഎ നേടുമെന്ന് പറയുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. ആകെ തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷയെന്ന് അവര്‍ തന്നെ വിശ്വസിക്കുന്നു. എക്‌സിറ്റ് പോള്‍ നടത്തിയ ഏജന്‍സികള്‍ എങ്ങനെയാണ് ഡാറ്റാ സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലെ അവ്യക്തത അവരുടെ ഫലത്തെ പിന്നോട്ടടിക്കുന്നു.

എക്‌സിറ്റ് പോളുകളെ വിമര്‍ശിച്ച് ഇടതുപക്ഷവും, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ എക്‌സിറ്റ് പോളുകള്‍ ശരിയായി മാറുന്നുണ്ടോ, മുന്‍ എക്‌സിറ്റ് ഫലങ്ങള്‍ എങ്ങനെയാണ് ഒന്നു പരിശോധിക്കാം.

എക്‌സിറ്റ് പോള്‍ ഫലങ്ങളും വിശകലനും

2009 പൊതുതെരഞ്ഞെടുപ്പ് വോട്ടിങ്ങിനു ശേഷം നാല് എക്‌സിറ്റ് പോളുകളാണ് വന്നത്. നേരിയ മുന്‍തൂക്കം മാത്രമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എക്ക് അന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. 200നടുത്ത് സീറ്റുകളാണ് പ്രവചിക്കപ്പെട്ടതെങ്കിലും 260 സീറ്റുകള്‍ മുന്നണിക്ക് ലഭിച്ചു. 2009 ഫെബ്രുവരിയില്‍, എല്ലാ എക്സിറ്റ് പോളുകളും പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ ഘട്ടം 5 അവസാനിക്കുന്നത് വരെ ഇലക്ഷന്‍ കമ്മീഷന്‍ നിരോധിച്ചു. മുന്‍ ഘട്ടങ്ങളില്‍ നിന്നുള്ള എക്സിറ്റ് പോളുകള്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ വോട്ടര്‍ തീരുമാനങ്ങളെ ബാധിക്കുന്നത് തടയാനാണ് പുതിയ നടപടി സ്വീകരിച്ചത്.. മെയ് 13 ന് വൈകുന്നേരം 5ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ നിരോധനം അവസാനിച്ചു.

2014ല്‍ പ്രധാനമായും എട്ട് എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. ഒരു ഏജന്‍സി മാത്രമാണ് എന്‍.ഡി.എക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നുള്ളൂ. എന്നാല്‍, വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു. 261 മുതല്‍ 289 വരെ സീറ്റുകളാണ് എന്‍.ഡി.എക്ക് പ്രവചിച്ചിരുന്നത്. എല്ലാവരെയും ഞെട്ടിച്ച് 336 സീറ്റ് നേടുകയും ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. 44 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് അന്ന് നേരിടേണ്ടി വന്നത്.

2014 ലെ എക്സിറ്റ് പോളും യഥാര്‍ഥ ഫലവും
എന്‍.ഡി.എയെക്കുറിച്ചുള്ള പ്രവചനങ്ങള്‍: ഇന്ത്യാ ടുഡേ സിസറോ: 272 സീറ്റുകള്‍. ന്യൂസ് 24ചാണക്യ: 340 സീറ്റുകള്‍. സി.എന്‍.എന്‍ ഐ.ബി.എന്‍: 280 സീറ്റുകള്‍, ടൈംസ് നൗ: 249 സീറ്റുകള്‍, എ.ബി.പി ന്യൂസ് നീല്‍സണ്‍: 274 സീറ്റുകള്‍, എന്‍.ഡി.ടി.വി ഹന്‍സ റിസര്‍ച്ച്: 279 സീറ്റുകള്‍.

യു.പി.എയെക്കുറിച്ചുള്ള പ്രവചനങ്ങള്‍
ഇന്ത്യാ ടുഡേ സിസറോ: 115 സീറ്റുകള്‍. ന്യൂസ് 24 ചാണക്യ: 101 സീറ്റുകള്‍, സി.എന്‍.എന്‍ ഐ.ബി.എന്‍: 97 സീറ്റുകള്‍ , ടൈംസ് നൗ: 148 സീറ്റുകള്‍, എബിപി ന്യൂസ് നീല്‍സണ്‍: 97 സീറ്റുകള്‍, എന്‍.ഡി.ടി.വി ഹന്‍സ റിസര്‍ച്ച്: 103 സീറ്റുകള്‍.

യഥാര്‍ഥ ഫലം
എന്‍.ഡി.എ: 336 സീറ്റുകള്‍ (ബി.ജെ.പി 282)
യുപിഎ: 60 സീറ്റുകള്‍ (കോണ്‍44)

2019ല്‍ ഏകദേശം 13 എക്സിറ്റ് പോളുകളായിരുന്നു പുറത്തുവന്നപ്പോഴും എന്‍.ഡി.എക്ക് വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ല. ഫലം വന്നപ്പോള്‍ എന്‍.ഡി.എക്ക് 353 സീറ്റുകളാണ് ലഭിച്ചത്.

2019 ലെ എക്സിറ്റ് പോളും യഥാര്‍ഥ ഫലവും

എന്‍.ഡി.എയെക്കുറിച്ചുള്ള പ്രവചനങ്ങള്‍: ഇന്ത്യ ടുഡേ ആക്സിസ്: 339 സീറ്റുകള്‍, ന്യൂസ് 24 ടുഡേസ് ചാണക്യ: 350, സീറ്റുകള്‍, ന്യൂസ് 18: 336 സീറ്റുകള്‍, ടൈംസ് നൗ വി.എം.ആര്‍: 306 സീറ്റുകള്‍, ഇന്ത്യ ടി.വി സി.എന്‍.എക്സ്: 300 സീറ്റുകള്‍, സുദര്‍ശന്‍ വാര്‍ത്ത: 305 സീറ്റുകള്‍.

യു.പി.എയുടെ പ്രവചനങ്ങള്‍: ഇന്ത്യ ടുഡേ ആക്സിസ്: 77 സീറ്റുകള്‍, ന്യൂസ് 24 ടുഡേസ് ചാണക്യ: 95 സീറ്റുകള്‍, ന്യൂസ് 18: 82 സീറ്റുകള്‍, ടൈംസ് നൗ വി.എം.ആര്‍: 132 സീറ്റുകള്‍, ഇന്ത്യ ടി.വി: 120 സീറ്റുകള്‍, സുദര്‍ശന്‍ വാര്‍ത്ത: 124 സീറ്റുകള്‍.

യഥാര്‍ഥ ഫലം
എന്‍.ഡി.എ: 352 സീറ്റുകള്‍ (ബി.ജെ.പി303)
യു.പി.എ: 91 സീറ്റുകള്‍ (കോണ്‍ഗ്രസ്: 52)

2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടുമെന്ന മികച്ച ആത്മവിശ്വാസത്തോടെയാണ് അടല്‍ ബിഹാരി വാജ്‌പേയ് നയിച്ച ബി.ജെ.പി സര്‍ക്കാര്‍ ഇലക്ഷനെ നേരിട്ടത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മിന്നും വിജയത്തെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കി. ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യവുമായിട്ടാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 240 മുതല്‍ 275 സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍, 187 സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി 216 സീറ്റുകള്‍ നേടുകയും ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍

2015ല്‍ ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമാണ് പ്രവചിച്ചത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍, ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം തന്നെ നേടി. ആര്‍.ജെ.ഡി ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്തു. എന്‍.ഡി.എ 58 സീറ്റില്‍ ഒതുങ്ങി.

2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍, അവര്‍ക്ക് വലിയൊരു വിജയം തന്നെയുണ്ടാകുമെന്ന് പറയാന്‍ സാധിച്ചിരുന്നില്ല. ആപ്പിന് പരമാവധി 50 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍, 70ല്‍ 67 സീറ്റും നേടി കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആപ്പ് ഡല്‍ഹി തൂത്തുവാരി.

2017 ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വരുന്നത്. അതിനാല്‍ തന്നെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഫലമായിരിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍, സമാജ് വാദി പാര്‍ട്ടിയെ പിന്നിലാക്കി 325 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലേറുന്ന കാഴ്ചയാണ് കണ്ടത്. നോട്ട് നിരോധനം കഴിഞ്ഞതിനുശേഷമുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉത്തര്‍പ്രദേശ് അവര്‍ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തില്‍ കയറുകയായിരുന്നു.

2021ല്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം പ്രതീക്ഷിച്ച് പോള്‍ നടത്തിയത്. എന്നാല്‍, 215 സീറ്റുകളുമായി വലിയ വിജയമാണ് ടി.എം.സി അവിടെ നേടിയത്. ബി.ജെ.പിക്ക് 77 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

കഴിഞ്ഞവര്‍ഷം നടന്ന ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് ബി.ജെ.പി അധികാരത്തിലെത്തി. 90ല്‍ 54 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് 35 ല്‍ ഒതുങ്ങി.

എന്താണ് എക്‌സിറ്റ് പോള്‍

ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ എക്സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യകാല സൂചകങ്ങളായി വര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപിനിയന്റെ നേതൃത്വത്തിലുള്ള പയനിയറിംഗ് സംരംഭത്തോടെ 1957-ലെ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ എക്സിറ്റ് പോളുകളുടെ തുടക്കം. എക്സിറ്റ് പോള്‍, പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമാണ് നടത്തുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ വോട്ടെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, എക്‌സിറ്റ് പോളുകള്‍ വോട്ട് രേഖപ്പെടുത്തി പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്കായി നടത്തുന്ന സര്‍വേകള്‍ ഉള്‍പ്പെടുന്നു. ഈ സര്‍വേകള്‍ വോട്ടര്‍മാരെയും പാര്‍ട്ടികളെയും സമീപിച്ചാണ് മിക്ക ഏജന്‍സികളും നടത്തുന്നത്. സാധാരണഗതിയില്‍, എക്സിറ്റ് പോളുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോടും അവയുടെ പ്രകടനത്തോടുമുള്ള പൊതുവികാരം അളക്കുന്നതിന്, വൈവിധ്യമാര്‍ന്ന ജനസംഖ്യാശാസ്ത്രത്തെയും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന സാമ്പിളുകളുടെ ശേഖരണം ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ എക്‌സിറ്റ് പോളുകളെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണ ചട്ടക്കൂട്

1. ജനപ്രാതിനിധ്യ നിയമം, 1951, സെക്ഷന്‍ 126 എ പ്രകാരം, അവസാന ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ എക്‌സിറ്റ് പോളുകള്‍ നടത്താനോ പ്രചരിപ്പിക്കാനോ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.

”ഒരു വ്യക്തിയും എക്സിറ്റ് പോള്‍ നടത്തുകയും അച്ചടി അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുകയോ മറ്റേതെങ്കിലും രീതിയില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ‘

2. എന്നിരുന്നാലും, വിജയസാധ്യതയുള്ളയാളെ തിരിച്ചറിയാനുള്ള വ്യാപകമായ താല്‍പ്പര്യം കാരണം, സമകാലിക ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വോട്ടിംഗ് അവസാനിക്കുന്നതിന് മുമ്പ് തന്നെ അകാല പ്രവചനങ്ങള്‍ സംപ്രേഷണം ചെയ്യുന്നു. സെക്ഷന്‍ 126 എയും വ്യവസ്ഥ ചെയ്യുന്നു: ‘ഈ വകുപ്പിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.’

3. മുന്‍ തെരഞ്ഞെടുപ്പ് സൈക്കിളുകളില്‍, ടെലിവിഷന്‍ അല്ലെങ്കില്‍ റേഡിയോ പ്രക്ഷേപണങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി, ”ഇത്തരം ഫലങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔപചാരികമായി പ്രഖ്യാപിക്കുന്നത് വരെ, അത്തരം ഫലങ്ങള്‍ അനൗദ്യോഗികമാണെന്ന വ്യക്തമായ നിരാകരണത്തോടെയുള്ള പക്ഷം. അല്ലെങ്കില്‍ അപൂര്‍ണ്ണമോ ഭാഗികമോ ആയ ഫലങ്ങള്‍ അല്ലെങ്കില്‍ അന്തിമഫലമായി കണക്കാക്കാന്‍ പാടില്ലാത്ത പ്രവചനങ്ങള്‍.

4. എക്സിറ്റ് പോളുകളുടെ വീഴ്ചയില്‍ നിന്ന് മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവരുന്നു. ശ്രദ്ധേയമായി, 2023 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍, ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ വോട്ടെടുപ്പ് ഒഴികെ എല്ലാ എക്സിറ്റ് പോള്‍ പ്രവചനങ്ങളും കൃത്യമല്ലെന്ന് തെളിഞ്ഞു, അത് 95 ശതമാനം കൃത്യതാ നിരക്ക് കൈവരിച്ചു. ഇത്തരം പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നിട്ടും, നിരവധി ഏജന്‍സികള്‍ എക്സിറ്റ് പോള്‍ നടത്തുന്നതില്‍ പങ്കെടുക്കുന്നത് തുടരുന്നു.