കേരളീയരുടെ കല്പവൃക്ഷമായ തെങ്ങ് ഭാരതത്തിൽ പുണ്യ വൃക്ഷമായി കണക്കാക്കുന്നു. കേരളത്തിന്റെ മുഖമുദ്രയാണ് തെങ്ങുകൾ. കേരളം എന്ന നാമം തേങ്ങയുടെ മറ്റൊരു പേരായ കേരത്തിൽ നിന്നാണുത്ഭവിച്ചത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിദ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്. എന്നാൽ കൊമ്പൻചെല്ലിയുടെ ആക്രമണത്തിൽ തെങ്ങ് നശിക്കുകയാണ് ഇങ്ങനെ ചെയ്തുനോക്കു.
കൊമ്പൻ ചെല്ലിയെ ചെല്ലി കോൽക്കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിന് മുൻകരുതൽ എന്ന നിലയിൽ തെങ്ങിൻറെ മണ്ട വൃത്തിയാക്കി കൂബോലയ്‌ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓല കവിളുകളിൽ പാറ്റഗുളിക 10 ഗ്രാം (നാലെണ്ണം) വെച്ച് മണൽ കൊണ്ട് മൂടുകയോ, വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടി പിണ്ണാക്ക് (250 ഗ്രാം ) തുല്യ അളവിൽ മണലുമായി ചേർത്ത് ഇടുകയോ ചെയ്യുക.
0.01% വീര്യമുള്ള കാർബറിൽ (50% വെള്ളത്തിൽ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മില്ലിഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വണ്ടുകളുടെ പ്രജനനം നടത്തുന്ന ചാണക കുഴികളിലും മറ്റും തളിക്കുക. പെരുവലം എന്ന ചെടി പറിച്ച് ചാണക കുഴികളിൽ ചേർക്കുന്നതും നല്ലതാണ്. ബാക്കുലോ വൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പൻ ചെല്ലി യുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിക്കാം. ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ 10-15 എണ്ണം എന്ന കണക്കിൽ സന്ധ്യാസമയത്ത് തോട്ടത്തിൽ തുറന്നുവിടുക.
മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്ലിയ എന്ന കുമിൾ തേങ്ങാ വെള്ളത്തിലോ കപ്പ കഷണങ്ങളും തവിടും ചേർത്ത് ഉണ്ടാക്കിയ മിശ്രിതത്തിലോ വൻതോതിൽ വളർത്തിയെടുത്ത് ഒരു ക്യുബിക് മീറ്ററിന് 250 മില്ലിഗ്രാം മെറ്റാറൈസിയം കൾച്ചർ 750 മില്ലി വെള്ളവുമായി കലർത്തിയ മിശ്രിതം എന്ന തോതിൽ ചാണക കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിക്കുക.
കൊമ്പൻ ചെല്ലിയുടെ ഉപദ്രവം ഉള്ള തെങ്ങുകളിൽ നിന്നും ചുവന്ന ദ്രാവകം ഒലിക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേക്ക് വരുന്നതായും കാണാം. കൊമ്പൻ ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാർബറിൽ (20 ഗ്രാം കാർബറിൽ ലിറ്റർ വെള്ളത്തിൽ ചേർത്ത്) തെങ്ങിൻ തടിയിൽ കീടം ഉണ്ടാക്കിയ ദ്വാരങ്ങൾ അടച്ചതിനുശേഷം അല്പം മുകളിലായി താഴേക്കു ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതിൽ ചോർപ്പ് വെച്ച് ഒഴിച്ചു കൊടുത്തശേഷം ആ ദ്വാരം അടയ്ക്കുക. കാർബറിൽ കീടനാശിനിക്ക് പകരം ഇമിഡാക്ലോറൈഡ് അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മേൽപ്പറഞ്ഞ രീതിയിൽ കൊമ്പൻചെല്ലിക്ക് എതിരെ പ്രയോഗിക്കാവുന്നതാണ്. കൊമ്പൻചെല്ലിക്ക് എതിരെ ഒരു പ്രദേശത്തെ ഒട്ടാകെയുള്ള കർഷകർക്ക് ഒരുമിച്ച് ഫിറമോൺ കെണി ഉപയോഗിക്കാവുന്നതാണ്.