രാജ്യ സുരക്ഷാ ഭീഷണിയും, സി.ബി.ഐ-എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെയും വേഷംകെട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ പുതിയ സ്‌കാം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറും ബിസിനസുകാരനുമായ തിരുവനന്തപുരം സ്വദേശിയുടെ 21.50ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വളരെ ആസൂത്രിതമായി നടത്തിയ തട്ടിപ്പിന് ഇരയാകേണ്ടി വന്നപ്പോള്‍, തനിക്ക് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനുള്ള പഴുതുപോലും തന്നില്ലെന്ന് തട്ടിപ്പിന് ഇരയായ ആള്‍ പറയുമ്പോഴാണ് ഗൗരവം വര്‍ദ്ധിക്കുന്നത്. സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി അനായാസം ജനങ്ങളെ തട്ടിപ്പിനിരയാക്കുന്ന കൊള്ളസംഘങ്ങള്‍ രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ.
മാത്രമല്ല, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുന്ന രാജ്യത്തെ ഏറ്റവം പ്രധാന അന്വേഷണ ഏജന്‍സികളുടെ പേരിലാണ് ഈ തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നതെന്നതും അതീവ ഗൗരവമേറിയതാണ്. നാലു ദിവസം കൊള്ളസംഘത്തിന്റെ ക്യാമറാ നിരീക്ഷണത്തില്‍ നില്‍ക്കേണ്ടി വന്നതിന്റെ ഉള്‍ഭയം ഇപ്പോഴും വിട്ടു പോയിട്ടില്ലെന്നാണ് പണം നഷ്ടപ്പട്ട ഇര അന്വേഷണത്തോട് പറഞ്ഞത്. ഒരു ദേശീയ അന്വേഷണ ഏജന്‍സി എങ്ങനെയാണ് കുറ്റവാളിയെ ചോദ്യചെയ്യുന്നവോ, അതേ മാനറിസങ്ങളും, ചോദ്യങ്ങളും, അംഗവിക്ഷേപങ്ങളും, ആജ്ഞാപിക്കലും, തെളിവുകളും നിരത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പറയുന്നതെല്ലാം അറിയാതെ അംഗീകരിച്ചു പോകും.
അത്രയും തന്‍മയത്വത്തോടെയുള്ള അന്വേഷണ നാടകമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവിക്കേണ്ടി വന്നത്. തന്റെ തലച്ചോറിനെ ആദ്യം ഹാക്ക് ചെയ്ത ശേഷം മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാന്‍ ഇടനല്‍കാതെ, തട്ടിപ്പു സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം ശരീരത്തിലേക്ക് കയറ്റി വിടുകയാണ് ചെയ്തത്. സ്‌കൈപ്പിലൂടെയും മൊബൈല്‍ ക്യാമറയിലൂടെയും നാലു ദിവസത്തെ മാനസിക പീഡനത്തിനൊടുവിലാണ് രണ്ട് ബാങ്ക് അക്കൗണ്ടിലൂടെയും രണ്ടുതവണ ഓണ്‍ലൈനിലൂടെയും പണം തട്ടിയത്. തട്ടിപ്പുകാര്‍ പറഞ്ഞത്, താന്‍ മണി ലോന്‍ഡറിംഗ് മാഫിയയില്‍പ്പെട്ട ആളാണെന്നും, അന്വേഷണം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും, അതിനാല്‍ കാര്യങ്ങളെല്ലാം രഹസ്യമാക്കണം എന്നുമാണ്.
ഒരുക്രെഡിറ്റ് കാര്‍ഡിന്റെ വിഷയം സംസാരിക്കാനായി വിളിച്ച്, വലിയൊരു സാമ്പത്തിക തട്ടിപ്പു മാഫിയയുടെ കണ്ണിയാക്കി നിര്‍ത്തി, തന്നെ കൊള്ളയടിച്ചവരെ പിടികൂടാന്‍ രാജ്യത്തെ യഥാര്‍ഥ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുമോ എന്നറിയില്ല. എങ്കിലും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ പൂര്‍ണ്ണ പിന്തുണയും, ശക്തമായ അന്വേഷണവും നടക്കുന്നുണ്ട്. ഒരാഴ്ച കൂടി കാത്തിരുന്നിട്ട്, കൂടുതല്‍ നടപടികളിലേക്ക് നീങ്ങാമെന്നാണ് സൈബര്‍ പോലീസ് നല്‍കിയിരിക്കുന്ന ഉറപ്പ്. പണം ഇരട്ടിപ്പിക്കുന്നതിനോ, മറ്റ് ഓണ്‍ലൈന്‍ ബിസിനസ്സുകള്‍ക്കോ വേണ്ടിയല്ല, തന്റെ പണം നഷ്ടപ്പെട്ടിരിക്കുന്നത് എന്ന ആശ്വാമാണ് ഇരയ്ക്കുള്ളത്. രാജ്യ സുരക്ഷയും, രാജ്യത്തെ അന്വേഷണ ഏജന്‍സികളാണെന്ന് വിശ്വസിപ്പിക്കുന്ന രേഖകള്‍ കൈമാറിയുമുള്ള സ്‌കാമാണ് നടത്തിയിരിക്കുന്നത്.
വിദഗ്ദ്ധമായ തട്ടിപ്പിന്റെ കഥ ഇങ്ങനെ:
മെയ് 28
അന്നാണ് തട്ടിപ്പു സംഘത്തിന്റെ ആദ്യ ഫോണ്‍ കോള്‍ വരുന്നത്. 9861723340(എന്നാണ് ഓര്‍മ്മ) എന്ന നമ്പറില്‍ നിന്നുമായിരുന്നു കോള്‍. കോടതിയില്‍ നിന്നുമാണ് വിളിക്കുന്നത്. രണ്ടു സമന്‍സുകളുണ്ട്. അത് കൈപ്പറ്റാത്തതു കൊണ്ടാണ് വിളിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ തിരിച്ചു വിളിക്കുകയോ, സമന്‍സ് കൈപ്പറ്റുകയോ ചെയ്തില്ലെങ്കില്‍ മേല്‍ നടപടി സ്വീകരിക്കും എന്നായിരുന്നു ഫോണ്‍കോളില്‍ ബന്ധപ്പെട്ടയാള്‍ പറഞ്ഞത്. എന്നാല്‍, ഈ കോള്‍ വലിയ കാര്യമാക്കിയില്ലെങ്കിലും, എന്തെങ്കിലും പുലിവാലു പിടിക്കേണ്ടി വരുമോ എന്നു ഭയന്ന്, ആ നമ്പറില്‍ തിരിച്ചു വിളിക്കുകയായിരുന്നു.
അത് ഒരു ഓട്ടോ ഡയലിംഗ് സംവിധാനമായിരുന്നു. കസ്റ്റമര്‍ കെയര്‍ ഓഫീസറിലേക്ക് കോള്‍ കണക്ടായി. ഒരു സമന്‍സിന്റെ കാര്യം പറഞ്ഞ് വിളിച്ചിരുന്നു എന്ന് പറഞ്ഞതോടെ, അവര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങി. താങ്കളുടെ ആക്‌സിക് ബാങ്കില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡു വഴി 5 ലക്ഷം രൂപ പിന്‍വലിച്ചിട്ടുണ്ട്. അത് തിരിച്ചടയ്ക്കാത്തതു കൊണ്ട് കേസായിട്ടുണ്ട്. ഫര്‍ദര്‍ പ്രൊസീജിറിനായി മുംബായ് സൈബര്‍സെല്ലിന് കേസ് കൈമാറുന്നു എന്നു പറഞ്ഞു കൊണ്ട് കോള്‍ ഡൈവേര്‍ട്ട് ചെയ്തു. അങ്ങനെ, മുംബായ് സൈബര്‍സെല്ലിലെ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ രാകേഷ്‌കുമാര്‍ പി.എസ് എന്നയാള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് തന്നോട് സ്‌കൈപ്പില്‍ വരാന്‍ പറഞ്ഞു. അങ്ങനെ പിന്നീടുള്ള ചോദ്യം ചെയ്യല്‍ സ്‌കൈപ്പിലൂടെയായി.
മുംബായ് സൈബര്‍സെല്ലിന്റെ എല്ലാ സെറ്റപ്പുകളുമുള്ള ഒരു സ്ഥലത്തിരുന്നു കൊണ്ടാണ് രാജേഷ്‌കുമാറിന്റെ ചോദ്യം ചെയ്യല്‍. എല്ലാം സ്‌കൈപ്പിലൂടെ കാണാന്‍ കഴിയുന്ന തരത്തില്‍ ആയിരുന്നു ചോദ്യം ചെയ്യലും മറ്റും. വാഗമണ്ണിലെ തന്റെ പണി നടക്കുന്ന റിസോര്‍ട്ടില്‍ പോയപ്പോഴാണ് തട്ടിപ്പുകാരുടെ ഫോണ്‍ വിളിയും, തുടര്‍ന്നുള്ള സംഭവങ്ങളും നടക്കുന്നത്. ചോദ്യം ചെയ്യലിനിടയില്‍ രാകേഷ്‌കുമാറിന് ഒരു വയര്‍ലെസ് മെസ്സേജ് വരുന്നു. ഒരു ആധാര്‍ നമ്പറിലുള്ള ആളുടെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നായിരുന്നു ഫോണ്‍കോളില്‍ നിന്നും മനസ്സിലാക്കാനായത്. ഉടനെ രാകേഷ് കുമാര്‍ ഉത്തരവു കൊടുക്കുകയാണ് ‘arrest him immidiatly’ .
ഇതുകൂടി കേട്ടതോടെ ഇരയുടെ നല്ലജീവന്‍ പോയിരുന്നു. പിന്നീട്, രാജേഷ്‌കുമാര്‍ പറയുന്നത് കേട്ട് ഇര ഞെട്ടിപ്പോയി. രാജ്യാന്തര ബന്ധമുള്ള ഒരു സാമ്പത്തിക തിരിമറി നടത്തുന്ന സംഘത്തിലെ കണ്ണിയാണ് താനെന്നും, ഇനി തനിക്ക് രക്ഷപ്പെടാനാവില്ലെന്നുമായിരുന്നു. ഇതു കേട്ടതോടെ ഇരയ്ക്ക് ബോധം മറയുന്നതു പോലെ തോന്നി. തുടര്‍ന്ന് കഥയാകെ മാറുകയായിരുന്നു. ഇതൊരു നാഷണല്‍ പ്രൈവസിയുള്ള കേസാണെന്നും, കേസ് സി.ബി.ഐക്ക് കൈമാറുമെന്നുമായിരുന്നു രാകേഷ്‌കുമാര്‍ പറഞ്ഞത്. അന്വേഷണവുമായി സഹകരിക്കണമെന്നും, കേസിന്റെ വിവരങ്ങള്‍ പുറത്തു പോകരുതെന്നും കര്‍ശ നിര്‍ദ്ദേശവും നല്‍കി. അതുമാത്രമല്ല, ക്യാമറയില്‍ നിന്നും ഒരിടത്തേക്കും പോകാനോ, വീട്ടുകാരെയോ, മറ്റുള്ളവരെ വിളിക്കാനോ പാടില്ലെന്നുമുള്ള വാണിംഗും നല്‍കി.
എല്ലാം അംഗീകരിച്ച ഇരക്ക് ഇരുന്നിടത്തു നിന്നും അനങ്ങാന്‍ കഴിയാതെയായി. വാതിലുകളും ജനലുകളും പൂട്ടാനും നിര്‍ദേശം കിട്ടി. പത്തു മിനിട്ടിനുള്ളില്‍ ഇരയുടെ മൊബൈലിലേക്ക് സ്‌കൈപ്പുവഴി സി.ബി.ഐയുടെ അറസ്റ്റു വാറണ്ടും വന്നു. ഇതോടെ തട്ടിപ്പുകാരുടെ വലയില്‍ പൂര്‍ണ്ണമായും ഇര അകപ്പെട്ടു കഴിഞ്ഞിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന്റെ രണ്ട് പോപ്പ്അപ്പ് മെസ്സേജുകളും മൊബൈലില്‍ എത്തി. തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കള്ളന്‍മാരാണോ അതോ അന്വേഷണ ഏജന്‍സികളാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത മാനസികാവസ്ഥയിലായിപ്പോയി ഇര. മണിക്കൂറുകളുടെ ചോദ്യം ചെയ്യലിനൊടുവില്‍ ഇരയോട് അവര്‍ പറഞ്ഞത്,
‘ താങ്കള്‍ ഈ കേസില്‍ നിരപരാധിയാണെന്നറിയാം പക്ഷെ, നടപടി എടുക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഒരു വര്‍ഷം തടവില്‍ കഴിയേണ്ടി വരുന്ന കേസാണിത്. എന്നാല്‍, ഈ കേസ് ‘പ്രയോരിട്ടി കേസ്’ ആക്കാനുള്ള മാര്‍ഗമുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് തത്ക്കാലം കുഴപ്പമുണ്ടാകില്ല’ എന്നായിരുന്നു. അതിന് സി.ബി.ഐ ഓഫീസുമായി ബന്ധപ്പെടാനായിരുന്നു അടുത്ത നിര്‍ദ്ദേശം. രാജ്യ വിരുദ്ധ നടപടിയും, മണി ലോണ്ടറിംഗ് മാഫിയയുടെ കണ്ണിുയുമൊക്കെയാണെന്ന് രാജ്യത്തെ അന്വേഷണ ഏജന്‍സി പറഞ്ഞതോടെ പേടിച്ചു പോയ ഇര ഇക്കാര്യം ആരോടും പറയാനും തയ്യാറായില്ല. പുറത്തു പറഞ്ഞാല്‍ നാലു വര്‍ഷം തടവാണ് ശിക്ഷയെന്നും തട്ടിപ്പുകാര്‍ പറഞ്ഞിരുന്നു. ആകെ പേടിച്ചവന്റെ അവസ്ഥ, അനുഭവിച്ചവനേ മനസ്സിലാകൂ. ആ അവസ്ഥയില്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്ന് ഇര പറയുന്നു.
മെയ് 29
വീണ്ടും സി.ബി.ഐ ഓഫീസറുമായി ബന്ധപ്പെടാനായി കോള്‍ വന്നു. അപ്പോഴും ക്യാമറയില്‍ നിന്നും മാറാന്‍ പാടില്ലെന്നുള്ള കര്‍ശന നിര്‍ദേശത്തിലായിരുന്നു ഇര. ഉറക്കം പോലും ക്യാമറയില്‍ നിരീക്ഷിക്കുകയായിരുന്നു അവര്‍. അന്ന് സി.ബി.ഐ ഓഫീസറായി സംസാരിച്ചത് രശ്മി ശുക്ല എന്ന സ്ത്രീയാണ്. ഹിന്ദിയും ഇഗ്ലീഷും അനായാസും കൈകാര്യം ചെയ്യുന്ന അവരെ ഒരു തരത്തിലും സംശയിക്കാന്‍ ഇടയുണ്ടായില്ല. ചോദ്യം ചെയ്യലും അത്രയും സൂക്ഷ്മമായിട്ടായിരുന്നു. എല്ലാ വശങ്ങളില്‍ നിന്നുമള്ള ചോദ്യശരങ്ങളില്‍ ഇര നന്നേ തളര്‍ന്നിരുന്നു. സ്വയം ഒരു കുറ്റക്കാരനായി മാറുകയും ചെയ്തു. അങ്ങനെ മാറ്റിയെടുക്കാനുള്ള എല്ലാ തന്ത്രങ്ങളും തട്ടിപ്പുകാരില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടേയിരുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന തരത്തില്‍ സാമ്പത്തിക ഇടപാടുകളും, പണം തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇരയെന്ന രീതിയില്‍ അന്വേഷണത്തെ കൊണ്ടെത്തിച്ചു. ഒരു വിധത്തിലും തട്ടിപ്പുകാരില്‍ നിന്നും പുറത്തു പോകാന്‍ കഴിയാത്ത വിധം കുടുക്കിയിട്ടു. രാവിലെ തുടങ്ങുന്ന ചോദ്യം ചെയ്യലുകള്‍ ഇടവേളകളിട്ട് (വെള്ളം കുടിക്കാനും, വാഷ്‌റൂമില്‍ പോകാനും, ഭക്ഷണം കഴിക്കാനും മാത്രം) രാത്രി വൈകിയും തുടര്‍ന്നു. ഒടുവില്‍ രശ്മി ശുക്ല തന്റെ കേസ് പ്രയോരിട്ടിയില്‍ വെയ്ക്കാമെന്നുള്ള ആശ്വാസകരമായി തോന്നുന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. അതിന് കുറച്ചു നിബന്ധനകളും വെച്ചു.
1)കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും ആരോടും പറയരുത്.
2)അന്വേഷണ ഏജന്‍സിയുമായി പൂര്‍ണ്ണമായി സഹകരിക്കുക.
3)ബാങ്ക് അക്കൗണ്ടുകളെല്ലാം RBIയുടെ സര്‍വയലന്‍സിലുള്ള അക്കൗണ്ടിലേക്ക് അറ്റാച്ച് ചെയ്യുക.
4) വിവരങ്ങള്‍ ചോര്‍ന്നാല്‍ നാലു വര്‍ഷം തടവിനു ശിക്ഷിക്കും
ഇവയായിരുന്നു രശ്മി ശുക്ല ഇരയോട് പറഞ്ഞത്. അക്ഷരം പ്രതി ഇത് അനുസരിക്കാനേ ഇരയ്ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. നിര്‍ദേശങ്ങള്‍ കേട്ട് ഉറക്കം വരാതെ നേരം വെളുപ്പിക്കേണ്ട ദരവസ്ഥയായിരുന്നു ഉണ്ടായത്.
മെയ് 30
വാഗമണ്ണില്‍ നിന്നും കുടുംബവുമായി തിരിച്ച് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് ആക്‌സിസ്സ് ബാങ്കിലെത്തി അവര്‍ പറഞ്ഞതനുസരിച്ച് രണ്ട് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. ഒരു അക്കൗണ്ടിലേക്ക് 13,79,000 രൂപയും, മറ്റൊരു അക്കൗണ്ടിലേക്ക് 5,72,000 രൂപയുമാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഇതു കൂടാതെ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരോ ലക്ഷം രൂപ ഓണ്‍ലൈനായി രണ്ട് അക്കൗണ്ടുകളിലേക്കും അയച്ചു കൊടുത്തു. അപ്പോഴുണ്ടായ ഒരു സംശയം ഇര ചോദിക്കുകയും ചെയ്തു. ‘ RBIയുടെ സര്‍വയലന്‍സിലുള്ള ഒരു അക്കൗണ്ടിലേക്കല്ലേ പണം അയക്കേണ്ടത്, ഇത് പല അക്കൗണ്ടുകളിലേക്കാണല്ലോ അയച്ചത്’ എന്ന്. പക്ഷെ, അതിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നു മാത്രമല്ല, തിരിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനും തട്ടിപ്പുകാര്‍ നിര്‍ദേശിച്ചിരുന്നു. അങ്ങനെ രാവിലെ മുതല്‍ വൈകിട്ടു വരെയുള്ള ചോദ്യം ചെയ്യല്‍ അവസാനിച്ചപ്പോള്‍ ഇരയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഇരുപത്തൊന്നര ലക്ഷം രൂപ.
മെയ് 31
തട്ടിപ്പുകാരായ അന്വേഷണ ഏജന്‍സിയുടെ അറസ്റ്റില്‍ ജീവിച്ച നാലാം ദിവസത്തിലെ ചോദ്യം ചെയ്യലില്‍ പുതിയൊരു നിര്‍ദേശമാണ് ലഭിച്ചത്. ഇരയുടെ കേസ് പരിഗണിക്കാതിരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്(ഇ.ഡി) 20 ലക്ഷം രൂപ കൊടുക്കണമെന്ന്. ആ പണം കിട്ടിയാല്‍ മാത്രമേ ED നടപടികള്‍ നിര്‍ത്തി വെയ്ക്കൂ എന്നും തട്ടിപ്പുകാരുടെ ഭീഷണി വന്നു. ഇതോടെ ഇരയ്ക്ക് ചെറിയൊരു സംശയം ഉണ്ടായി. അന്വേഷണ ഏജന്‍സികള്‍ പണംവാങ്ങി കേസ് സെറ്റില്‍ ചെയ്യുമോ ?. ഇതിലെന്തോ പന്തികേടുണ്ടെന്ന് തോന്നിയ ഇര, മുറിയില്‍ നിന്നിറങ്ങി, തന്റെ അമ്മയോട് ഉച്ചത്തില്‍ നിലവിളിക്കാന്‍ പറഞ്ഞു. അമ്മയുടെ നിലവിളി ഫോണിലൂടെ തട്ടിപ്പുകാര്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് അമ്മയ്ക്ക് വയ്യാതായി, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു പറഞ്ഞ് ഇര ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍, തട്ടിപ്പുകാര്‍ വീണ്ടും വിളിച്ചു. ഫോണ്‍ വീഡിയോ ഓണ്‍ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ഇര വിസ്സമ്മതിച്ചു. ഇതിനിടയില്‍ ഇര പൂജപ്പുര പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പൂജപ്പുര എസ്.എച്ച്.ഒ അപ്പോള്‍ത്തന്നെ പറഞ്ഞത്, ഇത് വന്‍ തട്ടിപ്പാണെന്നാണ്. ഫ്രോഡ് സ്‌കാം. അതുകേട്ടപ്പോള്‍ ഉള്ളില്‍ നിന്നുമുണ്ടായ ഞെട്ടല്‍ വിറയലായി ദേഹത്താകെ പടരുകയായിരുന്നു. എത്ര മനോഹരമായാണ് തന്നെ അവര്‍ തട്ടിച്ചത്. എത്ര വിശ്വാസ്യതയോടെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. പോലീസ് സ്‌റ്റേഷനില്‍ ഇരിക്കുമ്പോഴും തട്ടിപ്പുകാരുടെ മെസേജ് നിരന്തരം വരുന്നു. ‘ ഇരയുടെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല, അവര്‍ വീട്ടിലുണ്ടെന്നും, കബളിപ്പിച്ചാല്‍ ഭവിഷ്യത്ത് വേറെയാണെന്നുമായിരുന്നു ഭീഷണി’.
തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കഴിയുന്ന തരത്തില്‍ എങ്ങനെയാണ് ഇവര്‍ കാര്യങ്ങള്‍ നീക്കുന്നത്. തന്റെ പിന്നാലെ മുംബായ് ലോക്കല്‍ പോലീസിന്റെ സാന്നിധ്യമുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പാണെന്ന് ഉറപ്പായതോടെ സൈബര്‍സെല്ലില്‍ പരാതി നല്‍കി. പോയ പണം തിരിച്ചു കിട്ടുമോ എന്നതിന് ഉറപ്പു പറയാനൊക്കില്ല എങ്കിലും ഊര്‍ജ്ജിതമായി അന്വേഷിക്കാമെന്നും നടപടി എടുക്കാമെന്നുമാണ് സൈബര്‍സെല്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. കുറച്ചു പണം തിരികെ കിട്ടിയെന്നും ഇര പറയുന്നുണ്ട്.
കേരളത്തില്‍ നിരന്തരം കൂടിക്കൂടി വരുന്ന തട്ടിപ്പാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. നോര്‍ത്തിന്ത്യയിലെ ഒരു സംഘം തട്ടിപ്പുകാര്‍(ട്രെയിന്‍ഡ്)നടത്തുന്ന സാമ്പത്തിക കൊള്ളയില്‍ വീണുപോകുന്നവര്‍ക്ക് നഷ്ടമാകുന്നത് കോടികളാണ്. ധനനഷ്ടവും മാനഹാനിയും സംഭവിക്കുന്നവര്‍ പിന്നീട് ഇതേക്കുറിച്ച് മിണ്ടാറില്ലെന്നു മാത്രം.