പയർ കൃഷി തുടങ്ങുമ്പോൾ തന്നെ കീടങ്ങൾ വരുന്നത് തടയണം. പയർ നട്ടുവളർത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്നം അതിലുണ്ടാവുന്ന കീടങ്ങളുടെ ആക്രമണം ആണ്. മുഞ്ഞ, ചാഴി, ചിത്രകീടം, ഇല തീനി പുഴുക്കൾ, ഉറുമ്പുകൾ തുടങ്ങിയവയാണ് പ്രധാനമായും പയറില്‍ കണ്ടുവരുന്നത്.
ജൈവരീതിയിലുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നവർ ഓർക്കേണ്ട പ്രധാനകാര്യം കീടങ്ങൾ പയറിൽ വരുന്നതിനു മുൻപുതന്നെ ഇതിനെതിരെ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങണം എന്നതാണ്.
ജൈവ രീതിയില്‍ ചെയ്യാവുന്ന നിയന്ത്രണ മാര്‍ഗങ്ങള്‍ നോക്കാം. 3 -4 ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം പയറിന്റെ ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കുക. പപ്പായയുടെ ഇല കീറി ഒരു ദിവസം വെള്ളത്തിലിട്ടതിനുശേഷം നല്ലതുപോലെ ഞെരടി പിഴിഞ്ഞ് പയറിന്റെ ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കാം.
ചാരവും കുമ്മായവും യോജിപ്പിച്ച് ഇലകളിൽ വിടരുന്നതും കീടങ്ങളെ പ്രതിരോധിക്കാൻ ഉത്തമമാണ്. പുഴുക്കളുടെ ശല്യം കാണപ്പെടുന്നുണ്ടെങ്കിൽ ഒരു പിടി കാന്താരിമുളകരച്ചതും 50 ഗ്രാം ബാർസോപ്പും 20ml വേപ്പെണ്ണയും ഒരു ലിറ്റർ വെള്ളത്തിൽ കൂട്ടിയിളക്കി ഇലകളിൽ തളിച്ചു കൊടുക്കാം.
കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് തളിച്ചു കൊടുത്താൽ കുമിൾ രോഗങ്ങളെ പ്രതിരോധിക്കുവാൻ നല്ലതാണ്. പുകയില കഷായം തളിക്കുന്നതും പയറിലെ കീടങ്ങളെ അകറ്റും. പയര്‍ പറിച്ചെടുക്കുമ്പോള്‍ ഞെട്ടോടുകൂടി പറിക്കുവാന്‍ ശ്രദ്ധിക്കുക
മേൽപ്പറഞ്ഞ കാര്യങ്ങൾ പയര്‍ കൃഷിയിൽ ചെയ്യുന്നതുവഴി പയറിലുണ്ടാകുന്ന കീടങ്ങളുടെ ആക്രമണത്തെ ഒരുപരിധിവരെ രക്ഷിച്ചെടുക്കാം.