അസ്തമിക്കുന്നത്, മാറ്റത്തിനു വേണ്ടി ശബ്ദിച്ച അചഞ്ചലനായ മാധ്യമ പ്രവര്‍ത്തകന്റെ വസന്തകാലം. ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കറുടെ മാധ്യമ ജീവിതത്തെ അടയാളപ്പെടുത്തേണ്ടത് അങ്ങനെയാണ്. അചഞ്ചലനായ വ്യക്തി. നിലപാടുകളിലും കാഴ്ടപ്പാടുകളിലും തന്റേതായ പരിസരങ്ങള്‍ സൃഷ്ടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രഖാശമായി നിറഞ്ഞു നിന്ന മനുഷ്യന്‍. 91-ാം വയസ്സില്‍ വിട പറയുമ്പോള്‍ മാധ്യമ രംഗത്ത് നിറയുന്നത് ശൂന്യതയാണ്. വെറുമൊരു ജോലിയല്ലായിരുന്നു BRP എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്. 19-ാം വയസ്സില്‍ ആരംഭിച്ച മാധ്യമ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമായിരുന്നു.
ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹം വെട്ടിത്തെളിച്ച വഴികള്‍ ഒരു ജനാധിപത്യ സമൂഹത്തിനു മറക്കാന്‍ കഴിയുന്നതല്ല. പത്രപ്രവര്‍ത്തനത്തെ ജനാധിപത്യപരമായ സാമൂഹിക ഇടപെടലായി കാണുക എന്ന സന്ദേശമായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കംമുതല്‍ അദ്ദേഹത്തിന് നല്‍കാന്‍ ഉണ്ടായിരുന്നത്. അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ, പ്രാന്തവത്കൃത സമൂഹങ്ങളുടെ വേദനകള്‍ക്കൊപ്പം നില്‍ക്കുക എന്ന മാധ്യമ ധര്‍മത്തില്‍ നിന്ന് തരിമ്പുപോലും വ്യതിചലിക്കാതെയാണ് ഏഴു പതിറ്റാണ്ടുകാലം അദ്ദേഹം പത്രപ്രവര്‍ത്തനം നടത്തിയത്.
ഇന്ത്യയിലും കേരളത്തിലും സമരവീര്യത്തോടെ നിലകൊണ്ടതും കീഴാളരാഷ്ട്രീയത്തിനും ഭരണഘടനപരമായ മനുഷ്യാവകാശത്തിനും വേണ്ടിയാണ്. ന്യൂനപക്ഷങ്ങളുടെയും ദലിത് സമുദായങ്ങളുടെയും സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹങ്ങളുടെയുമെല്ലാം അവകാശങ്ങള്‍ക്കു വേണ്ടിയുള്ള രാഷ്ട്രീയത്തില്‍ അവരോടൊപ്പം നിലയുറപ്പിച്ചു. ഒരു ജനാധിപത്യസമൂഹം നല്‍കേണ്ട ആദരവ് കേരളം നല്‍കുന്നുണ്ടോ എന്നത് അദ്ദേഹത്തിന്റെ വിഷയമേയല്ല. പക്ഷേ, കേരളീയ സമൂഹം അക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
കേരളത്തിലെ ദലിത്-ആദിവാസി ഭൂസമരങ്ങളില്‍ സ്ത്രീവാദ സമരങ്ങളില്‍ മുന്‍വിധികളും സങ്കുചിത സമീപനങ്ങളുമില്ലാതെ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ബി.ആര്‍.പി, അയ്യന്‍കാളിയും ശ്രീനാരായണഗുരുവും രൂപംനല്‍കിയ നവോത്ഥാന പാരമ്പര്യത്തിന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ചു. നിസ്വാര്‍ഥമായി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. അവയെക്കുറിച്ച് എഴുതിയും സംസാരിച്ചും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെ ശ്രദ്ധ അവയിലേക്കു കൊണ്ടുവന്നു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍, ലോക്കപ്പ് മര്‍ദ്ദനങ്ങളില്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍, നവോത്ഥാന ദുരഭിമാനത്തിന്റെ പേരില്‍ കേരളം മൂടിവെക്കാന്‍ ശ്രമിക്കുന്ന ജാതിഹിംസകളില്‍ നിര്‍ഭയം ഇടപെട്ടുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ സിവില്‍ സമൂഹത്തിന്റെ കണ്ണും നാവുമായി മാറിയിട്ടുണ്ട് അദ്ദേഹം.
മുത്തങ്ങയിലെ ആദിവാസികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്കുവേണ്ടി മുഴങ്ങിയ പൊതുസമൂഹത്തിന്റെ ഏറ്റവും ശക്തമായ ശബ്ദം ബി.ആര്‍.പിയുടേതായിരുന്നു. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട നിരവധി സന്ദര്‍ഭങ്ങളില്‍ ഒന്നൊഴിയാതെ ഒരു സഹയാത്രികനെപ്പോലെ സൗമ്യസാന്നിധ്യമായി അവരോടൊപ്പം നില്‍ക്കുകയും അധികാരികളുടെ ദുര്‍നീതികള്‍ക്കെതിരെ ജ്വലിക്കുന്ന വാക്കുകള്‍ ഉതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ആണവവിരുദ്ധ സമരത്തില്‍, പ്ലാച്ചിമട സമരത്തില്‍, ചെങ്ങറ സമരത്തില്‍, അങ്ങനെ അതിജീവനത്തിനു വേണ്ടി പാര്‍ശ്വവത്കൃതര്‍ നടത്തിയിട്ടുള്ള ഏതു പോരാട്ടത്തിലും സ്വന്തം സാന്നിധ്യംകൊണ്ടും തൂലികകൊണ്ടും അവരില്‍ ഒരാളായി നിലകൊണ്ടു.
പ്രകടനപരത തെല്ലുമില്ലാത്ത, ശാന്തവും ദീപ്തവുമായ, എന്നാല്‍ സൂക്ഷ്മവും തീഷ്ണവുമായ നിലപാടുകളിലൂടെയാണ് തന്റെ ഐക്യദാര്‍ഢ്യങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. സ്വന്തം പിതാവ് നടത്തിയിരുന്ന നവഭാരതം പത്രത്തില്‍ എഴുതിയാണ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് അദ്ദേഹം എഴുത്തിന്റെ ബാലപാഠങ്ങള്‍ സ്വയം അഭ്യസിച്ചു തുടങ്ങിയത്. 1952 മുതല്‍ 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പാട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലിചെയ്തു. 1966ല്‍ വാര്‍ത്ത ഏജന്‍സിയായ യു.എന്‍.ഐയില്‍ ചേര്‍ന്നു. 18 വര്‍ഷം വാര്‍ത്തകളുടെ ആഗോളസ്പന്ദനങ്ങള്‍ അവിടെ തൊട്ടറിഞ്ഞു. 1984 മുതല്‍ ഡെക്കാണ്‍ ഹെറാള്‍ഡില്‍ ലേഖകനായി. പിന്നീട് മാധ്യമ ഉപദേശകന്‍ എന്നനിലയില്‍ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 1995ല്‍ ഏഷ്യാനെറ്റ് ന്യൂസ് നിലവില്‍വന്നപ്പോള്‍ അതിന്റെ ഭാഗമായി.
സമൂഹിക പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും പഠിക്കാന്‍ ഏറെയുള്ള, കര്‍മനിരതവും സത്യസന്ധവും അപരസ്‌നേഹപരവുമായ ജീവിതമാണ് അദ്ദേഹം നയിച്ചിട്ടുള്ളത്. ദേശീയതലത്തിലും പിന്നീട് കേരളത്തിലും പ്രവര്‍ത്തിച്ചുകൊണ്ട് മാധ്യമ മേഖലയില്‍ അനിഷേധ്യമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബി.ആര്‍.പി ഭാസ്‌ക്കര്‍. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 92 വയസായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്ക കാലത്തെ തന്നെ ഉണ്ടായിരുന്നവരില്‍ ഒരാളായിരുന്നു. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ്, പേട്രിയറ്റ്, യു.എന്‍.ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്ത അദ്ദേഹം 1932 മാര്‍ച്ച് 12ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്. നവഭാരതം പത്രം ഉടമ എ.കെ.ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായിരുന്നു.
1991ല്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിച്ചു. 1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമായാണ് താമസിച്ചിരുന്നത്. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമ പുരസ്‌കാരം 2014 ല്‍ ലഭിച്ചു. ‘ന്യൂസ് റൂം’ എന്ന പേരില്‍ ആത്മകഥ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചു. 2023ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു. പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍ നിന്ന അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ രമ 2023 ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്‌കര്‍ കാന്‍സര്‍ ബാധിച്ച് 2019ല്‍ മരിച്ചു.