Features

കോട്ടയം കോട്ട കാക്കാന്‍ ഇനി ഫ്രാന്‍സിസ് ജോര്‍ജ്ജ് മതി: തീരുമാനിച്ചത് വോട്ടര്‍മാര്‍

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ ലോക്സഭയില്‍ അംഗമായിരുന്ന എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവാണ് കെ. ഫ്രാന്‍സിസ് ജോര്‍ജ്. മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും 2020ല്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോര്‍ജിന്റെ മകനാണ്. നിലവില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോര്‍ജിന്റെയും മാര്‍ത്തയുടേയും മകനായി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ 1955 മെയ് 29ന് ജനനം.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടി. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം. കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ്. ഫെഡറല്‍ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഫ്രാന്‍സിസ് ജോര്‍ജ് കെ.എം.മാണി, പി.ജെ. ജോസഫ് എന്നീ വിഭാഗങ്ങളായി കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ 1987-ല്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പില്‍ ചേര്‍ന്നു.

1991-ല്‍ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗമായ ഫ്രാന്‍സിസ് ജോര്‍ജ് 1996, 1998 ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1999, 2004 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പാര്‍ട്ടി ടിക്കറ്റില്‍ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ ഇടുക്കിയില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവായ പി.ടി.തോമസിനോട് പരാജയപ്പെട്ടു.

2010ല്‍ ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കാബിനറ്റ് വകുപ്പ് മന്ത്രി സ്ഥാനം രാജി വച്ച പി.ജെ.ജോസഫിനൊപ്പം ഐക്യ ജനാധിപത്യ മുന്നണിയില്‍ എത്തി മാണി ഗ്രൂപ്പില്‍ ലയിച്ചു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തിനൊടുവില്‍ മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് വീണ്ടും ഇടത് മുന്നണിക്കൊപ്പം ചേര്‍ന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായ റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു.

2020ല്‍ സ്വന്തം പാര്‍ട്ടി വിട്ട് വീണ്ടും യു.ഡി.എഫില്‍ തിരിച്ചെത്തിയപ്പോള്‍ മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ട് ഇടത് മുന്നണിയിലെത്തി. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് വീണ്ടും മുന്നണി മാറി മത്സരിച്ചെങ്കിലും വീണ്ടും റോഷി അഗസ്റ്റിന്‍ തന്നെയാണ് ഇക്കുറിയും ജയിച്ചത്. നിലവില്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. രണ്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളും എന്‍ഡിഎ സ്ഥാനാര്‍ഥിയും നേര്‍ക്കുനേര്‍ എത്തിയ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത കുതിപ്പാണ് ഇത്തവണ കണ്ടത്. സിറ്റിങ് എംപിയായ തോമസ് ചാഴിക്കാടനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നേറ്റമാണ് കോട്ടയത്ത് തുടക്കം മുതല്‍ കണ്ടത്.

ശക്തമായ സാന്നിധ്യമാകുമെന്ന് കരുതിയ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി മൂന്നാം സ്ഥാനത്തേക്ക് വീണു. ഫ്രാന്‍സിസ് ജോര്‍ജ് 69214 വോട്ടാണ് ലീഡ് ചെയ്യുന്നത്. ആകെ രണ്ട് ലക്ഷത്തി എണ്‍പത്തിഒന്നായിരത്തി അറുനൂറ്റി മൂന്നു വോട്ടുകള്‍ നേടി. തോമസ് ചാഴിക്കാടന്‍ 2,12389 വോട്ടുകളും തുഷാര്‍ വെള്ളാപ്പള്ളി 1,27,023 വോട്ടുകളും നേടി. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് മുന്നിലായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് കേരളാ കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംപിയുമായ തോമസ് ചാഴികാടന്‍ മുന്നിലുണ്ടായിരുന്നത്. പിന്നീടങ്ങോട് ഫ്രാന്‍സിസ് ജോര്‍ജിന്റെ മുന്നേറ്റമാണ് കണാനായത്.

പ്രതീക്ഷിച്ച വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേടാനായില്ല. രണ്ട് ലക്ഷത്തിലധികം വോട്ടുകളാണ് എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയായിരുന്ന കേരളാ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് (എം) വിഭാഗവും നേര്‍ക്കുനേര്‍ എത്തിയതോടെ കോട്ടയത്ത് മത്സരം കടുക്കുമെന്ന് ഉറപ്പായിരുന്നു. ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തുകയും പിജെ ജോസഫ് നയിക്കുന്ന ജോസഫ് വിഭാഗം യുഡിഎഫില്‍ തുടരുകയും ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും രണ്ട് ചേരികളിലായത്.

ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി കൂടി എത്തിയതോടെ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 421,046 വോട്ടുകള്‍ നേടിയാണ് തോമസ് ചാഴികാന്‍ ലോക്‌സഭയിലെത്തിയത്. സിപിഎം സ്ഥാനാര്‍ഥിയായ വിഎന്‍ വാസവനെ പരാജയപ്പെടുത്തിയായിരുന്നു ചാഴികാടന്റെ വിജയം. 3,14,787 വോട്ടുകളാണ് വാസവന് നേടാനായത്.