എല്ലാ പ്രചാരണങ്ങളെയും തള്ളി പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയുടെ തകര്‍പ്പന്‍ ജയം. 1977ന് ശേഷം ലീഗ് സ്ഥാനാര്‍ഥികളല്ലാതെ മാറ്റാരും മണ്ഡലത്തില്‍ ജയിച്ചിട്ടില്ല. പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ഇ.ടി.മുഹമ്മദ് ബഷീറിനെ മുസ്‌ലിം ലീഗ് ഇത്തവണ മലപ്പുറത്ത് നിയോഗിക്കുകയായിരുന്നു. മലപ്പുറത്തുനിന്നാണ് സമദാനി പൊന്നാനിയിലേക്കെത്തിയത്. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം സമദാനി വിജയകരമായി പൂര്‍ത്തിയാക്കി. സമദാനിയുടെ പൊന്നാനിയിലെ ആദ്യ മത്സരമാണിത്. തുടക്കം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡാണ് നിലനിര്‍ത്തി.
ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവര്‍ത്തകനാണ് എംപി അബ്ദുസമദ് സമദാനി. മുസ്ലീം ലീഗ് നേതാവും പാര്‍ട്ടിയുടെ ഹൈപവര്‍ കമ്മിറ്റി അംഗവുമായ അബ്ദുസമദ് സമദാനി 2021ല്‍ മലപ്പുറം മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ഭാഷകളില്‍ പാണ്ഡിത്യമുള്ള പൊതുപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. ‘പോക്കുവെയിലിലെ സൂര്യകാന്തിപ്പൂക്കള്‍’ തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 1959 ജനുവരി ഒന്നിന് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ അബ്ദുല്‍ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായാണ് ജനനം. ഒന്നാം റാങ്കോടെ ആര്‍ട്‌സില്‍ ബിരുദം നേടിയ സമദാനി ഫറോക്ക് കോളേജില്‍നിന്ന് രണ്ടാം റാങ്കില്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എംഫിലും കോഴിക്കോട് ഗവ. ലോ കോളേജില്‍നിന്ന് എല്‍എല്‍ബിയും നേടി. സിമിയിലൂടെയാണ് വിദ്യാര്‍ഥി സംഘടനാ രംഗത്തേക്കുള്ള സമദാനിയുടെ കടന്നുവരവ്. സിമി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ശൂറാ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സിമിയില്‍നിന്ന് വേര്‍പിരിഞ്ഞ് മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫില്‍ സജീവമായി.
1994ല്‍ നടന്ന ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിടി കുഞ്ഞഹമ്മദുമായി മത്സരിച്ച അബ്ദുസമദ് സമദാനി പരാജയപ്പെട്ടു. 1994 – 2000, 2000 – 2006 എന്നീ കാലയളവില്‍ രാജ്യസഭാംഗമായി. 2011 മുതല്‍ 2016 വരെ കോട്ടക്കല്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. 17-ാം ലോക്‌സാംഗമായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം സീറ്റില്‍ 2021ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അബ്ദുസമദ് സമദാനി വിജയിച്ചത്. 2021ല്‍ മലപ്പുറത്ത് ആകെ പോള്‍ ചെയ്ത 11,02,537 വോട്ടുകളില്‍ 5,38,248 (48.96%) വോട്ട് നേടിയാണ് അബ്ദുസമദ് സമദാനിയുടെ വിജയം. ഇടതുപക്ഷത്തിനായി മത്സരിച്ച വിപി സാനുവിന് 4,23,633 (38.53%) വോട്ടുകളാണ് നേടാനായത്. എന്നാല്‍ 2019ല്‍ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷം സമദാനിക്ക് നേടാനായില്ല. 1,14,692 വോട്ടുകള്‍ക്കാണ് സമദാനി സാനുവിനെ പരാജയപ്പെടുത്തിയത്. ബിജെപിക്കായി മത്സരിച്ച എപി അബ്ദുള്ളക്കുട്ടിക്ക് 68,935 (6.27%) വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐക്കായി മത്സരിച്ച തസ്ലീം റഹ്‌മാനിക്ക് 46,758 (4.25%) വോട്ട് ലഭിച്ചു.
ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനര്‍, കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗം, സൗദി അറേബ്യ ഈജിപ്ത്, സിറിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘാംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം അംഗം, മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, കേരള സംസകൃത പ്രചാര സമിതി രക്ഷാധികാരി തുടങ്ങിയ നിലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.