കണ്ണൂരില്‍ യുഡിഎഫിന് തുടര്‍ച്ചയായി വിജയം സമ്മാനിച്ച് കെ സുധാകരന്‍. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ തേരോട്ടം. പോസ്റ്റല്‍ വോട്ടില്‍ കൗണ്ടിങ് തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനായിരുന്നു മുന്നേറ്റം എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ തുറന്നപ്പോള്‍ ഓരോ ഘട്ടത്തിലും സുധാകരന്‍ മുന്നേറുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ ആണ് രണ്ടാം സ്ഥാനം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് മൂന്നാം സ്ഥാനത്താണെങ്കിലും ചരിത്രത്തിലാദ്യമായി കണ്ണൂരില്‍ ബിജെപിക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം അടക്കം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് ഉറപ്പിച്ചായിരുന്നു സുധാകാരന്റെ വിജയം.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റും 2019ല്‍ മുതല്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാ അംഗവുമാണ് കെ സുധാകരന്‍. കെപിസിസി എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്, നിയമസഭാ അംഗം, വനം മന്ത്രി എന്നീ പദവികള്‍ കൈകാര്യം ചെയ്ത സുധാകരന്‍ 2021ല്‍ ആണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. കേരള രാഷ്ട്രീയത്തില്‍ സജീവമായ നിരവധി നേതാക്കളെത്തിയ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നേതാവാണ് കെ സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാലില്‍ രാമുണ്ണിയുടെയും മാധവിയുടെയും മകനാായി 1948 മേയ് പതിനൊന്നിനാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്ദരബിരുദം സ്വന്തമാക്കി. പിന്നീട് നിയമബിരുദം നേടി.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു കെ സുധാകരന്റെ കടന്നുവരവും. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് വിദ്യാര്‍ഥി രാഷ്ട്രീയം ആരംഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവിന്റെ സജീവ പ്രവര്‍ത്തകനായി. 1969ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ (കോണ്‍ഗ്രസ്. ഒ വിഭാഗം) നിലയുറപ്പിച്ചു. 1967 – 1970 കാലഘട്ടത്തില്‍ കെഎസ്യു (ഒ) വിഭാഗത്തിന്റെ തലശേരി താലൂക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. കെഎസ്യു (ഐ) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി 1971 മുതല്‍ 1972വരെ പ്രവര്‍ത്തിച്ചു. 1973 മുതല്‍ 1975 വരെയുള്ള മൂന്ന് വര്‍ഷക്കാലം നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
യുവനേതാവ് എന്ന നിലയിലെ മികച്ച പ്രവര്‍ത്തനമികവിലൂടെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കെ സുധാകരനിലേക്ക് എത്തി. 1984 മുതല്‍ 1991വരെ കെപിസിസിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായി. പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് എന്ന സുപ്രധാന പദവിയിലെത്തി. 1991മുതല്‍ 2001വരെ കണ്ണൂര്‍ ഡിസിസിയുടെ പ്രസിന്റായി പ്രവര്‍ത്തിച്ചു. 1991 – 2001 വര്‍ഷങ്ങളില്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനായി. 2018 – 2021 വര്‍ഷങ്ങളില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ കെ സുധാകരന്‍ നിയമസഭയിലേക്കും മത്സരിച്ചിരുന്നു. 1980, 1982, 1987 വര്‍ഷങ്ങളില്‍ എടക്കാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991ലെ നിയംസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒ ഭരതനോട് തോറ്റു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കെ സുധാകരന്‍ ആദ്യമായി നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് വിമതനായി ഇടതുമുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തിയായിരുന്നു ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ സുധാകരന്റെ വിജയങ്ങളാണ് കോണ്‍ഗ്രസ് കണ്ടത്. 2001ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും 2006ല്‍ സിപിഎം നേതാവായ കെപി സഹദേവനെയും പരാജയപ്പെടുത്തി നിയമസഭയിലെത്തി. മന്ത്രിസ്ഥാനം തേടിയെത്തിയതും ഈ കാലഘട്ടത്തിലാണ്. എകെ ആന്റണി മന്ത്രിസഭയില്‍ 2001 – 2004 കാലഘട്ടത്തില്‍ വനംവകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ നിന്ന് മത്സരിച്ചെങ്കിലും സി പി എമ്മിലെ കുഞ്ഞിരാമനോട് സുധാകരന്‍ പരാജയപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയങ്ങള്‍ക്ക് പിന്നാലെ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കെ സുധാകരന്റെ വിജയത്തിന് കോണ്‍ഗ്രസ് സാക്ഷിയായി. 2009 നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ രാഗേഷിനെ പരാജയപ്പെടുത്തി കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലെത്തി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപി എമ്മിലെ പികെ ശ്രീമതിയോട് സുധാകരന്‍ പരായപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരാവാണ് കണ്ടത്. കണ്ണൂര്‍ സിറ്റിങ് എംപിയായിരുന്ന പികെ ശ്രീമതിയെ പരജയപ്പെടുത്തിയായിരുന്നു വിജയം. 529,741 വോട്ടുകള്‍ നേടി സുധാകരന്‍ വിജയിച്ചപ്പോള്‍ 4,35,182 വോട്ടുകള്‍ മാത്രമാണ് പികെ ശ്രീമതി നേടിയത്. ബിജെപി സ്ഥാനാര്‍ഥി സി കെപത്മനാഭന്‍ 68,509 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം സ്വന്തമാക്കി ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയതോടെയാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചത്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേരുകള്‍ ഉയര്‍ന്നു കേട്ടെങ്കിലും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2021 ജൂണ്‍ എട്ടിന് ഹൈക്കമാന്‍ഡ് കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു.