Features

വടകരയില്‍ കാലുറപ്പിച്ച് ഷാഫി പറമ്പിലിന്റെ വെല്ലുവിളി

വര്‍ഗീയതയും, ജാതി അധിക്ഷേപവുമെല്ലാം കാറ്റില്‍പ്പറത്തി ടി.പി. ചന്ദ്രകശേഖരന്റെ ആത്മാവ് ഷാഫിക്കൊപ്പം നിന്ന് വിജയത്തേരിലേക്ക് നയിച്ചിരിക്കുകയാണ്. ഒന്നും മറക്കാനാവില്ലല്ലോ വടകരയുടെ മണ്ണിന്. സ്വന്തം പാര്‍ട്ടിയിലെ സഖാവിനെ വൈരാഗ്യത്തിന്റെ പേരില്‍ പെട്ടിക്കൊലപ്പെടുത്തിയിട്ട്, ആ മണ്ണില്‍ നിന്നുകൊണ്ട് വോട്ട് ചോദിക്കുന്നത്, നെറികേടാണെന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ് വോട്ടര്‍മാര്‍.

അല്ലെങ്കില്‍ വടകരയെന്നല്ല, കേരളത്തിന്റെ ഏതു മണ്ഡലത്തിലും മാന്യമായ വിജയം നേടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയും വ്യക്തിത്വുമാണ് കെ.കെ ശൈലജ. ആ ശൈലജയെ ലക്ഷത്തിനു മേല്‍ വോട്ടിന് വീട്ടിലിരുത്തിക്കൊണ്ടാണ് ഷാഫിയെ വടകര തോളിലേറ്റിയിരിക്കുന്നത്. എതിരൊന്നും പറയാനില്ല. തോല്‍വി സമ്മതിക്കുകയും ചെയ്ത് ശൈലജ.

1,11,781 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇക്കുറി കന്നിയങ്കത്തില്‍ ഷാഫി ലോക്‌സഭയിലേക്ക് കടക്കുന്നത്.കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും ജനപ്രീതിയുമുള്ള ശൈലജ ടീച്ചറിനെ പരാജയപ്പെടുത്തുക എന്നുള്ളത് തന്നെ വലിയ കാര്യമാണ്. നിലവില്‍ 2011 മുതല്‍ പാലക്കാട് നിന്നുള്ള നിയമസഭാംഗവും കൂടിയാണ് ഷാഫി.

വടകരയിലെ നിലവിലെ എംപി യായിരുന്ന കെ മുരളീധരനെ കോണ്‍ഗ്രസ്സ് നേതൃത്വം തൃശൂരില്‍ മത്സരിക്കാന്‍ ഇറക്കിയതിതാണ് ഷാഫിക്ക് വടകരയിലേക്ക് നറുക്ക് വീണത്. വികാരനിര്‍ഭരമായി ഷാഫിയെ പാലക്കാട്ടെ ജനങ്ങള്‍ വടകരയിലേക്ക് യാത്രയയക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിയച്ചത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂര്‍ വില്ലേജില്‍ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12ന് ജനിച്ച ഷാഫി പറമ്പില്‍, പട്ടാമ്പി ഗവ.കോളേജില്‍ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂര്‍ത്തിയാക്കി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായിരുന്നു ഷാഫി പറമ്പില്‍.

2020 മുതല്‍ 2023 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.പട്ടാമ്പി ഗവ.കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പാലക്കാട് കേന്ദ്രീകരിച്ചായിരുന്നു ഷാഫിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം.

2003-2004 ല്‍ കോളേജ് യൂണിയന്‍ കൊമേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, 2005ല്‍ പാലക്കാട് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി, 2006ല്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ്,

2007ല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 2009ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, 2009ല്‍ കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനവും ഏറ്റു വാങ്ങിയിട്ടുണ്ട്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം കൂടിയാണ് ഷാഫി പറമ്പില്‍