Features

അപ്രത്യക്ഷമാകുന്ന അവയവങ്ങള്‍, ആതുരാലയങ്ങള്‍ കച്ചവട കേന്ദ്രങ്ങളാകുമ്പോള്‍…

കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അവയവക്കച്ചവടത്തിന് ഇന്നും അറുതി വന്നിട്ടില്ല എന്നതാണ് വസ്തുത. കൊടുക്കാന്‍ തയ്യാറായി ഒരാള്‍ വന്നാല്‍ പിന്നെ എടുക്കാന്‍ എന്തിനാണ് മടിക്കുന്നത് എന്ന ചിന്തയാണ് ഇവിടെ ഉള്ളവര്‍ക്ക് ഉണ്ടാകുന്നത്. എന്നാല്‍, കൊടുക്കാന്‍ വരുന്നയാളുടെ മാനസികാവസ്ഥ പീഡനത്തിനു ശേഷമുള്ളതാണെന്ന് ആര്‍ക്കാണ് അറിയാവുന്നത്. ഇരയെ മാനസികമായും ശരീരികമായും പീഡിപ്പിച്ചാണ് ഇത് സമ്മതിപ്പിക്കുന്നത്. ഒരു കച്ചവടത്തിന് 30 മുതല്‍ 60 ലക്ഷം രൂപ വരെ ഈടാക്കുമ്പോള്‍ ഇരയ്ക്കു കൊടുക്കുന്നത് തുച്ഛമായ കാശാണ്.

സ്വന്തം ശരീര ഭാഗത്തിന് അര്‍ഹിക്കുന്ന പണംപോലും കിട്ടാതെ നിത്യ രോഗിയായി മാറുന്ന ഇരകളുടെ കാര്യം പിന്നീടാരും നോക്കാറുമില്ല. ഇങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന അവയവമാഫിയയുടെ കണ്ണികളാണ് കേരളത്തില്‍ അധികം പേരും. ആശുപത്രികളെ വിശ്വസിക്കണോ, അതോ ഭിഷഗ്വരന്‍മാരെ വിശ്വസിക്കണോ എന്നതും വലിയ പ്രശ്‌നമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന അശരണരായ രോഗികളുടെ മരണവും ജീവിതവും മനസ്സിലാക്കാന്‍ കഴിയുന്ന ഡോക്ടര്‍മാരെ എങ്ങനെയാണ് വിശ്വസിക്കുന്നത്.

ആതുരാലയങ്ങള്‍ കച്ചവട കേന്ദ്രങ്ങളായി മാറുമ്പോള്‍ സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്. വിരട്ടലും, ഭീഷണിയും, പീഡനവും ഏറ്റുവാങ്ങി സ്വന്തം ശരീരത്തിനെ മുറിച്ചു കൊടുക്കേണ്ട സ്ഥിതി. സ്വന്തം ശരീരത്തിന്റെ ഉടമസ്ഥര്‍ അവയവ മാഫിയ ആയി മാറിയ കാലത്തിലാണ് ഓരോ പാവപ്പെട്ടവരും ജീവിക്കുന്നത്. സര്‍ക്കാര്‍ ഇത് വല്ലതും അറിയുന്നുണ്ടോ. അറിഞ്ഞിട്ടും ഈ ക്രൂരകൃത്യം തടയാന്‍ നടപടി എടുക്കുന്നുണ്ടോ. എടുത്ത നടപടികള്‍ സാധാരണക്കാരെ സംരക്ഷിക്കുന്നുണ്ടോ. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല ഇക്കാലമത്രയും.

സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം സ്മരിച്ചു കൊണ്ടും ബഹുമാനിച്ചു കൊണ്ടും പറയുകയാണ്, ഇവിടെ സ്വകാര്യ ആശുപത്രികള്‍ തട്ടുകടപോലെ ഉണ്ടാകുന്നതിനു കാരണം, സര്‍ക്കാര്‍ ആശുപത്രികളുടെ പിടിപ്പുകേടാണ്. കുറഞ്ഞ ചെലവില്‍ ചികിത്സയും, സൗജന്യപരിശോധനകളും നടത്തുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ പെര്‍ഫോമന്‍സ് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. എല്ലാ സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലഭിക്കുന്നുണ്ടോ. അവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്നദ്ധരാണോ. ഇതൊക്കെ ഓഡിറ്റ് ചെയ്യപ്പെടേണ്ടതു തന്നെയാണ്. സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസത്തിലെടുക്കാന്‍ എന്തൊക്കെ കാരണങ്ങളാണുള്ളത് എന്ന് ചിന്തിക്കണം.

അത്തരം ഘടകങ്ങള്‍ ഇല്ലായെന്നു ബോധ്യമാകുമ്പോഴാണ് സാധാരണക്കാര്‍ ഇല്ലാത്ത കശും മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത്. അവിടെ എത്തുമ്പോള്‍ മുതല്‍ സാധാരണക്കാരായ രോഗികളെ കച്ചവടക്കണ്ണോടെ മാത്രമേ നോക്കൂ. അവിടെ തുടങ്ങുകയാണ് ഓരോ കച്ചവട സാധ്യതകളും. മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ക്ക് വിലപറഞ്ഞ് ഉറപ്പിക്കുന്നവര്‍ ആശുപത്രികളുടെ ഇരുള്‍വീണ ഇടങ്ങളില്‍ സദാ നിലകൊള്ളുന്നുണ്ട്. ഇത്തരക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ആശുപത്രികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ പരാതി ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൊച്ചിയിലെ പ്രധാന ബിസിനസ്സ് പോലും അവയവക്കച്ചവടമാണെന്ന് പറയുന്നതില്‍ തെറ്റില്ല. രോഗികള്‍ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് വണ്ടി കയറിയാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. കോളനികളില്‍ താമസിക്കുന്നവര്‍, വഴിയോരങ്ങളില്‍ കഴിയുന്നവര്‍, അനാഥര്‍, അശരണര്‍ തുടങ്ങിയുള്ളവരാണ് ഇവരുടെയെല്ലാം നോട്ടപ്പുള്ളികള്‍. മൃതസഞ്ജീവനികള്‍ എത്രമാത്രം നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനും തെളിവാണീ അവയവക്കച്ചവട മാഫിയയുടെ ഇടപെടല്‍. 35 ആശുപത്രികള്‍ കിഡ്‌നി മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ അപ്രൂവലുള്ളത്. 16 ആശുപത്രികളില്‍ കരള്‍ മാറ്റിവെക്കാന്‍ അനുമതിയുണ്ട്.

നോക്കൂ അവയവങ്ങള്‍ മാറ്റിവെയ്ക്കുന്നതിന് സാധാരണ ഒരു ആശുപത്രിയുടെ സംവിധാനങ്ങള്‍ പോര. വളരെ സൂക്ഷ്മവും, കൃത്യതയോടെയും, സങ്കീര്‍ണ്ണവുമായ ഓപ്പറേഷനാണിത്. ഇതിന് വേണ്ടുന്ന മെഷീനുകള്‍, ഡിസക്ഷന്‍ സംവിധാനങ്ങള്‍ക്കെല്ലാം വലിയ വിലയുള്ളതുമാണ്. ആശുപത്രിയുടെ പരിസരം പോലും ശുചിത്വമില്ലാത്ത സ്ഥിതിയുണ്ടാകരുത്. അവയവമാറ്റ ശസ്ത്രക്രീയ നടത്തുന്നതിന് എക്‌സ്‌പെര്‍ട്ടുകള്‍ ഉണ്ടാകണം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സ്റ്റാന്റേര്‍ഡ് ആശുപത്രി പരിപാലിച്ചിരിക്കണം. ഈ ശസ്ത്രക്രീയയോട് സഹകരിക്കുന്ന നഴ്‌സുമാര്‍ പോലും ഇതിന് ട്രെയിന്‍ണ്ട് ആയവര്‍ ആകണം. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം വേണം. ഐസൊലേറ്റഡ് ഐ.സി.യു വേണം. അതിന് മാര്‍ഗ നിര്‍ദ്ദേശങ്ങളുമുണ്ട്. ഓപ്പറേഷന് ഒരു കോര്‍ഡിനേറ്റര്‍ വേണം.

ദാതാവും, രോഗിയും അതീവ സുരക്ഷിതമായ സ്ഥലത്താണ് വിശ്രമിക്കേണ്ടത്. ഒരു കാരണ വശാലും ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരത്തും അവയവ മാറ്റ ശസ്ത്രക്രീയ നടത്തിയിട്ടുണ്ട്. അതും വിജയകരമായി തന്നെ. കോഴിക്കോടും നടത്തിയിട്ടുണ്ടെന്നാണ് സൂചന. ബാക്കിയെല്ലാം നടന്നിരിക്കുന്നത്, സ്വകാര്യ ആശുപത്രികളിലാണ്. ലക്ഷങ്ങള്‍ ചെലവു വരുന്ന അവയവമാറ്റ ശസ്ത്രക്രീയയ്ക്ക് പ്രാപ്തമാകുന്ന സ്വകാര്യ ആശുപത്രികളും സംവിധാനങ്ങളും മാഫിയകളുടെ പിടിയിലാകുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ഇതുണ്ടാകാന്‍ പാടില്ല. മസ്തിഷ്‌ക്ക മരണം സംഭവിക്കു രോഗികളില്‍ നിന്നും ബന്ധുക്കളുടെ അനുമതിയോടെ അവയവങ്ങള്‍ വാങ്ങാം. എന്നാല്‍, അഇഴയവത്തിനു വേണ്ടി മസ്തിഷ്‌ക്ക മരണം ഉണ്ടാക്കുന്നുണ്ടെന്ന വിവരം പുറത്തു വന്നതാണ്.

ഇതിനു ശേഷമാണ് മസ്തിഷ്‌ക്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംവിധാനം വന്നതു പോലും. മസ്തിഷ്‌ക്ക മറണം സംഭവിച്ചുവെന്ന പട്ടക്കള്ളം പറഞ്ഞു പരത്തിയുള്ള അവയവക്കച്ചവടത്തിന് പൂട്ടുവീണതോടെയാണ് മാഫിയകള്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചു തുടങ്ങിയത്. ഇതാണ് ഇറാനിലെ ടെഹ്‌റാന്‍ വരെ എത്തി നില്‍ക്കുന്നതും. ഇവിടെ പിടികിട്ടാതെ നില്‍ക്കുന്ന ഹൈദരാബാദ് കണ്ണിയുണ്ട്. അദ്ദേഹം ആരാണെന്നറിയേണ്ടത് അത്യാവശ്യമാണ്. കാരണം, അവിടെയുള്ള അവയവ മാഫിയ കണ്ണി ഒരു ഡോക്ടറാണെങ്കില്‍ വീണ്ടും ഒരു തെളിവു കൂടി അന്വേഷണം പുറത്തു വിടാന്‍ നിര്‍
ബന്ധിതരാകും.