തെയ്യങ്ങളുടെ നാടെന്നാണ് പൊതുവെ കണ്ണൂർ അറിയപ്പെടുന്നത്. മനുഷ്യൻ കൺമുന്നിൽ ദൈവമായി മാറുന്ന കാഴ്ച.തുലാമാസം പത്തു തൊട്ട് തെയ്യക്കാലം ആണ്. മുറുക്കുന്ന ചെണ്ടമേളത്തിനൊപ്പം ഉറഞ്ഞു തുള്ളുന്ന മനുഷ്യൻ.എന്നാൽ ഈ കെട്ടിയാടുന്ന ഓരോ തെയ്യത്തിനും ഓരോ കഥകൾ ഉണ്ട്.അതിൽ എല്ലാവരും ഉള്ളുരുകി പ്രാർത്ഥിക്കുകയും വിളിക്കുകയും ചെയ്യന്ന ഒരാളാണ് മുത്തപ്പൻ മറ്റൊന്ന് കതിവന്നൂർ വീരൻ.മന്ദപ്പൻ എന്ന മനുഷ്യൻ എങ്ങനെ കതിവനൂർ വീരനായി എന്നറിയാമോ? കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തിയ്യർ സമുദായത്തിൽ പെട്ട ആളാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ.
സുന്ദരനും കരുത്തനുമായി മന്ദപ്പൻ കളരിപ്പയറ്റിലും നായാട്ടിലും കേമനായാണ് വളർന്നത്. ധീരനും യോദ്ധാവുമായി വളർന്നിട്ടും ജോലിയൊന്നും ചെയ്യാതെ കൂട്ടുകാരൊന്നിച്ച് നായാടിയും റാക്ക് കുടിച്ചും ജീവിതം ആസ്വദിച്ചു നടക്കാനായിരുന്നു താൽപര്യം.
വേലയും കൂലിയും ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർക്ക് എന്നും പരാതി ആയിരുന്നു,.
“പണിയെടുക്കുവാൻ പണിപണ്ടാട്ടി പെറ്റില്ലെന്നെ…തൊരമെടുക്കുവാൻ തുരക്കാരന്റെ മകനുമല്ലാ …”
മകന്റെ ദുർനടപ്പ് കണ്ടു മനംനൊന്ത കുമാരപ്പൻ ഗുണദോഷിച്ചു നോക്കി. എന്നിട്ടും പഴയപടി അലസനായി നടക്കുന്ന മകനെ, സഹികെട്ട കുമാരപ്പൻ വീട്ടിൽ നിന്നും ഇറക്കിവിട്ടു.
ഒടുവിൽ കൂട്ടുകാർക്കൊപ്പം കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകാൻ തീരുമാനിച്ച മന്ദപ്പനെ വഴിമദ്ധ്യേ മദ്യം കൊടുത്ത് മയക്കി സ്ഥലം വിടുകയാണവർ ചെയ്തത്. ഒറ്റക്കു ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ പിന്നീട് കൂട്ടുകാരെ കണ്ടെത്തിയെങ്കിലും അവരെ വിട്ട് അവസാനം കതിവന്നൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേർന്നു.
അമ്മായി അവനെ സ്വന്തം മകനെ പോലെ വളർത്തി. അമ്മായിയുടെ ഉപദേശപ്രകാരം അവൻ എണ്ണക്കച്ചവടം തുടങ്ങി.
അതിനിടയിൽ വേളാർകോട്ട് ചെമ്മരത്തി എന്ന കാവുതിയ്യ സ്ത്രീയെ കണ്ടുമുട്ടിയ മന്ദപ്പന് അവളോട് പ്രണയം തോന്നി. അമ്മാവന്റെയും അമ്മായിയുടെയും അനുഗ്രഹത്തോടെ ചെമ്മരത്തിയെ വിവാഹം ചെയ്ത മന്ദപ്പൻ ഭാര്യാഗൃഹത്തിൽ താമസവും തുടങ്ങി.
ചെമ്മരത്തിയുടെ നിർദ്ദേശാനുസരണം വാനവർ നാട്ടിലും,ദാനവർ നാട്ടിലും, വിരാജ് പേട്ടയിലും ചെന്ന് മന്ദപ്പൻ എണ്ണ വ്യാപാരം നടത്തി. പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി പിണങ്ങുക പതിവായി.
ഒരു ദിവസം അങ്ങാടിയില് പോയി ഏറെ വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള് ചോദിച്ചു. കലഹമില്ലാതിരിക്കാന് മറുപടിയൊന്നും പറയാതെ ആർത്തിയോടെ ചോറുണ്ണാൻ തുടങ്ങിയ മന്ദപ്പനു ദുർനിമിത്തങ്ങളും ദുശ്ശകുനങ്ങളും അനുഭവപ്പെട്ടു. ആദ്യ പിടിചോറില് മുടികിട്ടി .അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോൾ യുദ്ധകാഹളം കേട്ടു.
പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേർന്നതല്ലെന്ന് മനസ്സിൽ കരുതി ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാൻ ഒരുങ്ങിയ മന്ദപ്പന്റെ തല കട്ടിളപടിയിൽ മുട്ടി ചോര വാർന്നൊഴുകി.
“പടയ്ക്കിറങ്ങുമ്പോൾ ചോരകണ്ടാൽ മരണം തീർച്ച” ഭാര്യയുടെ ക്രൂരമായ ശാപവചനം കേട്ട് മന്ദപ്പന് ഒന്നു തിരിഞ്ഞുനോക്കി,
“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും..
നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടമാകും…
കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും..”
ചെമ്മരത്തി ശപിച്ചുകൊണ്ടേയിരുന്നു. മന്ദപ്പൻ ചുണ്ടുകോട്ടി,മെല്ലെ പറഞ്ഞു , “നിന്റെ വാക്കും നാക്കും സത്യമായി ഭവിക്കട്ടെ”, പിന്നെയൊരു കൊടുങ്കാറ്റുപോലെ പടികടന്നു പോയി..കരിമ്പിന്തോട്ടത്തിലിറങ്ങിയ കരിവീരനെപ്പോലെ പടനടുവിലേക്ക് പാഞ്ഞുചെന്ന മന്ദപ്പന് കുടകപ്പടയെ തുരുതുരെ അരിഞ്ഞുതള്ളി.ചോരപ്പുഴകള് പലപാടൊഴുകി. അട്ടഹാസങ്ങളും ആര്ത്തനാദങ്ങളും കുടകുമലയില് മുഴങ്ങി. കുടകപ്പട തോറ്റോടി…
മലയാളത്താന്മാര് മന്ദപ്പനെ തങ്ങളുടെ രക്ഷകനായി കണ്ടു. വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു. ശാപവാക്കുകള് ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു. തന്റെ നാക്കില് നിന്നും വീണുപോയ വാക്കുകളോർത്ത് അവള്ക്ക് അതിയായ ദുഃഖം തോന്നിയെങ്കിലും അവന് തിരിച്ചു വരുന്നതിന്റെ,പടജയിച്ചു വരുന്നതിന്റെ സന്തോഷം അവള്ക്കുണ്ടായിരുന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. പടയിൽ ജയിച്ച മന്ദപ്പൻ തിരിച്ചു വരുംനേരം തന്റെ വിരൽ അറ്റുപോയത് ശ്രദ്ധിക്കുന്നു. എല്ലാം തികഞ്ഞ കരുത്താനായിരുന്ന തന്നെ ഭാര്യ ചെമ്മരത്തി വെറുപ്പോടെയും പരിഹാസത്തോടെയുമല്ലാതെ ഇതുവരെ നോക്കിയിട്ടില്ല. ഇനി ഒരു വിരലറ്റ തന്നെ വികലാംഗനെന്നു കൂടി വിളിച്ചേക്കാം എന്ന ചിന്ത ആ യോദ്ധാവിനെ അലട്ടുകയും അങ്ങനൊരു ജീവിതം കൂടി തനിക്ക് വേണ്ടെന്നു തീരുമാനിക്കുകയും, ഒടുക്കം അദ്ദേഹം ആയുധങ്ങൾ വലിച്ചെറിഞ്ഞു തിരിച്ച് ആ പടയിലേക്ക് ഓടിക്കയറിയെന്നും പട തോറ്റു അവശേഷിച്ചിരുന്ന കുടകർ ആയുധമില്ലാതെ വന്ന മന്ദപ്പനെ കയ്യിൽ കിട്ടിയ ആയുധങ്ങൾ കൊണ്ട് ചുറ്റും നിന്ന് വെട്ടിയരിഞ്ഞു എന്നും ചരിത്രം പറപ്പെടുന്നു.
പെറുക്കിക്കൂട്ടിയ മന്ദപ്പന്റെ ശവശരീരം അഗ്നികൊളുത്തുവാന് ആളെത്തുന്നതും കാത്ത് മലയാളപ്പടയാളര് വിങ്ങിപൊട്ടിനിന്നു. പാഞ്ഞെത്തിയ കതിവനൂര് നേരമ്മായി മന്ദപ്പന്റെ ശവത്തുണ്ടുകളില് വീണുരുണ്ട് അലമുറയിട്ടു. നേരമ്മാവന് കരച്ചിലടക്കി വിതുമ്പി. ചങ്ങാതിമാരും ബന്ധുക്കളും ചേർന്ന് വീരനായകന് ചിതയൊരുക്കി. ചിത കത്തിപ്പടർത്തി. കണ്ടുനിന്നവര് കണ്ണുപൊത്തിക്കരഞ്ഞു. കഥയറിഞ്ഞ് പാഞ്ഞെത്തിയ ചെമ്മരത്തി ചിതയ്ക്കരികിൽ തല തല്ലിക്കരഞ്ഞു. പിന്നെ പൊട്ടിപ്പൊട്ടിച്ചിരിച്ചു. തരിച്ചു നിന്നവരോട്, ആകാശക്കോണിലേക്ക് വിരല് ചൂണ്ടിപറഞ്ഞു,”നോക്ക്….. കത്തിപ്പടരുന്നൊരു നക്ഷത്രം…..”കൂടിനിന്നവർ ആകാശത്തേക്ക് മുഖമുയർത്തവേ ചെമ്മരത്തി ചിതയിലേക്ക് എടുത്തുചാടി. മന്ദപ്പനൊപ്പം ചെമ്മരത്തിയും അഗ്നിജ്വാലയിലെരിഞ്ഞടങ്ങി..!
മന്ദപ്പന്റെ സ്മരണ കതിവന്നൂരുകാർ ഇന്നും തെയ്യം കെട്ടിയാടി നിലനിർത്തി വരുന്നു. കതിവനൂർ വീരൻ അരങ്ങേറുന്ന കളം ചെമ്മരത്തിതറ എന്നറിയപ്പെടുന്നു. ഈ തറ ചെമ്മരത്തിയാണ് എന്ന് സങ്കൽപം. അതിലെ അറുപത്തിനാല് കളങ്ങൾ കുടകരുടെ ചതിയിൽ കതിവനൂർ വീരൻ അറുപത്തിനാല് കഷ്ണങ്ങളായതിന്റെ സ്മരണയാണ്. കുടകരുടെ വംശീയ ആതിപത്യത്തിനു മുന്നിൽ അടിപതറാതേയും സ്നേഹിച്ച പെണ്ണ് താഴ്ന്ന ഇല്ലത്തിൽ പെട്ടവളായാലും വാക്ക് കൊടുത്താൽ അവളെ വിവാഹം കഴിച്ചതിലുടെയും ഭാര്യ എത്ര തന്നെ വെറുത്താലും ഭാര്യയോടുള്ള സ്നേഹത്തിൽ ഒരു കുറവും വരുത്താതെയും നമുക്ക് മുമ്പേ നടന്ന കതിവനൂർ വീരൻ എന്ന മന്ദപ്പൻ ഉത്തര മലബാറുകാരുടെ മുന്നിൽ വച്ച കണ്ണാടിയാണ്.