സംസ്ഥാനത്തെ തീരദേശങ്ങള്‍ ട്രോളിങ് നിരോധനത്തിന് തയ്യാറെടുക്കുമ്പോള്‍ ഉള്ളില്‍ തീ കത്തുന്നത്, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ നെഞ്ചകങ്ങളിലാണ്. കടലില്‍ പണിക്കു പോകുന്നവരെല്ലാം തീരങ്ങളില്‍ ഇനി വെറുതേയിരിക്കേണ്ടി വരും. നിത്യ വരുമാനം നഷ്ടപ്പെടുന്ന ദിനങ്ങളില്‍ ഏക ആശ്രയം സര്‍ക്കിരന്റെ സൗജന്യ റേഷനും കരുതലുമാണ്. ട്രോളിങ് നടപ്പാകാന്‍ ഇനി രണ്ടു ദിവസം കൂടിയുണ്ട്.
9ന്(ഞായറാഴ്ച) അര്‍ധരാത്രി 12 മുതലാണ് മത്സ്യ ബന്ധനത്തിന് നിരോധനം വരിക. ജൂലൈ 31 വരെ നിരോധനം നീളും. അതായത് 52 ദിവസം. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. വലിയ യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെുത്തുന്നത്. ചെറിയ വള്ളങ്ങള്‍ക്കും കട്ടമരങ്ങള്‍ക്കും നിയന്ത്രമില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം.
ഇക്കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുംമുമ്പ് കേരളതീരം വിട്ടുപോകാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കും. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ കടലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും.
നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.
? മീന്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക
എന്നും മീനില്ലാതെ ഭക്ഷണം കഴിക്കുന്നവര്‍ കുറവാണ്. പ്രത്യേകിച്ച് കേരളീയര്‍. മത്സ്യം അവരുടെ ഭക്ഷണത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എവിടെ നിന്നും മത്സ്യം കിട്ടിയാല്‍ മലയാളികള്‍ വിടില്ല. എന്നാല്‍, ട്രോളിങ് നിരോധനം നിലവില്‍ വരുന്നതോടെ മത്സ്യ ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുറപ്പാണ്. കാരണം, കടലില്‍ നിന്നും മത്സ്യം കിട്ടിയില്ലെങ്കില്‍ പിന്നെ എവിടുന്നുണ് മത്സ്യം എത്തുക. കായല്‍, കുളം, വളര്‍ത്തു മത്സ്യങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അപ്പോള്‍ കടല്‍ മത്സ്യങ്ങള്‍ ലഭ്യമാകണം. വീടുകള്‍, ഹോട്ടലുകള്‍ തുടങ്ങി നിരവധി ഇടങ്ങളിലേക്ക് ഇത്രയും അധികം മത്സ്യം എവിടെ നിന്നും ലഭിക്കും എന്നതാണ് ചിന്തിക്കേണ്ടത്.
? മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുമോ
ട്രോളിങ് ആരംഭിച്ചാല്‍ തീരത്ത് വറുതിയുടെ കാലമാണ്. ഇത്തവണ ട്രോളിങ് എത്തുന്നത്, മഴക്കാലത്താണ്. മഴക്കാലത്ത് കടല്‍ ക്ഷോഭം രൂക്ഷമായതു കൊണ്ട് മത്സ്യ ബന്ധനം നിയന്ത്രിതമായേ നടത്താനാകൂ. ഉള്‍ക്കടലില്‍ നിന്നും മത്സ്യം പിടിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. കൂടാതെ, ട്രോളിങ് കൂടി വരുന്നതോടെ മത്സ്യബന്ധനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടി വരും. ഇങ്ങനെ വന്നാല്‍, മത്സ്യ തൊഴിലാളികള്‍ കടല്‍പ്പണിക്ക് പോകാനാകാതെ നില്‍ക്കേണ്ടി വരും. ഇതോടെ കുടുംബങ്ങലില്‍ പട്ടിണി പതിയെ പിടിമുറുക്കും. ഇതോടെ ഏക ആശ്രയം സര്‍ക്കാരിന്റെ റേഷനാണ്. ഇത് കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതുണ്ട്. അവര്‍ പട്ടിണിയിലാകരുത്. അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
? മത്സ്യ മാര്‍ക്കറ്റുകളില്‍ എത്തുന്ന മത്സ്യങ്ങളുടെ ഗുണ നിലവാരം ആര് പരിശോധിക്കും
ഞായറാഴ്ചയ്ക്കു ശേഷം മത്സ്യ മാര്‍ക്കറ്റുകളിലേക്കു വരുന്ന മത്സ്യം നല്ലതാണോ മോശമാണോ എന്ന് ആര് പരിശോധിക്കും എന്നതാണ് പ്രധാന വിഷയം. പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ജാഗ്രത പാലിക്കേണ്ടതായുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പും ഇതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഹോട്ടലുകലില്‍ വിളമ്പുന്ന മത്സ്യം എവിടെ നിന്നു വരുന്നു, എത്ര ദിവസം പഴക്കമുണ്ട് എന്നൊൊക്കെ പരിശോധിക്കണം. ഇല്ലെങ്കില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. ദിവസങ്ങളും മാസങ്ങളും പഴക്കമുള്ള മത്സ്യം എത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതലായും മത്സ്യം എത്തിക്കുന്നത്. ഇത് തടയുകയും, പഴക്കമുള്ള മത്സ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണം. നാമമാത്രമായ പരിശോധനകളല്ല, ഈ ദിവസങ്ങളില്ഡ വേണ്ടതെന്ന് ഓര്‍മ്മിക്കേണ്ടതും അത്യാവശ്യമാണ്.
? വിഷം കഴിക്കാന്‍ തയ്യാറാകരുത്
കേരളത്തിലെ ജനങ്ങള്‍ ഭക്ഷണ പ്രിയരായതു കൊണ്ടു തന്നെ ലോകത്തിലെ ഏതു ഭക്ഷണവും ആസ്വദിക്കാന്‍ കഴിവുള്ളവരാണ്. സ്വന്തം നാട്ടിലെ ഭക്ഷണവും ഇഷ്ടത്തോടെ കഴിക്കുകയും ചെയ്യും. ഇതില്‍ പ്രദാന ഭക്ഷണമാണ് മത്സ്യം. മത്സ്യ വിഭവങ്ങള്‍ ഏതാണെങ്കിലും കഴിക്കുന്നതില്‍ ഒരു മടിയും കാട്ടാറില്ല. വെറൈറ്റി ഭക്ഷണം തേടിയുള്ള യാത്രകള്‍ വരെ മലയാളികള്‍ നടത്താറുണ്ട്. മീന്‍ കട മുതല്‍ കടലോരം വരെ ഇതിന്റെ യാത്രകള്‍ നവീളുന്നു. ഫോര്‍ട്ടു കൊച്ചിയിലെയും, കോവളത്തെയും, കോഴിക്കോട്ടെയും കടല്‍ത്തീരങ്ങളിലെ ‘റെഡി ടു ഈറ്റ്’ ഹോട്ടലുകളും മലയാളികളുടെ പ്രത്യേകതയെ കാണിക്കുന്നതാണ്.
കടലില്‍ നിന്നും ചീനവലയിലും അല്ലാതെയും പിടിക്കുന്ന മത്സ്യം അപ്പോള്‍ത്തന്നെ കുക്ക് ചെയ്ത് നല്‍കുന്നതാണ് ഈ ‘റെഡി ടു ഈറ്റ്’ ഇത് ആരോഗ്യത്തെ ബാധിക്കുന്നതല്ല. കണ്‍മുമ്പില്‍ വെച്ച് പിടിക്കുന്ന മത്സ്യത്തെയാണ് പാചകം ചെയ്യുന്നത്. എന്നാല്‍, ട്രോളിങ് സമയത്ത് ലഭിക്കുന്ന മത്സ്യത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ചേര്‍ത്ത് മാസങ്ങളോളം പഴകാതെ സൂക്ഷിക്കുന്ന മത്സ്യ മാഫിയകള്‍ രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോര്‍മാലിന്‍ ചേര്‍ത്ത് സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ വീടുകളിലും, ഹോട്ടലുകളിലും വ്യാപകമായി എത്തിയാല്‍, അത് വലിയ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും.
? എന്താണ് ട്രോളിങ്
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവര്‍ദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് ട്രോളിങ് നിരോധനം. 1988 ലാണ് സര്‍ക്കാര്‍ ഈ നിരോധനം ഇന്ത്യയില്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തില്‍ വരുത്തിയത്. തുടര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തില്‍ നിന്നൊഴിവാക്കുന്ന കേരളാ വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ല്‍ ആണു നിലവില്‍ വന്നത്.
ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമായ മണ്‍സൂണ്‍ കാലത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുക. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി ഉണ്ടാകും.ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം (ട്രോളിങ്) നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ പിറവി എടുക്കാതെ പോകുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഇതാണ് ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം.