മാണ്ഡിയില്‍ വിജയിച്ച് ഡെല്‍ഹിക്കു പോകാനും നരേന്ദ്രമോദിയുടെ ആസീര്‍വാദം വാങ്ങാനുമായിരുന്നു നിയുക്ത എം.പിയും ഹിന്ദി സിനിമാ നടിയുമായ കങ്കണ റണാവത്ത് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയത്. വിജയത്തിന്റെ ആഘോഷങ്ങളും, കേന്ദ്ര മന്ത്രിസഭയിലേക്ക് തന്നെ പരിഗണിക്കുമോ എന്നുമൊക്കെയുള്ള ചിന്തയിലായിരുന്നു കങ്കണ. പക്ഷെ, പെട്ടെന്ന് തനിക്ക് അടിയേറ്റത് എവിടെ നിന്നുമാണെന്ന് ഒരു നിമിഷം ശങ്കിച്ചു പോയി.
പക്ഷെ, അടികിട്ടി എന്നുറപ്പായതോടെ, അടിച്ചതാരാണെന്ന അന്വേഷണമായി. എയര്‍പോര്‍ട്ടിനെയും എയര്‍പോര്‍ച്ചില്‍ വരുന്ന യാത്രക്കാരെയും സംരക്ഷിക്കുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയാണ് മര്‍ദ്ദേച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്. കേന്ദ്രത്തിനെതിരേ കര്‍ഷകര്‍ നടത്തിയ സമരത്തിനെ ആക്ഷേപിച്ച് കങ്കണ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതിനെതിരേ അന്നേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതാണ്.
എന്നാല്‍, അതിനെതിരേ നേരിട്ട കിട്ടുന്ന ആക്രമണവും, വിമര്‍ശനവുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥയില്‍ നിന്നും നേരിട്ടത്. തന്നെ മര്‍ദ്ദിച്ചന്നെ ആരോപണവുമായി ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നുള്ള നിയുക്ത എം.പിയുമായ കങ്കണ റണാവത്ത് രംഗത്തെത്തിയിട്ടുണ്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് കങ്കണയ്ക്കുനേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
താന്‍ സുരക്ഷിതയാണെങ്കിലും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും സംഭവത്തില്‍ കങ്കണ പ്രതികരിച്ചിട്ടുണ്ട്. അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്: ‘ഞാന്‍ സുരക്ഷിതയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ച് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം പുറത്തുവന്നപ്പോള്‍ എന്നെ സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥ മുഖത്ത് അടിക്കുകയും ചീത്തപറയുകയും ചെയ്തു.
കാരണം ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ അനുകൂലിക്കുന്ന ആളാണെന്ന് പറഞ്ഞു. ഞാന്‍ സുരക്ഷിതയാണെങ്കിലും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദവും തീവ്രവാദവും എന്നെ ഭയപ്പെടുത്തുന്നു’, എന്നാണ് കങ്കണ എക്സില്‍ കുറിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറാണ് മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മുന്‍പ് കങ്കണനടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
കങ്കണ ബോര്‍ഡിങ് ഏരിയയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. കര്‍ഷകരെ അവഹേളിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് സംഭവത്തിനു ശേഷം വനിതാ കോണ്‍സ്റ്റബിള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുല്‍വിന്ദര്‍ കൗറിനെ സി.ഐ.എസ്.എഫ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അഴര്‍ ആ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം ഇതാണ്:
2020-21ല്‍ കര്‍ഷക സമരം ചെയ്യാനായി സ്ത്രീകളെ 100 രൂപയ്ക്ക് വിലയ്‌ക്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞയാളാണ് കങ്കണയെന്നും അവര്‍ ഇത് പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്നും കുല്‍വീന്ദര്‍ കൗര്‍ വ്യക്തമാക്കി. 100 രൂപ കൊടുത്താല്‍ കങ്കണ സമരം ചെയ്യുമോയെന്നും ഉദ്യോഗസ്ഥ ചോദിക്കുകയും ചെയ്തു. മണ്ഡി ലോക്സഭാ മണ്ഡലത്തില്‍ 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കങ്കണ ജയിച്ചത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗിന്റെ മകനായ വിക്രമാദിത്യ സിംഗിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്.
മുപ്പത്തിയേഴു വയസ്സുകാരിയുടെ ആസ്തി 91 കോടി രൂപയാണ്. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. 6.7 കിലോ സ്വര്‍ണ്ണാഭരണങ്ങളും അവര്‍ക്കുണ്ട്. 3 ആഡംബര കാറുമുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് കര്‍ഷകരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുക.5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും തനിക്കുണ്ടെന്നാണ് തെരഞ്ഞെടുപ്പിനു മുമ്പ് വെളിപ്പെടുത്തിയിരുന്നത്.
കൂടാതെ 98 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വില വരുന്ന മെഴ്സിഡസ് ബെന്‍സ്, 3.91 കോടി രൂപ വില വരുന്ന മെഴ്സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകളും ഒരു വെസ്പ സ്‌കൂട്ടറുമുണ്ട്. 2 ലക്ഷം രൂപ കൈവശവും 1.35 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപമുണ്ട്. 7 വാണിജ്യ കെട്ടിടങ്ങളും 2 പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സിയാണ് കങ്കണയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
ഒടുവില്‍ കങ്കണയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. തേജസ്, ധാക്കഡ്, തലൈവി തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിലെത്തിയത്. പ്രശസ്തിയും വിവാദങ്ങളും ഒരുപോലെ കൊണ്ടു നടക്കുന്ന നടിയണ് കങ്കണ റണാവത്. അവര്‍ പറഞ്ഞ വിവാദ പ്രസ്താവനയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലെന്ന്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയിക്കാണുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കങ്കണ റണാവത്ത് പറഞ്ഞിട്ടുണ്ട്.
നമ്മുടെ മുന്‍ഗാമികള്‍ മുഗളന്മാരുടെ കീഴിലും ബ്രിട്ടീഷുകാര്‍ക്ക് കീഴിലും നൂറ്റാണ്ടുകളായി അടിമത്തം അനുഭവിച്ചു. 1947ല്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. എന്നാല്‍ അതിനുശേഷം പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന് കീഴിലായിരുന്നു രാജ്യം. ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തപ്പോഴാണ് എന്നണ് കങ്കണ പറഞ്ഞത്.
സ്വാതന്ത്ര്യം ലഭിച്ച സമയത്ത് എന്തുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാത്തതെന്നും കങ്കണ ചോദിച്ചു. 1947 ലെ വിഭജന സമയത്ത്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ പിറവിക്ക് കാരണമായി. എന്നാല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ല?. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും കങ്കണ റണാവത്ത് പറഞ്ഞിരുന്നു. 1987 മാര്‍ച്ച് 23ന് ഹിമാചല്‍ പ്രദേശിലെ ചെറിയ പട്ടണമായ ഭാംബ്ലയിലാണ് കങ്കണ റണാവത്ത് ജനിച്ചത്.
പതിനാറാം വയസ്സില്‍ ഡല്‍ഹിയിലേക്ക് താമസം മാറുകയും മോഡലിംഗില്‍ ചുരുങ്ങിയ കാലം രംഗത്തിറങ്ങുകയും ചെയ്തു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് വരുന്നത്. പിന്നെ രാഷ്ട്രീയത്തിലേക്കും. ഇപ്പോള്‍ മാണ്ഡിയിലെ എം.പിയായി. പക്ഷെ, അപ്പോഴും വിവാദങ്ങള്‍ നടിയെ വിട്ടു പോകുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥയുടെ അടിയുടെ ബാക്കി എം.പി. പ്രതീക്ഷിക്കുന്നുണ്ടോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.