നേതാക്കന്‍മാരുടെ പാര്‍ട്ടി വിരുദ്ധതയും, എതിര്‍ നയ-നിലപാടുകളും സഹിച്ചു സഹിച്ച് പൊറുതി മുട്ടിയ അണികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി തോറ്റു തുന്നം പാടിയതോടെ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ മേല്‍ഘടകങ്ങള്‍ തീരുമാനിച്ചു വിടുന്ന എല്ലാ പരിപാടികളും ഭംഗിയായി ചെയ്തു തീര്‍ക്കുന്ന കീഴ്ഘടകങ്ങളില്‍ ഇപ്പോള്‍ പൊരിഞ്ഞ ചര്‍ച്ച നടക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പോലും അണികള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. ഇതില്‍ പ്രധാന ഇര ഇ.പി ജയരാജന്‍ തന്നെയാണ്.
എല്‍.ഡി.എഫ് കണ്‍വീനറെ എടുത്തലക്കുകയാണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റികള്‍. നിരന്തരം പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിലപാടുകളിലൂടെ സഞ്ചരിക്കുന്ന ഇ.പി ജയരാജന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. കേരളത്തിന്റെ ചാര്‍ജ്ജുള്ള ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കര്‍ ഇ.പി ജയരാജന്റെ വീട്ടില്‍ ചായകുടിക്കാന്‍ വന്നതിന്റെ ചേതോവികാരമാണ് അണികളെ പ്രകോപിപ്പിച്ചത്. സി.പി.എമ്മിന്റെ തലതൊട്ടപ്പന്‍മാരില്‍ ഒരാളാണല്ലോ ഇപ്പോഴും ഇ.പി. ജയരാജന്‍. അപ്പോള്‍ ബി.ജെ.പി നേതാവിന്റെ വരവു പോക്കുകള്‍ക്ക് പ്രസക്തിയേറും.
പൊതു സമൂഹവും മാധ്യമങ്ങളും ഇക്കാര്യം വിട്ടുകളഞ്ഞെങ്കിലും പാര്‍ട്ടി അണികള്‍ വരാനിരിക്കുന്ന സംസ്ഥാന സമ്മേളനം വരെ ഇക്കാര്യം ചര്‍ച്ചയ്ക്കു വെക്കുമെന്നുറപ്പാണ്. ഇ.പിയെ അടിക്കാന്‍ ഇ.പി തന്നെ വടികൊടുത്തിരിക്കുകയാണ്. എണ്ണിയെണ്ണി അടിക്കാന്‍ അണികളും തയ്യാറായിക്കഴിഞ്ഞു. കണ്ണൂര്‍ ലോഹബിയുടെ പാര്‍ട്ടി ഭരണംകൊണ്ട് കേരളത്തില്‍ സി.പി.എമ്മിന് ലഭിച്ചിരിക്കുന്നത് പിന്നോട്ടടി മാത്രമാണ്. ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്ന വോട്ട്‌ഷെയറിലെ വര്‍ദ്ധന കോണ്‍ഗ്രസ്സുകാര്‍ മാത്രം നല്‍കിയതല്ലെന്ന് മനസ്സിലാക്കേണ്ട കാലമാണിത്. അപ്പോഴാണ് ജാവദേക്കറിന്റെ വരവും, രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടിലെ ഷെയറുമൊക്കെ സംശയത്തിന്റെ നിഴലില്‍ വരുന്നതും.
‘പ്രകാശ് ജാവദേക്കര്‍ ജയരാജന്റെ വീട്ടില്‍ വന്നതിന് തെറ്റില്ല, ചായകുടിച്ചതിനും തെറ്റില്ല. ഒരു രാഷ്ട്രീയക്കാരനാകുമ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കാം. എന്നാല്‍, കൊച്ചു മകന്റെ നൂലു കെട്ടിന് വരാന്‍ അയാളുടെ കുഞ്ഞമ്മയുടെ മോനൊന്നുമല്ലല്ലോ ജാവദേക്കര്‍’ എന്നാണ് തലസ്ഥാനത്തെ ഒരു ബ്രാഞ്ച് കമ്മിറ്റിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച അണികള്‍ പൊട്ടിത്തെറിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലെ വടിവൊത്ത ചര്‍ച്ചകളും, തീരുമാനങ്ങളും മാത്രം ചോര്‍ത്തി നല്‍കുന്ന വലിയ നേതാക്കളെപ്പോലെയല്ല, ബ്രാഞ്ച് കമ്മിറ്റിയിലെ സഖാക്കള്‍. അവര്‍ പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ പാര്‍ട്ടി നേതാക്കളെ കുറിച്ചോ, പാര്‍ട്ടി തീരുമാനങ്ങളോ മാധ്യമങ്ങള്‍ക്കു ചോര്‍ത്തില്ല. മാത്രമല്ല, പുറത്തൊരാളും അറിയുകയുമില്ല. അതുകൊണ്ടാണ് നേതാക്കളെ കുറിച്ച് പാര്‍ട്ടി അണികള്‍ ചര്‍ച്ച ചെയ്യുന്നത്, പുറം ലോകം അറിയാതെ പോകുന്നത്. എന്നാല്‍, സര്‍വ്വതും സഹിക്കുമ്പോഴും പാര്‍ട്ടിയെ മലിനമാക്കാന്‍ അനുവദിക്കാത്ത സഖാക്കള്‍ കുറചട്ചുപേരെങ്കിലും ചര്‍ച്ചകളിലെ വിശദാംശങ്ങള്‍ പുറത്തു പറയുന്നുണ്ട്. ഇ.പി. ജയരാജനെ മാത്രമല്ല, പാര്‍ട്ടിയിലെ തലതൊട്ടപ്പന്‍മാരെയെല്ലാം ഇതേ രീതിയില്‍ അണികള്‍ പൊരിച്ചു കരിക്കുന്നുണ്ട് കമ്മിറ്റികളില്‍.