ഞാൻ ഗന്ധർവ്വൻ എന്ന സിനിമ അത്ര പെട്ടെന്ന് ഒന്നും മലയാളികൾ മറക്കാനിടയില്ല. പെൺകുട്ടികളെ തേടിയെത്തുന്ന ഗന്ധർവ്വനെ സ്വപ്നം കണ്ടിരുന്നവരാകും ഭൂരിഭാഗം മലയാളികളും. അതിലെ സുന്ദരനായ ഗന്ധർവനും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണ്. ഗന്ധര്‍വ്വന്റെ കഥകളൊക്കെ കേട്ടവരുടെയൊക്കെ മനസില്‍ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ നായകന്റെ മുഖമായിരിക്കും ആദ്യം ഓടി എത്തുന്നത്. അത്രത്തോളം ലക്ഷണമൊത്ത രൂപത്തില്‍ ഗന്ധര്‍വ്വനായി വന്ന് ശ്രദ്ധേയനായി മാറിയ താരമാണ് നിതീഷ് ഭരദ്വാജ്. പത്മരാജന്റെ സംവിധാനത്തില്‍ പിറന്ന ഞാന്‍ ഗന്ധര്‍വ്വന്‍ ഹിറ്റായതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനം നിതീഷിന്റെ സാന്നിധ്യം കൂടിയാണ്.
ഇതിനൊപ്പം മഹാഭാരത സീരിയലില്‍ കൃഷ്ണന്റെ വേഷം അവതരിപ്പിച്ചും നിതീഷ് ഇന്ത്യയിലുടനീളം ജനകീയനായി. ‘ഞാന്‍ ഈ ലോകത്ത് എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ഒന്ന് മഹാഭാരതത്തിലെ കൃഷ്ണന്‍ ആയും രണ്ട് ഞാന്‍ ഗന്ധര്‍വ്വന്‍ സിനിമയിലെ ഗന്ധര്‍വ്വന്‍ ആയിട്ടുമാണെന്നാണ് നിതീഷ് പറയുന്നത്. നിരവധി ഹിന്ദി സിനിമകളിലും മറാത്തി സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആളുകള്‍ എന്നെ അതിന്റെയൊന്നും പേരില്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൃഷ്ണന്റെ വേഷം എന്റെ ജീവിതത്തില്‍ ഒരുപാട് ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. അക്കാദമിക്‌സ് പ്രകാരം ഞാനൊരു വെറ്റിനറി സര്‍ജനാണ്. കൃഷ്ണനെ പോലെ ഞാനും എപ്പോഴും കാലിത്തൊഴുത്തിലും കന്നുകാലികളുടെ കൂടെയുമായിരുന്നു.
മലയാളത്തിലേക്ക് അഭിനയിക്കാന്‍ വന്നതിനെ പറ്റി നടന്‍ പറയുന്നതിങ്ങനെയാണ്. ‘എണ്‍പതുകളില്‍ ഞാന്‍ സിനിമയില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന സമയത്താണ് മലയാള സിനിമയിലേക്ക് അവസരം വരുന്നത്. കേരളത്തില്‍ നിന്നുള്ള സിനിമകള്‍ അന്ന് അന്ധേരിയിലും ജുഹുവിലുമൊക്കെ കാണാന്‍ സാധിക്കുന്നത് ഡബ്ബ് ചെയ്ത പോണ്‍ സിനിമകള്‍ പോലെയുള്ള സെക്‌സി സിനിമകളാണ്. അതിന്റെ പേരുകളൊന്നും ഓര്‍മ്മയില്ല. മഹാഭാരതം ചെയ്ത ശേഷം എനിക്കൊരു ലെറ്റര്‍ വന്നു. അന്ന് ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ല. ആ ലെറ്റര്‍ പദ്മരാജന്‍ എന്നൊരു സംവിധായകന്‍ അയച്ചതായിരുന്നു. അത് ആരാണെന്ന് പോലും എനിക്ക് അറിയില്ല. ഞാന്‍ കരുതിയത് അദ്ദേഹത്തിന് ഏതോ പോണ്‍ സിനിമ ചെയ്യാന്‍ ആയിരിക്കുമെന്നാണ്. അതുകൊണ്ട് ഞാന്‍ ആ ഓഫര്‍ കാര്യമാക്കുകയോ അതിന് മറുപടി കൊടുക്കുകയോ ചെയ്തില്ല.
അതിന് ശേഷമാണ് എന്നെ ഗുഡ്‌നൈറ്റ് മോഹന്‍ വിളിക്കുന്നത്. സംവിധായകന്‍ പദ്മരാജന്‍ നിങ്ങളെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും വിവരമൊന്നും കിട്ടാത്തത് കൊണ്ട് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് കാര്യം മനസിലായത്. എനിക്ക് അദ്ദേഹത്തിന്റെ ലെറ്റര്‍ കിട്ടിയ വിവരം പറഞ്ഞതോടെ പിന്നെ എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് ചോദിച്ചു. സോഫ്റ്റ് പോണ്‍ സിനിമ ആണെന്ന് വിചാരിച്ചിട്ടാണ് അതിനോട് റെസ്‌പോണ്ട് ചെയ്യാത്തതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിക്കാന്‍ തുടങ്ങി. മോഹന്‍ജി വഴിയാണ് പിന്നെ പദ്മരാജന്‍ സാറിന്റെയടുത്തേക്ക് പോകുന്നതും പിന്നീട് കഥ കേള്‍പ്പിക്കുന്നതുമെന്നുമാണ് നിതീഷ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. മാത്രമല്ല തന്നെയും മോഹന്‍ലാലിനെയും വെച്ച് ഒരു സിനിമ ചെയ്യണമെന്ന് പദ്മരാജന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനൊരു കഥ പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന് മുന്‍പാണ് അദ്ദേഹം ഈ ലോകം വിട്ട് പോകുന്നത്. ആ സിനിമ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ കേരളത്തില്‍ തന്നെ സെറ്റില്‍ ആയിട്ട് മലയാളം സിനിമകള്‍ കൂടുതല്‍ ചെയ്യുമായിരുന്നുവെന്നാണ് നടന്‍ പറഞ്ഞത്.