Features

‘മദ്യനയം’ ജനിക്കാത്ത കുട്ടിയുടെ ജാതകമെന്ന് മന്ത്രി: കുട്ടി ജനിച്ചു, ജാതകവുമെഴുതി പക്ഷെ, ‘അച്ഛന്‍’ ആരെന്നുമാത്രം അന്വേഷിച്ചാല്‍ മതിയെന്ന് പ്രതിപക്ഷം; സൂക്ഷിക്കണ്ടേ അമ്പാനേ എന്ന് രാജേഷിനോട് റോജി

ഗ്യാലറിയില്‍ നിന്നും

നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ യു.ഡി.എഫിന് ഉന്‍മേഷം കൂടിയിരിക്കുകയാണ്. കൈ നിറയെ ആയുധവുമായാണ് നിയമസഭയുടെ അകത്തളത്തിലേക്ക് ഓരോ യു.ഡി.എഫ് അംഗങ്ങളും കടക്കുന്നത്. അതൊക്കെ എങ്ങനെ, എപ്പോ, ആര്‍ക്കെതിരെയൊക്കെ പ്രയോഗിക്കും എന്നതാണ് എല്ലാരും ഉറ്റു നോക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണനെയും ഷാഫി പറമ്പിലിനെയും നിയമസഭയില്‍ നിന്ന് ലോക്‌സഭയിലേക്ക് യാത്രയയപ്പും ചേര്‍ന്നിരുന്ന് വലിയ ഫോട്ടം പിടുത്തവും കഴിഞ്ഞിട്ടാണ് നിയമസഭ ശൂന്യവേളയിലേക്ക് കടന്നത്.

പ്രതിപക്ഷത്തെ യുവതാരം റോജി എം.ജോണിന്റെ ഉള്ളില്‍ രണ്ടാം ബാര്‍കോഴ എങ്ങനെ അവതരിപ്പിച്ച് ഫലിപ്പിക്കുമെന്ന കണക്കു കൂട്ടലുകളായിരുന്നു. നേതാക്കള്‍ ഏല്‍പ്പിച്ച ജോലി നല്ല വൃത്തിക്ക് ചെയ്തു തീര്‍ക്കുമെന്ന് റോജിയും പറഞ്ഞിട്ടുണ്ട്. ഉണ്ടയില്ലാ വെടി പൊട്ടിച്ചാല്‍ ഭരണപക്ഷത്തെ വില്ലന്‍മാരെല്ലാം കൂടി മേഞ്ഞു കളയുമെന്ന് റോജിക്ക് പണ്ടേ അറിയാവുന്നതു കൊണ്ട് ഹോം വര്‍ക്കും കേട്ടെഴുത്തുമെല്ലാം നടത്തിയിട്ടാണ് ബാര്‍കോഴ അവതരിപ്പിക്കാന്‍ തയ്യാറെടുത്തത്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ബാര്‍ ഉടമകള്‍ ഇടപെടുന്നുണ്ടെന്നു തുടങ്ങി, കോഴയും, പിരിവും, പിന്നെ, വിനോദ സഞ്ചാര വകുപ്പുമെല്ലാം കടന്ന് റോജി കസറി.

കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ തന്നെ റോജി വിഷയം അവതരിപ്പിച്ച് പൂര്‍ത്തിയാക്കി. പിന്നെ, മന്ത്രി രാജേഷിന്റെ മറുപടിയും സ്പീക്കര്‍ ഷംസീറിന്റെ തള്ളിക്കളയലും എത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചെയ്യാനാകുന്നത് ചെയ്തുവെന്നു തന്നെ പറയേണ്ടി വരും. നീട്ടിക്കുറുക്കിയൊരു പ്രസംഗത്തിനൊടുവില്‍ ഞാനും എന്റെ പാര്‍ട്ടിയും ഇറങ്ങിപ്പോകുന്നു എന്നും പറഞ്ഞ് ഒറ്റ പോക്കാണ്. പിന്നാലെ, കുഞ്ഞാലിക്കുട്ടിയും പാര്‍ട്ടിയും, ജോസഫും പാര്‍ട്ടിയുമൊക്കെ പോന്നു. ബാര്‍ കോഴയുടെ കാര്യം ഓര്‍ക്കുമ്പോള്‍ ഒരുപാട് മധുരസ്മരണകള്‍ നിയമസഭയ്ക്കുള്ളിലേക്ക് ഓടിയോടി വരുന്നുണ്ട്. ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുന്നവര്‍ പ്രതിപക്ഷത്തും, പ്രതിപക്ഷത്തിരിക്കുന്നവര്‍ ഭരണപക്ഷത്തുമാണെന്നേയുള്ളൂ.

ബാക്കിയെല്ലാം അതേപടി. പ്രകടനത്തില്‍ കുറച്ചൊക്കെ മാറ്റമുണ്ട്. തല്ലില്ല, തലോടലില്ല, തെറിയില്ല, വലിയില്ല, ബോധം പോയില്ല, കസേര കളിയില്ല അങ്ങനത്തെ ചെറിയചില കലാവിരുന്നുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ശാന്തം, ഗംഭീരം. പക്ഷെ, രണ്ടാം ബാൈര്‍കോഴയില്‍ ചര്‍ച്ചയ്ക്ക് ചൂടുകുറവില്ലായിരുന്നു. അടിയന്തരപ്രമേയത്തിന് അനുമതി തേടി റോജി എം ജോണ്‍ നടത്തിയ പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് ഒറ്റയടിക്കങ്ങ് പറഞ്ഞു കളഞ്ഞു. മദ്യനയം ആവിഷ്‌കരിക്കുന്നത് എക്‌സൈസ് വകുപ്പാണ്. സ്റ്റേക്‌ഹോള്‍ഡേഴ്‌സുമായുള്ള ചര്‍ച്ചയുടെ ആദ്യഘട്ടം നടക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

മദ്യനയം മാറ്റാന്‍ ബാര്‍ ഉടമകള്‍ പണം പിരിച്ച് നല്‍കണമെന്ന് ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. പിന്നീട് പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭാ ഇന്നത്തേയ്ക്കു പിരിഞ്ഞു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതു പോലൊരു ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് മുന്‍പ് കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം എല്‍ഡിഎഫ് ഉന്നയിച്ചതെന്നു റോജി എം. ജോണ്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖയുടെ പിന്നിലുള്ള കാര്യങ്ങള്‍ എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

ശബ്ദരേഖ പുറത്തുവന്നത് മാത്രമാണ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോഴ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നോ, ആരാണ് ആവശ്യപ്പെട്ടതെന്നോ അന്വേഷിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ല. പിഎ മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പ് എക്സൈസ് വിഭാഗത്തില്‍ കൈകടത്തുകയാണ്. എക്സൈസ് വകുപ്പ് ഇവരില്‍ ആരുടെ കയ്യിലാണെന്നു ജനങ്ങള്‍ക്ക് സംശയമുണ്ട്. ഇതുവരെ തയാറാകാത്ത മദ്യനയത്തെ സംബന്ധിച്ച്, ‘ജനിക്കാത്ത കുട്ടിയുടെ ജാതകം’ എഴുതിയെന്നാണ് എക്സൈസ് മന്ത്രി പറയുന്നത്. കുട്ടി ജനിച്ചിട്ടുമുണ്ട്, ജാതകം എഴുതിയിട്ടുമുണ്ട്. കുട്ടിയുടെ അച്ഛനാരെന്നു മാത്രം അന്വേഷിച്ചാല്‍ മതി.

‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേയെന്നും’ റോജിയുടെ പരിഹാസം കേട്ട് നിയമസഭയിലെ സിനിമാസ്വാദകര്‍ പൊട്ടിച്ചിരിച്ചു. ഭരണപക്ഷത്തും ചിരിപടര്‍ന്നെങ്കിലും അത് പൊട്ടിയില്ല. ചിരി പൊട്ടിപ്പോയാല്‍ മുഖ്യന്‍ പിടിച്ച് പെട്ടിയിലാക്കില്ലേ അമ്പാനേയെന്ന് മനസ്സില്‍ പറഞ്ഞവരുമുണ്ട്. രാജേഷ് മറുപടി പറഞ്ഞത്, മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടായിരുന്നു. ടൂറിസം വകുപ്പും മദ്യവ്യവസായവും തമ്മില്‍ ഏത് കാലത്താണ് ബന്ധമില്ലാത്തത്?. നിങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയാല്‍ ‘ആഹാ, ഇപ്പൊ ഓഹോ’. പ്രമേയാവതാരകന്റെ അത്യന്തം അധിക്ഷേപകരവും ധാര്‍ഷ്ട്യവും പുച്ഛവും നിന്ദയും നിറഞ്ഞ പ്രസംഗം ക്ഷമയോടെയാണ് താന്‍ കേട്ടിരുന്നത്.

വസ്തുതപുറത്തു വരുമ്പോഴാണ് അസഹിഷ്ണുത ഉണ്ടാകുന്നതെന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നിരന്തരം പ്രകോപനമുണ്ടായപ്പോള്‍ മന്ത്രി പറഞ്ഞു. അല്ലെങ്കിലും മദ്യ മന്ത്രിക്ക് അസഹിഷ്ണുത എന്തെന്നു പോലുമറിയാത്ത ആളാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന, വരുമാനമുണ്ടാക്കുന്ന, കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയ മദ്യനയം യു.ഡി.എഫ് സര്‍ക്കാരിന്റേതാണ്. ടൂറിസം വകുപ്പാണോ എക്‌സൈസ് പോളിസി ഉണ്ടാക്കുന്നതെന്ന ചോദ്യം മുന്‍കാല പ്രാബല്യത്തോടെ ചോദിക്കേണ്ടിവരും.

ഈ സര്‍ക്കാര്‍ ഡ്രൈഡേ പിന്‍വലിച്ചിട്ടില്ല, അതിനെക്കുറിച്ച് പ്രാഥമിക ആലോചനപോലും നടത്തിയിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞതു കേട്ട് അന്തം വിട്ടത് കേരളത്തിലെ കുടിയന്‍മാരാണെന്നതില്‍ തര്‍ക്കമില്ല.  ടൂറിസം സെക്രട്ടറിയുടെ ആ റിപ്പോര്‍ട്ട് പ്രതിപക്ഷം വായിച്ച് പഠിക്കണം. എല്ലാ ഞായറാഴ്ചയും യുഡിഎഫ് ഭരണത്തില്‍ ഡ്രൈ ഡേ ഏര്‍പ്പെടുത്തി. ഡ്രൈ ഡേ വര്‍ഷത്തില്‍ 52 ആയി. അതു പിന്‍വലിക്കുന്നതിന് പുതിയ മദ്യനയം കൊണ്ടുവന്നു. ഇതിനായി എത്ര പണം വാങ്ങി എന്നു താന്‍ ചോദിക്കുന്നില്ല. പ്രതിപക്ഷ ആരോപണം തിരിച്ചു കുത്തും. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഒക്ടോബര്‍ രണ്ടിനു മാത്രമാണ് ഡ്രൈ ഡേയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അല്ല, ഈ ഡ്രൈ ഡേ മാറ്റില്ല, മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല, എങ്കില്‍പ്പിന്നെ എന്തിനാണ് കര്‍ണാടകയിലെ ഗാന്ധി ജയന്തി മന്ത്രി പറഞ്ഞതെന്ന് ആരെങ്കിലും തിന്തിച്ചാല്‍ നല്ല അടി മേടിക്കും. മന്ത്രി ചുമ്മാ ഒരു ഗുമ്മിനു പറഞ്ഞതായിരിക്കും. അതത്ര കാര്യമാക്കണ്ട. ഇനിയും കിടക്കുകയല്ലേ നിയമസഭാ ദിവസങ്ങള്‍. എല്ലാ ദിവസവും അടിയന്തിര പ്രമേയങ്ങളും ഉണ്ടാകും ചര്‍ച്ചകളുമുണ്ടാകും. കാത്തിരുന്നു കാണാം.