ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വന്‍ പരാജയം മറയ്ക്കാന്‍ മുഖ്യമന്ത്രി നിയമസഭയിലും, സി.പി.എം നേതാക്കള്‍ പുറത്തും പലതും പറയുന്നുണ്ടെങ്കിലും പാര്‍ട്ടി അണികള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായെന്നാണ് മനസ്സിലാകുന്നത്. കാരണം, പാര്‍ട്ടി കീഴ്ഘടകങ്ങളിലെ സഖാക്കള്‍ നേതൃത്വത്തിനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിന്റെ വാള്‍മുനയില്‍ നിര്‍ത്തിയാണ് അവരെ നേതാക്കള്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നേതാക്കളുടെ സത്യവിരുദ്ധ പ്രസ്താവനകളും, പച്ചക്കള്ളങ്ങളും പൊതു സമൂഹത്തിലേക്ക് വര്‍ജ്ജിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിപ്പോകുന്നത് കീഴ്ഘടകങ്ങളിലെ സഖാക്കളാണ്.
ഏകദേശം മടുത്തു മരവിച്ച മട്ടിലാണ് സി.പി.എം ബ്രാഞ്ച്കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ അധികവും. അപ്പോഴും പാര്‍ട്ടിയെ വലിയൊരു പ്രതിസന്ധിയിലാക്കുന്ന നടപടിയിലേക്ക് പോകേണ്ടെന്ന തീരുമാനവും, ഇതിലും നല്ല പാര്‍ട്ടി വേറെ ഇല്ലാത്തതു കൊണ്ടും മാത്രമാണ് സ്വയം നിയന്ത്രിച്ചു നില്‍ക്കുന്നത് എന്നാണ് സഖാക്കള്‍ പറയുന്നത്. എന്നാല്‍, ഇതൊരു തുടര്‍ പ്രക്രിയയല്ല. ഉള്‍പാര്‍ട്ടീ ജനാധിപത്യം തെറ്റിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഘട്ടങ്ങളിലെല്ലാം സഖാക്കള്‍ ഇടപെടാറുണ്ട്. പക്ഷെ, കീഴ്ഘടകത്തിലെ തീരുമാനങ്ങള്‍ മേല്‍ഘടകങ്ങളില്‍ എത്തുമ്പോള്‍ അതെല്ലാം നേതാക്കള്‍ക്ക് അനുകൂലമായി മാറുകയാണ് ചെയ്യുന്നത്. ഒടുവില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്നു തന്നെയാണ് സഖാക്കള്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതിനു മുമ്പ് നേതാക്കള്‍ തിരുത്തുകയോ, നേര്‍വഴിയിലേക്ക് വരികയോ ചെയ്യണം. പാര്‍ട്ടി നേതാക്കളുടെ ഓരോ വാക്കുകളും, പ്രവൃത്തികളും അണികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നു പോകുന്നതും, വിശ്വാസം നഷ്ടപ്പെടുന്നതും അവര്‍ മനസ്സിലാക്കുന്നുണ്ട്. നേതാക്കളുടെ ധാര്‍ഷ്ട്യം, അഹന്ത, ജനസമ്പര്‍ക്കമില്ലായ്മ, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതിരിക്കല്‍, കോര്‍പ്പറേറ്റുകളുമായുള്ള ചങ്ങാത്തം, അധികാര ഭ്രമം, പണത്തിനോടുള്ള ആര്‍ത്തി തുടങ്ങിയ കാര്യങ്ങളെല്ലാം തിരിച്ചടിയിലേക്ക് വഴി തുറന്നിട്ടുണ്ട്.
സാധാരണക്കാരെ മനസ്സിലാക്കാത്ത നേതാക്കള്‍
ഇന്നത്തെ നേതാക്കളോട് ജനങ്ങള്‍ക്ക് ഒരു സ്‌നേഹവുമില്ല. ജനങ്ങളോട് നേതാക്കള്‍ക്കും സ്‌നേഹമില്ല. നേതാക്കള്‍ KSRTC ബസില്‍ യാത്ര ചെയ്യുകയോ, പൊതു നിരത്തിലൂടെ നടക്കുകയോ, ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയോ, റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുകയോ ചെയ്യാത്തവരാണ് ഇന്നത്തെ സി.പി.എം നേതാക്കള്‍. ഇവര്‍ക്ക് സാധാരണ ജനങ്ങളുടെ ജീവിത നിലവാരമോ, രീതികളോ അറിയില്ല. ഫ്‌ളാറ്റിലും, വലിയ സൗധങ്ങളിലേക്കുമുള്ള മാറ്റങ്ങള്‍, അധികാര കസേരകള്‍, ആഡംബര്‍ വാഹനങ്ങള്‍, വെയിലും മഴയും കൊള്ളാതിരിക്കല്‍, കവലപ്രസംഗത്തിനപ്പുറം ചോദിച്ചും കേട്ടുമുള്ള പ്രവര്‍ത്തനങ്ങളുടെ കുറവുമൊക്കെ നേതാക്കളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് ഇവര്‍. ഇങ്ങനെയുള്ളവര്‍ ഭരണം നടത്തുമ്പോള്‍ എങ്ങനെ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കും. ക്ഷേമ പെന്‍ഷന്‍ കൊടുക്കാതെ സാധാരണക്കാരന്റെ വേദന മനസ്സിലാക്കുന്നവരാണ് ഇടതുപക്ഷമെന്ന് പറയുന്നവരാണ് നേതാക്കള്‍. ഇതിന്റെയെല്ലാം പരിണിത ഫലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ തിരിച്ചടി.
തോല്‍വിയില്‍ പരോക്ഷമായി പ്രതികരിച്ച് അണികള്‍
നേതാക്കളുടെ ധാര്‍ഷ്ട്യവും അഹന്തയുമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് നേതാക്കള്‍ക്കെതിരേ ആഞ്ഞടിക്കുകയാണ് അണികള്‍. സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് എറണാകുളം ജില്ലാക്കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ കുറ്റസമ്മതം നടത്തുന്നു. പാര്‍ട്ടിക്ക് ലഭിക്കേണ്ട പരമ്പരാഗത വോട്ട് നഷ്ടമായിട്ടുണ്ട്. ന്യൂനപക്ഷ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടിയില്ല. അമ്പലപ്പുഴയില്‍ അടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. പാര്‍ട്ടി തിരുത്തേണ്ട കാര്യങ്ങളുണ്ട്. അത് തിരുത്തുമെന്നുമാണ് നാസര്‍ പറയുന്നത്.
ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ വിലയ്‌ക്കെടുത്തു
‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് തന്നെ തോല്‍പ്പിച്ചതെന്ന് കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി.ജയരാജന്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടു. യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായെന്നും എം.വി ജയരാജന്‍ പറയുന്നു. ജയരാജന്‍ 1,08,982 വോട്ടിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടാണ് പരാജയപ്പെട്ടത്. ഇടതു കോട്ടകളില്‍ അടക്കം കോണ്‍ഗ്രസ് മുന്നേറിയത് പാര്‍ട്ടിയെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് എം.വി. ജയരാജന്റെ പ്രതികരണം. ”സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കി നില്‍ക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാന്‍ ഇടയായി. പാര്‍ട്ടി പ്രവര്‍ത്തകരും ഇടതുപക്ഷ പ്രസ്ഥാനത്തോടു കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. ഇടതുപക്ഷമെന്ന് നമ്മള്‍ കരുതുന്ന സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങി. ”പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍.. ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള്‍ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്. ”അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാല്‍, ആ അഡ്മിന്‍ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സി.പി.എം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണെന്നുമാണ് ജയരാജന്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ മാറാത്ത നിലപാട്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ യു.ഡി.എഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്യമില്ല. എ.കെ ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതുവെച്ച് രാജി ചോദിക്കാനൊന്നും വരണ്ട. ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തോട് എതിര്‍പ്പില്ല. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നേ ജനം ചിന്തിച്ചിട്ടുള്ളു. അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ല. നിങ്ങള്‍ തല്‍ക്കാലം ജയിച്ചതില്‍ ഞങ്ങള്‍ക്ക് വേവലാതി ഇല്ലെന്നും ഗൗരവത്തോടെ കാണേണ്ടത് ബിജെപി എങ്ങനെ ജയിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറയുന്നു. യു.ഡി.എഫിന്റെ ആറ് ലക്ഷം വോച്ചുകള്‍ കുറഞ്ഞിട്ടുണ്ട്. അതാണ് പരിശോദിക്കപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാവുകയാണ്. മുഖ്യമന്ത്രി തെറ്റ് തിരുത്തുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഇത് ഇങ്ങനയേ പോകൂ.
കെ. രാധാകൃഷ്ണന്‍ കനല്‍ത്തരിയോ കരിക്കട്ടയോ
ആലത്തൂര്‍ ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത്, സംസ്ഥാന മന്ത്രിസ്ഥാനം തത്യജിച്ച വ്യക്തിയും കറകളഞ്ഞ നേതാവുമാണ് കെ. രാധാകൃഷ്ണന്‍. എന്നാല്‍, കെ. രാധാകൃഷ്ണന്റെ ത്യാഗത്തെയും ആലത്തൂരിലെ വിജയത്തെയും പാര്‍ട്ടിയോ നേതാക്കളോ വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തു കാട്ടിയില്ല എന്ന ആക്ഷേപമാണ് അണികള്‍ക്കുള്ളത്. കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ ‘ കനല്‍ ഒരു തരി മതി’ എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍, ഇന്ന് മൗനം പാലിക്കുകയാണ് ചെയ്തത്. കെ. രാധാകൃഷ്ണന്‍ കനലാണോ, കരിക്കട്ടയാണോ എന്ന് ഇതുവരെ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല.
തോല്‍വിയുടെ ആകെത്തുക
പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ തോറ്റതിന്റെ കണക്കെടുപ്പ് നടത്തുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിന്റെ ആകെത്തുക നേതാക്കളുടെ വായില്‍ നിന്നും പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതു പോലും സ്വന്തം തീരുമാനമാകാന്‍ വഴിയില്ലെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുതെ വിലയിരുത്തല്‍. ഇത്തരം പോസ്റ്റുമോര്‍ട്ടങ്ങളിലൂടെ പാര്‍ട്ടിയുടെ തോല്‍വിക്കു്ടായ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടു പിടിക്കാനായില്ലെങ്കില്‍ പരാജയങ്ങളുടെ ഘോഷയാത്ര ആയിരിക്കും വരാനിരിക്കുന്നതെന്നാണ് അണികളുടെ വിലയിരുത്തല്‍. ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നു പറയുന്നതു പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചത്തത് സി.പി.എമ്മാണെങ്കില്‍ കൊന്നതാരെന്ന് കണ്ടെത്തിയേ മതിയാകൂ. അതുണ്ടായില്ലെങ്കില്‍ വലിയ തിരിച്ചടികള്‍ കാണേണ്ടി വരുമെന്നാണ് അണികള്‍ നല്‍കുന്ന മുന്നറിയിപ്പ്.