ജെസിബികളും മുഴക്കവും തൊഴിലാളികളും സംസാരങ്ങളും കാറുകള്‍ പായുന്ന ശബ്ദമുള്‍പ്പടെ മുഴങ്ങുന്ന അമരാവതി, അഞ്ചു വര്‍ഷമായി പ്രേതനഗരമായി കിടന്ന ആന്ധ്രയുടെ ഭാവി തലസ്ഥാനം ഇന്നിപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്നു. ആന്ധ്രയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ അമരാവതി ഗ്രീന്‍ഫീല്‍ഡ് ക്യാപിറ്റല്‍ പ്രോജക്റ്റിന് വീണ്ടും ജീവന്‍ വെയ്ക്കുന്നു. ഇന്ന് രാവിലെയോടെ കൃഷ്ണ ജില്ലയിലെ വിജയവാഡയ്ക്കു സമീപമുള്ള ഗണ്ണവാരത്തെ കേസരപ്പള്ളി ഐടി പാര്‍ക്കിന് സമീപമാണ് ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. അമരാവതിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ബിജെപിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുമുള്ള നിരവധി കേന്ദ്ര നേതാക്കളെ ക്ഷണിക്കുകയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തതിനാല്‍ ഗണ്ണവാരം വേദിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഗണ്ണാവാരത്തിനടുത്തുള്ള വിജയവാഡ വിമാനത്താവളത്തിനു സമീപത്താണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. തന്റെ സ്വപ്‌ന പദ്ധതിയായ അമരാവതി തലസ്ഥാന നഗര പ്രോജക്റ്റിന് വീണ്ടും ജീവന്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ആദ്യ കര്‍മ്മ പരിപാടികളില്‍ ഒന്നെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. ആന്ധ്രാ സംസ്ഥാനത്തിന്റെ പുരോഗതിക്കും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള വമ്പന്‍ തലസ്ഥാന പദ്ധതിയായിരുന്നു അമരാവതിയല്‍ ആസുത്രണം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞ തവണത്തെ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
അമരാവതിയ്ക്ക് എന്തുപറ്റി?
50000 കോടിയുടെ പുത്തന്‍ ഗ്രീന്‍ഫീല്‍ഡ് തലസ്ഥാന നഗരമാണ് അമരാവതി കേന്ദ്രീകരിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആസുത്രണം ചെയ്തു നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ആന്ധ്ര പ്രദേശ് രണ്ടായി വിഭജിച്ച് തെലുങ്കാനയും ആന്ധ്രപ്രദേശും 2018ലാണ് രൂപീകരിച്ചത്. തുടര്‍ന്ന് ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി ടി ഡി പി നേതാവ് ചന്ദ്ര ബാബു നായിഡു തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള പത്തു വര്‍ഷം ഹൈദരബാദ് കേന്ദ്രീകരിച്ചാണ് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങള്‍ ഭരണം നടത്തേണ്ടത്. 2024 ഓടെ പത്തുവര്‍ഷം പൂര്‍ത്തികരിക്കുകയാണ്.
2015ല്‍ തന്നെ തന്റെ സ്വപ്‌ന പദ്ധതിയായി ചന്ദ്രബാബു നായിഡു വിഭാവന ചെയ്തതാണ് അമരാവതി എന്ന തലസ്ഥാന നഗരം. 217 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന നഗരമായിട്ടാണ് രൂപകല്‍പ്പന ചെയ്തത്. പുതിയ സംസ്ഥാനം ആയതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് തലസ്ഥാനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഇതിനുപുറമേ വിദേശ ബാങ്കുകളില്‍ നിന്നും പണം വായ്പയെടുത്തു ആണ് അമരാവതിയില്‍ തലസ്ഥാന നഗരം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അഞ്ചു വര്‍ഷം കൊണ്ട് ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് എത്തുകയായിരുന്നു.
കൃഷ്ണ നദിയുടെ തെക്കേ കരയില്‍ ഗുണ്ടൂര്‍ ജില്ലയിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്. നഗരാസൂത്രണ കമ്പനിയായ സുര്‍ബാന ജുറോങ്ങിന്റെ നേതൃത്വത്തിലുള്ള സിംഗപ്പൂര്‍ കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യം ആസൂത്രണം, നഗര രൂപകല്‍പ്പന, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക വികസന ആസൂത്രണം എന്നിവയുടെ മാസ്റ്റര്‍ പ്ലാനര്‍മാരും ലീഡ് കണ്‍സള്‍ട്ടന്റുമായിരുന്നു. എന്നാല്‍ 2019 ല്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതോടെ അതിന്റെ തലസ്ഥാന വികസനം നിലച്ചു. ഇപ്പോള്‍ അമരാവതിയുടെ വികസനത്തിന് 2.5 ലക്ഷം കോടി മുതല്‍ 3 ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ പഴയ മാസ്റ്റര്‍ പ്ലാനില്‍ മാറ്റം വരുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് ശ്രമം. പകുതി പൂര്‍ത്തിയായ കെട്ടിടങ്ങളും, റോഡും വികസിപ്പിച്ച് പുതിയ നഗരമാണ് ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം.
ജഗന്‍ അട്ടിമറിച്ച അമരാവതി
വൈ എസ് ജഗന്‍ റെഡി ആന്ധ്രയുടെ മുഖ്യമന്ത്രിയായി 2019 ല്‍ അധികാരമേറ്റപ്പോള്‍ ആദ്യം കൈക്കൊണ്ട നടപടികളില്‍ ഒന്നായിരുന്നു അമരാവതിയിലെ തലസ്ഥാന നഗര പദ്ധതി അട്ടിമറിക്കല്‍ ആയിരുന്നു. വികേന്ദ്രീകൃത ഭരണമെന്ന സാധ്യത മുന്നില്‍ കണ്ട് ജഗന്‍ മൂന്ന് തലസ്ഥാന മാതൃക നിര്‍ദ്ദേശിക്കുകയും ചെയ്തു. നഗര പദ്ധതി മൂന്ന് സ്ഥലങ്ങളിലേക്ക് ജഗന്‍ സര്‍ക്കാര്‍ മാറ്റി നിശ്ചയിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ എക്‌സിക്യൂട്ടീവ് തലസ്ഥാനമായും, കുറുനൂലിനെ ജുഡീഷ്യല്‍ തലസ്ഥാനമായും, അമരാവതിയെ നിയമനിര്‍മ്മാണ തലസ്ഥാനമായി ജഗന്‍ സര്‍ക്കാര്‍ മാറ്റി. ജഗന്റെ ഈ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അമരാവതിയില്‍ വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ നീക്കം നടത്തിയത്. അമരാവതിയില്‍ ഭൂമി നഷ്ടപ്പെട്ട കര്‍ഷകരും ഭൂമി വാങ്ങിക്കൂട്ടിയ റിയല്‍ എസ്റ്റേറ്റ് ടീമുകളും ജഗന്റെ ഈ നടപടിയെ ശക്തമായി വിമര്‍ശിച്ചു. 2024 ജഗമോന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിക്കാന്‍ ഇതും ഒരു കാരണമായി.
എന്താകും അമരാവതിയുടെ ഭാവി?
റോഡുകള്‍, ഡ്രെയിനേജുകള്‍, യൂട്ടിലിറ്റി ഡക്റ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് തലസ്ഥാന നഗരത്തിലെ പുനര്‍ നിര്‍മ്മാണത്തിന്റെ താത്ക്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1,635 ദിവസം സമരം നടത്തിയ അമരാവതിയിലെ കര്‍ഷകര്‍ തങ്ങളുടെ സമരം അവസാനിപ്പിച്ചതോടെ വെലഗപ്പുടിയിലെ ധര്‍ണ പോയിന്റ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ‘ജൂണ്‍ 4 ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായതോടെ ഇവിടെ ആഘോഷങ്ങള്‍ നടന്നിരുന്നു. നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെ, അമരാവതിയും മാറുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ഇവിടെ ഒരുപാട് വികസനം എത്തും,’ അമരാവതി ഫാര്‍മേഴ്സ് ജോയിന്റ് സമിതി അംഗങ്ങള്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നായിഡു സത്യപ്രതിജ്ഞ ചെയ്ത ശേഷം, ജോലി പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ എല്‍ ആന്‍ഡ് ടിക്കും മറ്റ് കമ്പനികള്‍ക്കും പേയ്മെന്റുകള്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. അമരാവതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാരും ഡവലപ്പര്‍മാരും ഗ്രാമങ്ങള്‍ ചുറ്റി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. തലസ്ഥാന നഗരി ആദ്യമായി പ്രഖ്യാപിച്ചപ്പോള്‍, വെലഗപ്പുടിയിലും തുല്ലൂരിലും റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുടെ നിരവധി ഓഫീസുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയ ശേഷം അവ അടച്ചുപൂട്ടി.
അമരാവതിയില്‍ തന്നെ തലസ്ഥാനം മതിയെന്ന വാശിയിലാണ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. പവന്‍ കല്യാണ്‍ ഉള്‍പ്പടെയുള്ളവര്‍ നായിഡുവിന് പിന്തുണയുമായി രംഗത്തുണ്ട്. അഞ്ചു വര്‍ഷം കൊണ്ടെന്നും പൂര്‍ണ്ണതോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി കരുതുന്നു. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആന്ധ്രയിലെ ഏറ്റവും വലിയ നഗരമാക്കാനുള്ള നീക്കവുമായിട്ടാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും അമരാവതിയിലേക്ക് മാറ്റി, ആധുനിക ഇന്‍ഫ്രാസ്ട്രക്ചറും ആഗോള നിക്ഷേപവും കൊണ്ട് സമ്പൂര്‍ണ്ണമായ ഒരു ലോകോത്തര തലസ്ഥാനമായി അമരാവതിയെ മാറ്റുന്നത് നായിഡുവിന്റെ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുന്നു.
തലസ്ഥാന മേഖലയിലെ വിജയവാഡ, ഗുണ്ടൂര്‍ എന്നീ രണ്ട് നോഡല്‍ നഗര കേന്ദ്രങ്ങള്‍ക്കിടയില്‍ (8,600 ചതുരശ്ര കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥാനമെന്ന കാരണത്താലാണ് അമരാവതിയെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായി തെരഞ്ഞെടുത്തത്. മികച്ച സുസ്ഥിരത ഉറപ്പാക്കുന്നതും ജീവിക്കാന്‍ മികച്ചയിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ത്യയിലെ ജനകേന്ദ്രീകൃത പയനിയര്‍ സ്മാര്‍ട്ട് സിറ്റിയായിട്ടാണ് അമരാവതി നഗരം വിഭാവനം ചെയ്തിരിക്കുന്നത്.
ആന്ധ്ര നാടിന്റെ വിഭജനത്തിനുശേഷം 2014-ല്‍ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ഇത് രണ്ടാം തവണയാണ് നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത്, നാലാം തവണയും ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ തെലുങ്കുകാരന്‍. ടിഡിപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ജെഎസ്പിയും ബിജെപിയും ചേര്‍ന്ന് വന്‍ വിജയം നേടി, സഖ്യം 164 സീറ്റുകള്‍ നേടി. ടിഡിപി ഒറ്റയ്ക്ക് 135 സീറ്റുകള്‍ നേടിയപ്പോള്‍ ജെഎസ്പി മത്സരിച്ച 21 എണ്ണത്തിലും വിജയിക്കുകയും ബിജെപി മത്സരിച്ച 10ല്‍ എട്ടെണ്ണം നേടുകയും ചെയ്തു.