ക്രിപ്‌റ്റോടെറസ്ട്രിയൽ.. എന്ത് എന്ന് മുഖം ചുളിക്കണ്ട.. ഈ വാക്ക് കേട്ട് പരിചയം കുറവായിരിക്കും.. എന്നാൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാം. മനുഷ്യർക്കിടയിൽ മനുഷ്യനായി വേഷം മാറി ജീവിക്കുന്ന അന്യഗ്രഹ ജീവി. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒരേ പോലെ ആഘോഷം ആക്കിയ വാർത്ത. അറിയോ അതിന്റെ സത്യം..?
അന്യഗ്രഹജീവികൾ ശെരിക്കും നമുക്കിടയിൽ ഉണ്ടോ..? ഉണ്ട്..ഭൂമിയിൽ മാത്രമല്ല, ചന്ദ്രനിലും രക്ഷയില്ല. അവർ ചന്ദ്രനെയും തങ്ങളുടെ താമസസ്ഥലമാക്കിയിരിക്കുകയാണത്രേ.
ഇന്നും ലോകത്തിന് ഉത്തരം കിട്ടാത്ത മരീചികയാണ് അന്യഗ്രഹജീവികൾ. ശരിക്കും അവയുണ്ടോ അല്ലെങ്കിൽ മനുഷ്യന്റെ വെറും സങ്കൽപ്പമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ഇതിന്റെ പേരിൽ പല തർക്കങ്ങളും ഉടലെടുക്കാറുണ്ട്. പലരും പറക്കും തളികകൾ കണ്ടെന്നും അന്യഗ്രഹജീവികളെ കാണാനിടയായെന്നും ഒക്കെ അവകാശവാദം ഉയർത്താറുണ്ട്.
എന്നാൽ നിങ്ങൾ കണ്ടിട്ടുണ്ടോ..?
കണ്ടു കണ്ടു എന്ന് പറയാൻ അല്ല ഉണ്ടോ എന്നാണ്.?
എന്നാൽ അവിടെ ആണ് പ്രശ്നം, ഇത് പറഞ്ഞിരിക്കുന്നത് ഹാർവഡ് യൂണിവേഴ്‌സിറ്റിയാണ്. അപ്പൊ കുറച്ച് സംശയവും പേടിയും ഒക്കെ ആവാം.
ലോകവിദ്യാഭ്യാസരംഗത്തെ കൊമ്പൻമാരെന്ന് പറയപ്പെടുന്ന ഹാർവഡ് യൂണിവേഴ്‌സിറ്റിക്കാരുടെ കണ്ടെത്തലിനെ പൂർണമായും തള്ളാനാവില്ല.
അന്യഗ്രഹജീവികൾ അഗ്നിപർവ്വതമേഖലകളിലും ഭൗമാന്തർമേഖലകളിലും താമസിക്കുന്നുണ്ടെന്നാണ് ഫിലോസഫി ആൻഡ് കോസ്‌മോളജി എന്ന ശാസ്ത്രജേണലിന് നൽകിയിരിക്കുന്ന പ്രബന്ധം പറയുന്നത്. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധത്തിൽ പറയുന്നുണ്ട്. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിനു പിന്നിലുള്ളത്.
ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദിമകാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചിരുന്നു. എന്നാൽ പ്രളയമടക്കമുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചു. പക്ഷേ, ഈ ജീവിവർഗം പൂർണമായി നശിച്ചില്ല. ഇവർ അഗ്നിപർവതങ്ങളിലും സമുദ്രത്തിലുമൊക്കെയായി താമസം ഉറപ്പിച്ചു. മനുഷ്യരുടെ രൂപം ഇല്ലാത്ത ക്രിപ്റ്റോകളുമുണ്ട്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ താവളങ്ങളാണ്.
ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ട്. അവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുന്നത് തിരിച്ചറിയാനാവില്ലെന്നും ഈ സങ്കൽപം പറയുന്നു. അന്യഗ്രഹജീവികൾ ഭൂമിയുടെ ഗതിയും മനുഷ്യജീവിതവും തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു കരുതുന്നവരുമുണ്ട്. ഈ സാധ്യത ഗവേഷണപ്രബന്ധം തള്ളിക്കളയുന്നില്ല. ഇങ്ങനെ വേഷം മാറി കഴിയുന്ന അന്യഗ്രഹജീവികളെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള, തിരിച്ചറിയാനാകാത്ത പേടകങ്ങളെന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരത്തിലുള്ള ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം മാത്രമാണെന്നും ഇവർ പറയുന്നു.
എന്നാൽ ഒന്ന് സൂക്ഷിച്ചോ… ചിലപ്പോൾ അടുത്തിരിക്കുന്നവൻ തന്നെയാകും ഈ അന്യഗ്രഹ ജീവി. എന്തിന് കൂടുതൽ പറയുന്നു, ഈ എഴുതുന്ന ഞാൻ തന്നെ അന്യഗ്രഹ ജീവി അല്ലെന്ന് ന്താ നിങ്ങൾക്ക് ഉറപ്പ്…?