വീണ്ടും ഒരു ലോക കേരളസഭ സമ്മേളിക്കുകയാണ്. പ്രതീക്ഷകള്‍ വാനോളം ഉയരേണ്ട കാലമാണ്. പക്ഷെ, ഫലം എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുത്തരം കൃത്യമായും വ്യക്തമായും ആരും പറയില്ല. എന്താണ് ലോക കേരളസഭകൊണ്ട് കേരളത്തിന്റെ നേട്ടം എന്നതാണ് നോക്കേണ്ടത്. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതു മുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നതു വരെ ലോക കേരളസഭയുടെ ഗുണമാണ്. വിദേശ മലയാളികളെ എല്ലാം ഒരു കുടക്കീഴില്‍ അണി നിരത്തിക്കൊണ്ടുള്ള വികസന മാതൃക. പക്ഷെ, പ്രതിപക്ഷത്തിനും, അരവയര്‍ പട്ടിണിക്കാരായ സാധാരണക്കാര്‍ക്കും മാത്രം ഇതൊന്നും മനസ്സിലായിട്ടില്ല എന്നതാണ് സത്യം.
കാരണം, ലോക കേരള സഭയുടെ ആദ്യ എഡിഷന്‍ നടന്നത് നിയമസഭയുടെ അണ്ടര്‍ഗ്രൗണ്ടിലുള്ള ലോഞ്ചിലാണ്. അന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും. നോര്‍ക്കയുടെ നേതൃത്വത്തിലാണ് ലോക കേരളസഭ നടന്നതും. ഇന്ന് അതേ ശ്രീരാമകൃഷ്ണന്‍ നോര്‍ക്കയുടെ ചെയര്‍മാന്‍. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി വ്യവസായികളെല്ലാം ഒന്നിക്കും. കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനു തീരുമാനിക്കും. പിരിയും. പക്ഷെ, വ്യവസായങ്ങള്‍ മാത്രം വരില്ല. മൂന്നു ടേമായി നടക്കുന്ന ലോക കേരള സഭയ്ക്ക് ഒരു മേഖലാ സമ്മേളനങ്ങളുണ്ട്. ഇങ്ങോട്ടു വരാത്ത വ്യവസായികളെ മുഖ്യമന്ത്രിയും സംഘവും അങ്ങോട്ടു ചെന്നു കാണുന്ന പരിപാടിയാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളം.
ഇതിന്റെ രഹസ്യം ഇതാണ്. ലോക കേരള സഭയ്ക്കു എത്തുന്നവര്‍ തിരികെ പോകുമ്പോള്‍ തീരുമാനിച്ചുറപ്പിച്ചു പോകുന്ന ഒരു കാര്യമുണ്ട്. പുതിയ വ്യവസായികളെ കണ്ടെത്തുക. എന്നിട്ട്, അവരെ ഇതിന്റെ ഭാഗമാക്കുക. ഇങ്ങനെ കണ്ടെത്തുന്നവരെ പിടിച്ച് ലോക കേരള സഭയുടെ ഭാഗമാക്കാനാണ് മേഖലാ സമ്മേളനങ്ങള്‍ വെയ്ക്കുന്നത്. വ്യവസായികളെ അങ്ങോട്ടു ചെന്ന് കേരളത്തിലേക്ക് ക്ഷണിക്കുക എന്ന വലിയ കടമ്പയാണത്. ഇത്തവണത്തെ മേഖലാ സമ്മേളനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോക കേരള സഭ സമ്മേളിക്കുമ്പോള്‍ തന്നെ ആലോചിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷത്തെ മേഖലാ സമ്മേളനം അങ്ങ് അമേരിക്കയില്‍ വെച്ചായിരുന്നു.
ആ സമ്മേളനത്തെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്, ‘ഓര്‍മ്മിപ്പിക്കല്ലേ’ എന്നാണ്. മുഖ്യമന്ത്രിയെ ടൈം സ്‌ക്വയറില്‍ കണ്ടവരാരും മറന്നിട്ടില്ല. ഒരു ഇരുമ്പു കസേരയില്‍ വെള്ള പെയിന്റടിച്ചിട്ടുണ്ട്. അത്രമാത്രം. അതിലാണ് മുഖ്യമന്ത്രി ഇരുന്നത്. കേരളത്തില്‍ നിയമസഭയിലും, മുഖ്യമന്ത്രിയുടെ ഓഫീസിലുമൊക്കെ വെല്‍വെറ്റ് കുഷന്‍ ഉള്ള കസേരകളില്‍ ഇരുന്ന് ശീലിച്ച മുഖ്യമന്ത്രിയെയാണ് ഇരുമ്പു കസേരയില്‍ അമേരിക്കയിലെ മലയാളികള്‍ ഇരുത്തിയത്. സ്റ്റേജില്‍ ഒരേയൊരു കസേര മാത്രം. സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ഈ കസേരയിലാണ് ഇരുന്നത്.
ആളുമില്ല, ആരവവുമില്ലാത്ത ഇടത്ത്, കോട്ടും സ്യൂട്ടുമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നത്. അന്ന് നടന്ന മേഖലാ സമ്മേളനം പാര്‍ട്ടി പോലും പിന്നീട് ഒരു വേദിയിലും പറഞ്ഞു കേട്ടില്ല. ഇത്തവണത്തെ ലോക കേരളാ സഭയിലും ടൈംസ്‌ക്വയറില്‍ നടത്തിയ മേഖലാ സമ്മേളനം ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. കാരണം, അത് എല്ലാവരും മറക്കാന്‍ ശ്രമിക്കുന്ന മേഖലയായി മാറിക്കഴിഞ്ഞു. ഇത്തവണത്തെ മേഖലാ സമ്മേളനം ന്യൂസിലന്റില്‍ വെച്ചാണ് നടത്തുന്നതെന്ന സൂചനകള്‍ കിട്ടിയിട്ടുണ്ട്.
ന്യൂസിലന്റിലേക്ക് എന്നാണ് പോകുന്നതെന്ന് ലോക കേരള സഭ അവസാനിക്കുമ്പോള്‍ തീരുമാനിക്കും. ന്യൂസിലന്റിന്‍ നിന്നുള്ള വ്യവസായികള്‍ എത്രപേരുണ്ടെന്നും, അവര്‍ക്ക് കൂടുതല്‍ പേരെ കണ്ടെത്താന്‍ കഴിയുമോ എന്നുമൊക്കെ വിലയിരുത്തിയേ മേഖലാ സമ്മേളനം തീരുമാനിക്കൂ. ന്യൂസിലന്‍ഡിന് പുറമെ മറ്റൊരു രാജ്യവും ആലോചനയിലുണ്ട്. ലോക കേരള സഭ സമ്മേളനം തീരുന്ന മുറക്ക് മേഖല സമ്മേളന വേദി പ്രഖ്യാപിക്കും. 3 മേഖല സമ്മേളനങ്ങളാണ് ഇതുവരെ നടന്നത്. 2019 ഫെബ്രുവരി 15, 16ന് ദുബായിലും 2022 ഒക്ടോബര്‍ 9ന് ലണ്ടനിലും 2023 ജൂണ്‍ 10, 11 തീയതികളില്‍ ന്യൂയോര്‍ക്കിലും ആണ് മേഖല സമ്മേളനങ്ങള്‍ നടന്നത്.
മേഖല സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബ സമേതം ആണ് പങ്കെടുക്കുന്നത്. മേഖല സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെ അടുത്തിരിക്കാന്‍ കൂടുതല്‍ തുക സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയ ആളെ ഇരുത്താത്തത് വിവാദമായിരുന്നു. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലെ മുഖ്യമന്ത്രിയുടെ പ്രസംഗവും, പ്രസംഗത്തേക്കാള്‍ ഉപരി മുഖ്യമന്ത്രി ഇരുന്ന കസേരയും നിരവധി ട്രോളുകള്‍ക്കും കാരണമാവുകയും ചെയ്തു. മേഖലാ സമ്മേളനത്തിന്റെ ദയനീയ പരാജയത്തിന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും കുടുംബ സമേതമുള്ള വിദേശ യാത്രയും കാരണമായി എന്ന വിലയിരുത്തലാണ് ഉള്ളത്.
അതുകൊണ്ട് ഇത്തവണ മേഖല സമ്മേളനങ്ങള്‍ ഉപേക്ഷിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍, അമേരിക്കയില്‍ നടന്ന മേഖലാ സമ്മേളനം വന്‍ വിജയമാണെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ടൈം സ്‌ക്വയറില്‍ സംഭവിച്ചത്?. ടൈം സ്‌ക്വയറില്‍ കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിക്കപ്പെട്ടു എന്നതാണ് വാസ്തവം. അതിലൂടെ മലയാളികളും അപമാനിതരാവുകയാണ് ചെയ്തത്. ലോക കേരള സഭയെന്ന പേരില്‍ ചില അമേരിക്കന്‍ മലയാളികളുടെ കച്ചവട താത്പര്യത്തിന്റെ വില്‍പ്പനച്ചരക്കായി മാറുകയായിരുന്നു മുഖ്യമന്ത്രി എന്നായിരുന്നു
അമേരിക്കയിലെ പ്രധാന വാണിജ്യ കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവും എന്റര്‍ടയിന്‍മെന്റ് ഹബ്ബുമാണ് ടൈം സ്‌ക്വയര്‍. ലോകത്തിലെ ഏറ്റവും തിരക്കേറിയ, കാല്‍നട യാത്രക്കാരുള്ള തെരുവുകളില്‍ ഒന്നാണ്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഒരു ദിവസം ദിവസേന മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ അവിടെ എത്താറുണ്ട് എന്നാണ് കണക്ക്. തിരക്കേറിയ ദിവസങ്ങളില്‍ കാല്‍നട യാത്രക്കാരുടെ എണ്ണം നാലര ലക്ഷത്തിലേറെ വരെ എത്തും. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പൊതു പരിപാടികള്‍ അവിടെ നടക്കാറുണ്ട്. എന്നാല്‍ പങ്കെടുക്കുന്നവര്‍ ഒഴികെ ആരും അതൊന്നും അറിയുക പോലുമില്ല. അവിടെയാണ് കേരള മുഖ്യമന്ത്രി പങ്കെടുത്ത നൂറോ ഇരുന്നോറോ മലയാളികള്‍ പങ്കെടുത്ത പരിപാടി ചരിത്ര സംഭവമായി എന്നൊക്കെ വീമ്പിളക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലെത്തിയ മുഖ്യമന്ത്രിയെ കോമാളിയാക്കി മാറ്റുകയായിരുന്നു. മലയാളികള്‍ ഉള്ള എവിടെ എത്തിയാലും മുഖ്യമന്ത്രിയെ കാണാന്‍ ആളുകള്‍ ഓടിക്കൂടാറുണ്ട്. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ ദിവസേന എത്തുന്ന ടൈം സ്‌ക്വയറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിക്കേണ്ട ആദരവും പരിഗണനയും സംഘാടകര്‍ നല്‍കിയോ. കേരളത്തിലെ ഗൗരവക്കാരനായ മുഖ്യമന്ത്രിയെ അമേരിക്കയില്‍ കൊണ്ടുവന്ന് കോമാളിയാക്കി. മുഖ്യമന്ത്രിയെന്ന നിലയില്‍ വേണ്ട ആദരവോ പരിഗണനയോ നല്‍കാതെ പാര്‍ട്ടി നേതാവിനെപ്പോലെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
അമേരിക്കയിലെ ഒരു ഔദ്യോഗിക പ്രതിനിധി പോലും മുഖ്യമന്ത്രിയെ സ്വീകരിക്കാനോ ചടങ്ങിലോ ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്ക് നഗരസഭയുടെ മേയറെയോ ഒരു സിറ്റി കൗണ്‍സില്‍ അംഗത്തെ പോലുമോ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയായിരുന്നോ കേരളത്തിന്റെ മുഖ്യമന്ത്രിയെ സ്വീകരിക്കേണ്ടിയിരുന്നത്?. സംഘാടന മികവ് ഒട്ടുമില്ലാത്ത ഒരു തട്ടിക്കൂട്ട് പരിപാടിയാണ് ടൈം സ്‌ക്വയറില്‍ നടന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന അന്വേഷണവും ലോക കേരള സഭയുടെ മേഖല സമ്മേളനമാണ് ലക്ഷ്യം എന്നൊക്കെയാണ് സംഘാടകരുടെ വാദം. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ അവിടെ എത്തിച്ച് പണം കൊയ്യാനുള്ള സംഘാടകരുടെ ലക്ഷ്യമാണ് ഒടുവില്‍ പുറത്തുവന്നത്.