കന്നട സിനിമാതാരങ്ങളായ ദര്‍ശനും പവിത്ര ഗൗഡയും രേണുകാ സ്വാമിയെന്ന 33 കാരനെ മൃഗീയമായി കൊല ചെയ്ത സംഭവം ഇന്ന് കര്‍ണ്ണാടക വിട്ട് രാജ്യമൊട്ടാകെ കത്തിപ്പടരുന്ന വാര്‍ത്തയായി മാറി. കേസുമായി ബന്ധപ്പെട്ട് മെസൂരില്‍ നിന്നാണ് ദര്‍ശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അന്നു തന്നെ കൊലപാതകത്തില്‍ പങ്കാളിയായ പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പവിത്ര ഗൗഡ ഒന്നാം സാക്ഷിയും, ദര്‍ശന്‍ രണ്ടാം സാക്ഷിയുമാണ്. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ എക്‌സ് ട്വീറ്റും ഇപ്പോള്‍ വൈറലാണ്. ആര്‍.വി. ജിയുടെ അഭിപ്രായത്തില്‍ ‘സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം’ എന്ന മാനസികാവസ്ഥയില്‍ നിന്നുമാണ് ഈ കൊലപാതകം പവിത്രയും ദര്‍ശനും നടത്തിയത്. എന്താണ് ഈ സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം; ഒന്നു പരിചയപ്പെട്ടാലോ.
സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം;
താരാരാധന എന്ന് മലയാളത്തില്‍ വിശേഷിപ്പിക്കുന്ന സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം ഒരു മാനസികാവസ്ഥയാണ്, ഗുരുതരമായ ഒരു അസുഖമാണോയെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടി ഉണ്ടാകില്ല. നമ്മളില്‍ പലരും ചില സെലിബ്രിറ്റികളുടെ ആരാധകരാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ അഭിനയിക്കുന്ന ഒരു സിനിമ കണ്ടുകൊണ്ടോ അവരുടെ സംഗീതത്തെ പിന്തുണച്ചുകൊണ്ടോ കായിക രംഗത്തെ അവരുടെ മികവുകള്‍ കണ്ടോ അവരുമായി പുറത്തു നിന്നും ഒരു മാനസിക സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രക്രിയയാണ് ഈ താരാരാധന. ചലച്ചിത്ര താരങ്ങള്‍ക്കാണ് ഇന്ന് ഏറ്റവും വലിയ താരവൃന്ദം ഉള്ളത്, സോഷ്യല്‍ മീഡിയയിയിലെ വ്‌ളോഗര്‍മാരും ഇന്‍ഫ്‌ളുവന്‍സര്‍മാരും ഇന്ന് താരങ്ങളാണ്. കായിക രംഗം എടുക്കുമ്പോള്‍ മെസിയും, റൊണാള്‍ഡോയും, സച്ചിനും ,വിരാട് കോഹ്ലിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വന്‍ താരനിര ഫോളോ ചെയ്യുന്നുണ്ട്. ഇത് പുതുയുഗ താരാരാധന.
സൈക്കോളജി ടുഡേ മാഗസിനില്‍ വന്ന ഒരു ലേഖനത്തില്‍ , ‘സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം ഒരു ഒബ്‌സസീവ്-അഡിക്റ്റീവ് ഡിസോര്‍ഡര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു, അവിടെ ഒരു വ്യക്തി ഒരു സെലിബ്രിറ്റിയുടെ വ്യക്തിജീവിതത്തിന്റെ വിശദാംശങ്ങളില്‍ അമിതമായി ഇടപെടുകയും താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു (അതായത്, പൂര്‍ണമായും ആസക്തി).
‘സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഗവേഷകരായ ലിന്‍ ഇ. മക്കുച്ചിയോണും ജോണ്‍ മാള്‍ട്ട്ബിയുമാണ്. സെലിബ്രിറ്റി ആരാധനയുമായി ബന്ധപ്പെട്ട മനോഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും ക്ലിനിക്കല്‍ വ്യാഖ്യാനമായ അവരുടെ 2003 പഠനത്തിനായി, സെലിബ്രിറ്റി ആരാധന സിന്‍ഡ്രോം തരംതിരിക്കുന്നതിന് സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്‌കെയിലും പുതുക്കിയ ഐസെന്‍ക് പേഴ്‌സണല്‍ ചോദ്യാവലിയും അവര്‍ ഉപയോഗിച്ചു.
അത് കാഴ്ച്ചയക്ക് എങ്ങനെയിരിക്കും
സെലിബ്രിറ്റി ആരാധന ചില സന്ദര്‍ഭങ്ങളില്‍ സൗമ്യമായിരിക്കുമെന്ന് സൈക്കോ സെന്‍ട്രല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. നിങ്ങളുടെ താരത്തിന്റെ പേരില്‍ നിങ്ങളുടെ ആദ്യ കുട്ടിക്ക് പേരിടാം അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെ അടിസ്ഥാനമാക്കി നിങ്ങള്‍ വസ്ത്രധാരണ രീതി മാറ്റാം. ഇതിനെക്കാലും കടുത്ത രീതിയിലുള്ള ആരാധനാക്കൂട്ടവും നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെപ്പോലെ തോന്നിക്കാന്‍ കോസ്‌മെറ്റിക് സര്‍ജറി ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. പിന്നെ സെലിബ്രിറ്റി ആരാധനയുടെ മറ്റൊരു തലമെന്തെന്നാല്‍ ഉപദ്രവിക്കല്‍, വേട്ടയാടല്‍ അല്ലെങ്കില്‍ പരസ്പരവിരുദ്ധമായ ഇടപെടലുകളുടെയൊക്കെ രൂപമെടുക്കാം.
ഒബ്‌സസീവ് ഫിക്‌സേഷന്‍
താരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളിലേക്കോ വാര്‍ത്തകളിലേക്കോ നിങ്ങള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നെങ്കില്‍ നിങ്ങളുടെ സാമൂഹിക ജീവിതവും വ്യക്തിബന്ധങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു, ഉദാഹരണത്തിന്, സുഹൃത്തുക്കളുമൊത്തുള്ള ഒരു അത്താഴ വിരുന്നില്‍ താന്‍ അനുഭവിച്ച സംഭവങ്ങളെക്കുറിച്ചുള്ള നര്‍മ്മപരമായ സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നതിനുപകരം, താന്‍ ആരാധിക്കുന്ന ഒരു സെലിബ്രിറ്റിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ കരിയര്‍ നീക്കങ്ങളെക്കുറിച്ചോ ഉള്ള ഏറ്റവും പുതിയ ഗോസിപ്പുകളിലേക്ക് നിങ്ങള്‍ ചര്‍ച്ച നയിക്കുന്നുണ്ടോ. ഇതൊരു ഒബ്‌സസീവ് ഫിക്‌സേഷന്‍ ആണ്.
നിങ്ങളുടെ പ്രിയപ്പെട്ട താരത്തോട് വിശ്വസ്തത പുലര്‍ത്തുന്നത് വളരെ നല്ലതാണ്. പക്ഷേ സെലിബ്രിറ്റിയെക്കുറിച്ച് ഏതെങ്കിലും ഒരു മീഡിയയില്‍ നെഗറ്റീവ് വാര്‍ത്തയോ കവറേജോ വന്നാല്‍, ആ വ്യക്തി ചെയ്ത കാര്യത്തില്‍ സത്യമുണ്ടെങ്കില്‍ കൂടി നിങ്ങള്‍ അതൊന്നും നോക്കതെ താരത്തിന്റെ പക്ഷം ചേര്‍ന്ന് വാര്‍ത്തയെ പ്രതിരോധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വല്ലാതെ സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം പിടിപ്പെട്ടിടുണ്ട്. അത് ശരി തെറ്റ് നോക്കാതെ ചെയ്യുന്ന ഒരു തരം മാനസികാവസ്ഥയാണ്. മാധ്യമങ്ങള്‍ അവതരിപ്പിച്ച വിവരങ്ങള്‍ വിലയിരുത്തുന്നതിനുപകരം, നിങ്ങള്‍ ഓണ്‍ലൈനിലോ മറ്റു മാര്‍ഗങ്ങളിലോ സെലിബ്രിറ്റിക്കായി പല്ലും നഖവും ഉപയോഗിച്ച് പ്രവര്‍ത്തിക്കും.
സാമ്പത്തികമായ അച്ചടക്കം
സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്ന ഇതരകാര്യങ്ങളില്‍ അമിതമായി ചെലവഴിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. തങ്ങളുടെ സാമ്പത്തിക പരിമിതികളോ വര്‍ധിച്ചുവരുന്ന കടമോ അവഗണിച്ച് താരങ്ങള്‍ നടത്തുന്ന പരിപാടികളില്‍ കാശ് ചെലവാക്കി പങ്കെടുക്കുക, അവരുടെ പേര് ഉപയോഗിച്ച് വില്‍ക്കുന്ന സാധനങ്ങള്‍ വാങ്ങുക, അവരുടെ ടിക്കറ്റ് വെച്ചുള്ള പരിപാടികള്‍ക്ക് കാശ് മുടക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടും. ഇത് നിങ്ങളെ കൂടുതല്‍ സാമ്പത്തിക ദുരിതത്തിലേക്ക് തള്ളിവിടുന്നു. നിങ്ങളുടെ സുസ്ഥിരമല്ലാത്ത ചെലവ് ശീലങ്ങളെക്കുറിച്ച് സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും മുന്നറിയിപ്പ് ഉണ്ടായിട്ടും, നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തേക്കാള്‍ നിങ്ങളുടെ താരത്തിന്റെ പരിപാടികള്‍ക്കായി കാശ് വിനിയോഗിക്കന്നു. ഇത് ആത്യന്തികമായി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.
ഇതൊക്കയാണ് ‘സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം’ എന്ന മാനസികാവസ്ഥ വഴി നിങ്ങള്‍ക്ക ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, നിങ്ങള്‍ വിചാരിച്ചാല്‍ മാറ്റാന്‍ സാധിക്കുന്ന ഈ പ്രശ്‌നങ്ങള്‍ കാലകാലങ്ങളോളം തുടര്‍ന്നു കൊണ്ടിരിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.