അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനത്തിന് തുടക്കമിട്ടില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ തലസ്ഥാന നഗരത്തിന് താങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍ എത്തും. രാജ്യത്ത് ഏറ്റവും കൂടുതലും, വലുതുമായ ചരക്ക് നീക്കം നടക്കുന്ന തുറമുഖമായിട്ടാണ് വിഴിഞ്ഞം വളര്‍ന്നുവരിക. ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമായി വിഭാവനം ചെയ്തിരിക്കുന്ന വിഴിഞ്ഞത്ത് ആദ്യഘട്ടത്തില്‍ ഒരു മില്യണ്‍ ടി.യു (1 million TEU) കണ്ടയിനര്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 30% ചരക്ക് നീക്കം കര മാര്‍ഗ്ഗമാണ്. അതായത് കപ്പലില്‍ നിന്നും കൊണ്ടുവരുന്നതും ഇറക്കുന്നതുമായ ചരക്കിന്റെ 30 ശതമാനവും റോഡ് വഴി തുറമുഖം കൈകാര്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. കുറഞ്ഞത് നാലുവരിയുള്ള റോഡും, റെയില്‍ ഗതാഗതവും അത്യന്താപേക്ഷിതമാണ്. ദേശീയപാത 66 വിഴിഞ്ഞം തുറമുഖത്തുനിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ്, മറ്റൊരു തുറമുഖത്തിലും ലഭിക്കാത്ത അനുകൂല ഘടകങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഈ റോഡ് മാത്രം മതിയോ, ബാക്കിയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തണ്ടേ, വിഴിഞ്ഞത്തിന് എന്തൊക്കെ വേണം? ഒന്ന് പരിശോധിക്കാം. ഈ വര്‍ഷം ഓണത്തിന് വിഴിഞ്ഞം തുറമുഖം കൊമേഴ്‌സ്യല്‍ റണ്ണിനായി ഉദ്ഘാടനം ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും, അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഉണ്ടാകുന്ന പോരായ്മ തുറമുഖത്തിന് ഒരു തരത്തില്‍ തിരിച്ചടിയാകും.
റോഡ് റെയില്‍ ഗതാഗതം
നേരത്തെ പറഞ്ഞതുപോലെ എന്‍.എച്ച് 66 വിഴിഞ്ഞം തുറമുഖത്തിന് ഒന്നര കിലോമീറ്റര്‍ അകലെ കൂടെയാണ് പോകുന്നത്, മറ്റു തുറമുഖങ്ങളില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാതയാണ് നിര്‍മ്മിക്കുന്നത്, അതും 10 കിലോമീറ്റര്‍ മുകളില്‍ ഉള്ള പാതകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ വെറും ഒന്നര കിലോമീറ്റര്‍ മാത്രം നീളത്തിലുള്ള പാതയുടെ ആവശ്യമേയുള്ളൂ. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അവസാന ഘട്ടത്തിലേക്കാണെന്ന് പറയാന്‍ കഴിയില്ല. നിലവിലെ പ്രശ്‌നം ദേശീയപാതയുമായി കണക്ട് ചെയ്യുന്ന സ്ഥലമാണ്. ഇവിടെ ദേശീയപാതമായി കണക്ട് ചെയ്യാന്‍ സ്ഥലം ഏറ്റെടുത്തെങ്കിലും പണികള്‍ക്ക് തുടക്കമായിട്ടില്ല, ഒന്നര വര്‍ഷത്തിനുള്ളില്‍ മാത്രമെ ഇവിടുത്തെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് (VISL) കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട് ‘അന്വേഷണം’ഓണ്‍ലൈനില്‍ വന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞതുപോലെ വീണ്ടും ആവര്‍ത്തിക്കുന്നു, ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കാണ് വിഴിഞ്ഞം പ്രവര്‍ത്തനക്ഷമാകുന്നതോടെ ഉണ്ടാകാന്‍ പോകുന്നത്. എന്തുചെയ്യാന്‍ പറ്റും എന്ന് ചോദിച്ചാല്‍ അടിയന്തരമായി റോഡ് പണി പൂര്‍ത്തീകരിക്കുക. തമിഴ്‌നാട്ടില്‍ നിന്നും നല്ലൊരു ശതമാനം ചരക്കും ഇവിടെ എത്തും. കന്യാകുമാരി ജില്ലയില്‍ നിന്നും വരുന്ന ലോറികള്‍ അതിര്‍ത്തി പ്രദേശത്ത് അതായത് എന്‍എച്ച് വന്നുചേരുന്ന കളിയിക്കാവിള ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എച്ച് 66 തമിഴ്‌നാട് ഭാഗത്തിന്റെ പണികള്‍ 60% മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. റോഡ് പൂര്‍ത്തീകരിക്കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം ഇനിയും വേണ്ടിവരുമെന്നാണ് അറിയാന്‍ സാധിച്ചത്. ഇതോടെ, തമിഴ്‌നാട്- കേരള അതിര്‍ത്തി പ്രദേശങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടുമെന്ന് ഉറപ്പാണ്. എന്‍.എച്ച് കഴിഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ റോഡുകളെല്ലാം വെറും രണ്ടുവരി പാതകളാണ് ഇതും കണ്ടെയ്‌നര്‍ നീക്കത്തെ കാര്യമായി ബാധിക്കും.
ഔട്ടര്‍ റിംഗ് റോഡ്….?
നിര്‍ദിഷ്ട ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് തുടക്കമിട്ടില്ലെങ്കില്‍ വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ വികസന മുരടിപ്പിനായിരിക്കും ഇടവരുത്തുക. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള നിക്ഷേപങ്ങളും, മറ്റു വികസന പ്രവര്‍ത്തനങ്ങളും യാഥാര്‍ഥ്യമാകണമെങ്കില്‍ ഔട്ടര്‍ റിംഗ് റോഡ് സാക്ഷാത്കരിക്കപ്പെടണം. നിലവിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് പദ്ധതി ജീവന്‍ വച്ചു കഴിഞ്ഞാല്‍ തുറമുഖ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകും. കണ്ടയിനര്‍ നീക്കത്തിന് വളരെ ഉപകാര പ്രദമായ രീതിയിലാണ് നിലവിലെ ഔട്ടര്‍ റിംഗ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. റിംഗ് റോഡിന്റെ ഇരുവശങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലും സ്വകാര്യ മേഖലയിലും വന്‍ നിക്ഷേപമാണ് നടക്കുക. ഇവിടങ്ങളില്‍ ലോജസ്റ്റിക് പാര്‍ക്കുകളും, കണ്ടയിനര്‍ യാര്‍ഡുകളും വന്നാല്‍ മാത്രമെ വിഴിഞ്ഞത്തിന് ഗുണകരമായി മാറുകയുള്ളു. എത്രയും വേഗത്തില്‍ റിംഗ് റോഡിന്റെ നടപടികളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു പോകണം.
നഗരവികസനത്തിന് മെട്രോപോളിറ്റന്‍ റീജിയണ്‍
വിഴിഞ്ഞത്തിനൊപ്പം നഗരവും വളരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ ജനസംഖ്യ ക്രമാതീതമായി വലിയ വളര്‍ച്ച നേരിടുമെന്ന് വിലയിരുത്തപ്പെടുന്നു. വിഴിഞ്ഞം തുറമുഖം തന്നെയാണ് പ്രധാന വളര്‍ച്ചാ ശ്രോതസായി മാറുന്നത്, കൂടാതെ ഐടി മേഖലയിലെ വന്‍ നിക്ഷേപങ്ങളും നഗരത്തിനു താങ്ങുന്നതിനപ്പുറം ജനസംഖ്യ സൃഷ്ടിക്കും. അങ്ങനെയാണെങ്കില്‍ തലസ്ഥാന നഗരത്തിന്റെ മൊത്തം വികസനത്തിന് മെട്രാപൊളിറ്റന്‍ റീജ്യണ്‍ അതോറിറ്റി പോലുള്ളവ സ്ഥാപിക്കേണ്ടത് അത്യാവശ്യമായി മാറും. വിവിധ വകുപ്പുകളെ സമന്വയിപ്പിച്ചുകൊണ്ട്, നഗരത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായ വലിയ പദ്ധതികളുടെ മേല്‍നോട്ടത്തിന് ഇത് അത്യാവശ്യമായി മാറും. മെട്രോ റെയില്‍, കോവളം- ബേക്കല്‍ ജലപാതയിലെ തിരുവനന്തപുരം മേഖല അനുബന്ധ വികസനങ്ങള്‍, ടെക്‌നോസിറ്റി, ടെക്‌നോ പാര്‍ക്ക് വികസനത്തിന് പുതിയ പദ്ധതികള്‍, പൊതുഗതാഗത മാര്‍ഗങ്ങളുടെ വര്‍ദ്ധനവ് തുടങ്ങി നഗരത്തിന് ആവശ്യമായ കാര്യങ്ങള്‍ കൊണ്ടുവരികയും നടപ്പാക്കാനും കഴിയുന്ന ഒരു മെട്രൊപൊളിറ്റന്‍ അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. വിഴിഞ്ഞത്തിന്റെ വികസനം മുന്നില്‍ക്കണ്ട ഇപ്പോള്‍ അതിനൊരു തീരുമാനം എടുത്താല്‍ ഭാവിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
കുതിച്ച്, കുതിച്ച് വിഴിഞ്ഞം
ഈ മാസം തന്നെ ട്രെയില്‍ റണ്‍ ആരംഭിക്കാനുള്ള നീക്കവുമായി വിഴിഞ്ഞം തുറമുഖം കുതിക്കുമ്പോള്‍ അതിനു വേഗതകൂട്ടാന്‍ വേണ്ടിയുള്ള മറ്റൊരു പടിയായി പോര്‍ട്ടിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു. സെക്ഷന്‍ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത, ഇതു സംബന്ധിച്ച് കേന്ദ്ര കസ്റ്റംസ് മന്ത്രാലയം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ഒഫീസ് സൗകര്യങ്ങള്‍ , കെട്ടിടങ്ങള്‍ കപ്യൂട്ടര്‍ സംവിധാനം, മികച്ച സര്‍വ്വര്‍ റൂം ഫെസിലറ്റി, തുടങ്ങി 12 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരമാണ് ഇതുവഴി വിഴിഞ്ഞത്തിന് ലഭിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തെ തൊഴില്‍ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തുറന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെയും ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം നടന്നു. രണ്ടു നിലകളിലായി, 21,570 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യത്തോടെ നിര്‍മിച്ച സ്‌കില്‍ പാര്‍ക്കില്‍ തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യാര്‍ത്ഥം ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അസാപ് അദാനി സ്‌കില്‍ ഡെവേലപ്‌മെന്റ് സെന്റര്‍ ട്രാന്‍സിറ്റ് ക്യാമ്പസ് വഴി പഠിച്ച് വിഴിഞ്ഞം പോര്‍ട്ടിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്ററും സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വോക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (NCVET) യുടെ ഡ്യൂവല്‍ റെക്കഗ്‌നിഷന്‍ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതന നൈപുണ്യ കോഴ്‌സുകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനാണ് ശ്രമം.