സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. സി.എം.ആര്‍.എല്‍-എക്‌സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരുവരുടെയും മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചത്. മാസപ്പടി ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തെളിവില്ലെന്ന് വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതാണ് പിണറായിയേയും മകളേയും ഞെട്ടിച്ചിരിക്കുന്നത്.
സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയും മകളും, മകളുടെ പേരിലുള്ള എക്‌സാ ലോജിക് കമ്പനിയും 1.72 കോടിരൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടാല്‍ പിണറായി വിജയന് ആഭ്യന്തരം തന്നെ ഒഴിയേണ്ടി വരുമെന്നാണ് സൂചനകള്‍. സി.പി.എമ്മും മുഖ്യമന്ത്രിയോട് ആഭ്യന്തരം ഒഴിയാന്‍ ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രി ഉള്‍പ്പെടുന്ന വിജിലന്‍സ് കേസ് അന്വേഷിക്കേണ്ടി വരുമ്പോള്‍ അതിന്റെ തലപ്പത്ത് മുഖ്യമന്ത്രി ഇരിക്കുന്നത് അനൗചിത്യമാണ്. അന്വേഷണത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നടപടിയാണ്.
അതുകൊണ്ട് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ പറയുന്നത്. തന്റെ ഹര്‍ജി വിജിലന്‍സ് കോടതി വിശദമായി പരിശോധിച്ചില്ലെന്നാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ചൂണ്ടികാണിച്ചിരുന്നു. ഇല്ലാത്ത സേവനങ്ങളുടെ പേരില്‍ സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ പറ്റിയെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇ.ഡി അന്വേഷണവും എസ്.എഫ്.ഐ.ഒ അന്വേഷണവും നടക്കുകയാണ്. വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടാല്‍ പിണറായിക്ക് വിജിലന്‍സ് വകുപ്പില്‍ നിന്ന് ഒഴിയേണ്ടി വരും.
അതേസമയം, രണ്ട് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് വീണ്ടും വിജിലന്‍സ് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെടുമോയെന്ന നിയമപരമായ സംശവും നിലനില്‍ക്കുന്നുണ്ട്. വിജിലന്‍സ് വകുപ്പിന്റെ ചാര്‍ജ് മരുമകനായ മുഹമ്മദ് റിയാസിനും നല്‍കാനാവാത്ത അവസ്ഥയിലാണ് പിണറായി ഇപ്പോള്‍. കാരണം, വീണ വിജയന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനാല്‍ ഭര്‍ത്താവായ റിയാസിനും വിജിലന്‍സ് വകുപ്പിന്റെ ചാര്‍ജ് ഏറ്റെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വിശ്വസ്തനായ പി. രാജീവിനോ, വി. ശിവന്‍കുട്ടിക്കോ വിജിലന്‍സ് വകുപ്പ് ലഭിക്കാനാണ് സാധ്യത. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയും മകളും ഒരുമിച്ച് ഒരു കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത്.
ഇനി സി.പി.എം കുറച്ചു കൂടി ജാഗ്രതയോടെ പോകേണ്ട ഘട്ടമാണ്. പാര്‍ട്ടിക്ക് ആവശ്യത്തിലേറെ പ്രതിരോധ ഘട്ടങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം ക്യാപ്‌സ്യൂളുകളും, സൈബര്‍ പോരാളികളും പാര്‍ട്ടിക്കു വേണ്ടി രംഗത്തിറങ്ങി. തെറ്റിനെ ശരിയെന്നും ശരിയെ തെറ്റെന്നും വീണ്ടും വീണ്ടും പറഞ്ഞു. തര്‍ക്ക ശാസ്ത്രവും, തങ്ങള്‍ പറയുന്നതല്ലാതെ മറ്റൊന്നം ശരിയല്ലെന്നും അവര്‍ വാദിച്ചു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ സംഘികളാക്കി മുദ്രകുത്തി. പാര്‍ട്ടി വിരുദ്ധരാക്കി. പാര്‍ട്ടിക്കാര്‍ക്കു പോലും സത്യമറിയാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറ്റിയെടുത്തു. പാര്‍ട്ടി ഘടകങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം നേതാക്കളെ സംരക്ഷിക്കുന്നതിനും കൊള്ളരുതായ്മകളെ വെള്ള പൂശാനുമുള്ള ഇടങ്ങളായി.
ഇങ്ങനെ നിരന്തരം പാര്‍ട്ടിയുടെ മുഖച്ഛായക്ക് കോട്ടം തട്ടിക്കൊണ്ടിരിക്കുമ്പോഴൊക്കെയും അന്വേഷണങ്ങളോ, സത്യങ്ങളോ പുറത്തു വരാതിരിക്കുകയായിരുന്നു. തെളിവുകള്‍ ചോദിക്കലായിരുന്നു നേതാക്കളുടെ പ്രധാന ആയുധം. തങ്ങള്‍ക്കു നേരെ വരുന്ന ആരോപണങ്ങളെയെല്ലാം തെളിവു കൊണ്ടുവരാന്‍ പറഞ്ഞ് ഇല്ലാതാക്കുകയായിരുന്നു. ഇപ്പോഴിതാ ഹൈക്കോടതി നോട്ടീസ് അച്ഛനും മകള്‍ക്കും കിട്ടിയിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടി പറയുമോ?. അതോ പാര്‍ട്ടിയോട് ഇനി ഇങ്ങനെ ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുമോ. അതാണ് അറിയാനുള്ളത്. ഒരു കാര്യം ഉറപ്പായിരുന്നു. പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷവും ഈ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു.
അത് എപ്പോഴാണ് എന്നതിലേ സംശമുണ്ടായിരുന്നുള്ളൂ. ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണല്‍ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 2023 ഓഗസ്റ്റ് 09നാണ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്റെ നീക്കം. എന്നാല്‍ ഇത് ഭരണപക്ഷവും സ്പീക്കര്‍ എ.എന്‍. ഷംസീറും ചേര്‍ന്ന് തടഞ്ഞു. പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചില്ല. മാത്യുവിന്റെ പ്രസംഗം സഭാരേഖകളില്‍ നിന്നു നീക്കി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം 2023 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കുന്നത്. എന്നാല്‍ ഓഗസ്റ്റ് 27ന് ഗിരീഷ് ബാബുവിന്റെ പരാതി വിജിലന്‍സ് കോടതി തളളുകയായിരുന്നു.
പിന്നാലെ ഹര്‍ജി തളളിയതിനെതിരെ ഹൈക്കോടതിയില്‍ ഗിരീഷ് ബാബു റിവിഷന്‍ പെറ്റിഷന്‍ സമര്‍പ്പിച്ചു. പരാതിക്കാരന്‍ ഗിരീഷ് ബാബു മരണപ്പെട്ടതോടെ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ കുടുംബത്തിന് താല്‍പര്യമില്ലെന്ന് ഗീരിഷിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയായിരുന്നു. ഇതോടൊപ്പം എം.എല്‍.എ മാത്യു കുഴല്‍ നാടനും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.