Investigation

മന്ത്രി കെ. രാധാകൃഷ്ണന്റെ രാജി മഹാത്മാ അയ്യന്‍കാളിയുടെ സ്മൃതി ദിനത്തില്‍: ‘കോളനി’ ഒഴിവാക്കല്‍ ഉത്തരവും അത്യപൂര്‍വ്വ ദിനത്തില്‍ (സ്‌പെഷ്യല്‍ സ്റ്റോറി)

പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചു കഴിഞ്ഞു. തുടര്‍ന്ന് നിയമസഭയിലെത്തി സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കണ്ട് എം.എല്‍.എ സ്ഥാനവും രാജിവെച്ചു. മന്ത്രിസ്ഥാനം രാജി വെയ്ക്കും മുമ്പ് അദ്ദേഹം ഒരു ഉത്തരവില്‍ ഒപ്പിട്ടിട്ടാണ് ഇറങ്ങുന്നത്. സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളെ ‘കോളനി’ എന്നാണ് വിളിക്കുന്നത്. ഇനി ആ വിളിവേണ്ട. കോളനികള്‍ എന്നത്, വൈദേശികാധിപത്യത്തിന്റെ ബാക്കിയാണ്. അതിനി ഉണ്ടാകരുതെന്നാണ് ഉത്തരവ്.

എന്നാല്‍, കെ. രാധാകൃഷ്ണന്റെ മന്ത്രി സ്ഥാനം രാജി വെയ്ക്കലോ കോളനികള്‍ ഇല്ലാതാക്കലോ ഒന്നുമല്ല, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. അത്, മഹാത്മാ അയ്യന്‍കാളി എന്ന വലിയ മനുഷ്യന്റെ സ്മൃതി ദിനമാണ് എന്നതു തന്നെ. ഈ ദിവസം തന്നെ മന്ത്രിപദം രാജി വെയ്ക്കാനും അവസാന ഉത്തരവ് പുറപ്പെടുവിക്കാനും കെ. രാധാകൃഷ്ണന്‍ തെരഞ്ഞെടുത്തതാണ് പ്രധാനം. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പിന്റെ ചുക്കാന്‍ പിടിക്കാന്‍ ഇനി പുതിയൊരാളെത്തും. അദ്ദേഹം അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പൊരുതിയ മഹാന്‍മാരെ ഓര്‍മ്മിക്കുന്ന ഒരു ദിവസം സത്യപ്രതിജ്ഞ ചെയ്യുമെന്ന് വെറുതേ മോഹിക്കാമെന്നല്ലാതെ അതുണ്ടാകില്ല.

മൂന്നു വര്‍ഷമാണ് രാധാകൃഷ്ണന്‍ വകുപ്പുമന്ത്രിയായിരുന്നത്. ഇത്തവണ അദ്ദേഹത്തിന് ദേവസ്വം ബോര്‍ഡും കൂടി അധികമായി കിട്ടി. വരുന്ന 22നാണ് ഡെല്‍ഹിക്കു പോകുന്നത്. 24, 25, 26 തീയതികളില്‍ സത്യപ്രതിജ്ഞ നടക്കും. വിജ്ഞാപനമിറങ്ങി 14 ദിവസത്തിനുള്ളില്‍ സംസ്ഥാന പദവികള്‍ ഒഴിയണമെന്നാണ് ചട്ടം. അതുകൊണ്ടാണ് ഇന്ന് പദവികള്‍ ഒഴിയാന്‍ തീരുമാനിച്ചതെന്നാണ് നിയുക്ത എംപി രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ക്ലിഫ് ഹൗസില്‍ എത്തിയ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിച്ചതോടെ തന്റെ ഔദ്യോഗിക വാഹനം സര്‍ക്കാര്‍ ഓഫീഷ്യല്‍സിന് കൈമാറി. ക്ലിഫ് ഹൗസില്‍ നിന്നും നടന്നാണ് പുറത്തേക്കു വന്നത്.

സാധാരണ നടപടികള്‍ മാത്രമാണ് ഇന്ന് നടത്തിയതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞതില്‍ അസാധാരണത്വം കാണാനാകും. റിസര്‍വേഷന്‍ മണ്ഡലമായ ചേലക്കരയില്‍ നിന്ന് വിജയിച്ചാണ് രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തിയത്. മത്സരിച്ച എല്ലാ കാലത്തും റിസര്‍വേഷന്‍ മണ്ഡലത്തില്‍ നിന്നു തന്നെയാണ് മത്സരിച്ചതും വിജയിച്ചതും. അപ്പോള്‍ പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പും അദ്ദേഹത്തിനായി മാറ്റി വെച്ചിട്ടുണ്ടാകും. ഒരു ടേമില്‍ മാത്രമാണ് സ്പീക്കറായി ഇരുന്നത്. ഇങ്ങനെ റിസര്‍വേഷന്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ച വ്യക്തി, സ്വ ജനതയുടെ വകുപ്പ് കൈകാര്യം ചെയ്ത വ്യക്തി രാജി വെച്ചപ്പോള്‍ ഓര്‍ക്കേണ്ടിയിരുന്നത്, അയ്യന്‍കാളിയുടെ പേരാണ്.

അദ്ദേഹത്തിന്റെ സ്മൃതി ദിനത്തില്‍ തന്നെ തന്റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്നും വിടുതല്‍ നേടാന്‍ കഴിഞ്ഞതും മന്ത്രിയെന്ന തന്റെ അവസാന ദിവസം അവസാന ഉത്തരവ് സ്വ സമൂഹത്തിന്റെ വാസഇടങ്ങളുടെ പേര് മാറ്റലിനു വേണ്ടി ആയതും നിയോഗമാണ്. മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യവും. സ്വ സമൂഹത്തിന്റെ ഉര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി ജന്‍മികളോടും തമ്പ്രാന്‍മാരോടും സന്ധിയില്ലാ സമരം നടത്തിയ നട്ടെല്ലുപള്ള പോരാളിയായിരുന്നു അയ്യന്‍കാളി. ഇന്നീ സമൂഹത്തില്‍ ഇല്ലാതെ പോയതും അങ്ങനെയൊരു നേതാവിനെയാണ്.

Latest News