സ്വര്‍ണ്ണ മീനിനെക്കാള്‍ വിലയുള്ള ഒരു മീനിനെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വലവിരിച്ച് കാത്തിരുന്ന പോലീസിനെ നിരാശപ്പെടുത്തിയില്ല. കൃത്യമായി വലയിലേക്ക് വാട്ടര്‍ ഹീറ്ററുമായി ആ ഡാല്‍ഫിഷ് വന്നുകയറി. വര്‍ഷങ്ങളായി ബംഗളൂരു-കൊച്ചി ട്രിപ്പ് അടിച്ചുകൊണ്ടിരുന്ന ‘സര്‍മീന്‍’ അക്തറെന്ന അതിസുന്ദരിയായ ഡ്രഗ് ക്യാരിയറെ വലയിലാക്കിയതോടെ, കൊച്ചിയെ മയക്കുന്ന കണ്ണികളില്‍ ഒന്നിനെ കിട്ടിയതചിന്റെ ആശ്വാസം പോലീസിനുണ്ട്. ഇളം നീല ജീന്‍സും വെള്ള ഷോര്‍ട്ട് ടോപ്പുമായിരുന്നു പിടിക്കപ്പെടുമ്പോള്‍ സര്‍മീനിന്റെ വേഷം.
നല്ല വെളുത്ത നിറം, തുടുത്ത കവിള്‍, ആരെയും വേഗത്തില്‍ ആകര്‍ഷിക്കുന്ന ശരീരം, ചുവന്ന ട്രോളി ബാഗ്, തലമുടി ഷാമ്പു ചെയ്ത് സില്‍ക്കിയാക്കിയിട്ടുണ്ട്. പുറകില്‍ കെട്ടിവെച്ച മുടികള്‍ സര്‍മീന്റെ മുഖത്തിന് കൂടുതല്‍ അഴകുള്ളതാക്കുന്നുണ്ട്. പോലീസ് പിടികൂടിയതിന്റെ ജാള്യതയും, ചെറിയ പേടിയും മുഖത്തുണ്ടെങ്കിലും അത് മാധ്യമങ്ങള്‍ക്കു മുമ്പില്‍ കാണിക്കാന്‍ തെല്ലും മടിയില്ലാത്തതു പോലെ തോന്നും. പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം (വ്യക്തിപരമായ കാര്യങ്ങള്‍ക്കു മാത്രം) മറുപടി നല്‍കുന്നുണ്ട്. ഇടയ്ക്ക് കരയാനുള്ള ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍, ആരോ രക്ഷിക്കാന്‍ വരുമെന്നുറപ്പുള്ള പോലെയാണ് സര്‍മീന്‍ അക്തര്‍ പോലീസ് സ്‌റ്റേഷിലും നിന്നതെന്ന് ശരീര ഭാഷകൊണ്ട് മനസ്സിലാക്കാനാകും.
പക്ഷെ, സര്‍മീന്‍ വെറും ക്യാരിയര്‍ മാത്രമാണെന്ന് പോലീസിനറിയാം. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അരക്കോടി രൂപയിലേറെ വിലവരുന്ന എം.ഡി.എം.എയുമായി യുവതി പിടിയിലാകുന്നത്. ഇവളുടെ കസ്റ്റമേഴ്‌സ് എല്ലാം കൊച്ചിയിലെ യുവാക്കളും. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ എന്ന ഇരുപത്താറുകാരിയാണ് ആലുവ റയില്‍വെ സ്റ്റേഷനില്‍ വച്ച് പിടിയിലായത്. സ്ഥിരമായി ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും യുവാക്കള്‍ക്ക് കൈമാറുകയുമായിരുന്നു യുവതിയുടെ രീതി.
ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പൊലീസും ചേര്‍ന്നാണ് യുവതിയെ തന്ത്രപരമായി കുടുക്കിയത്. സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് യുവതി എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ നിന്നാണ് യുവതി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ട്രെയിനിലാണ് സ്ഥിരം യാത്ര. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ തന്റെ ഇടപാടുകാര്‍ക്ക് ലഹരി കൈമാറും.
പിറ്റേദിവസം തന്നെ ട്രെയിനില്‍ മടങ്ങിപ്പോവുകയും ചെയ്യും. സര്‍മീന്‍ കൊച്ചി കാണാനനൊന്നും മെനക്കെടാറില്ല. കൊച്ചിയില്‍ നിരവധി യുവാക്കള്‍ യുവതിയുടെ കസ്റ്റമേഴ്‌സായുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. അനില്‍, ആലുവ ഡിവൈ.എ.സ്.പി എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ഒരു കിലോ എം.ഡി.എം.എയാണ് യുവതിയില്‍ നിന്നും പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ അരക്കോടി രൂപയിലേറെയാണ് ഇതിന്റെ വില.
ലഹരി മരുന്നുകളുടെ വില നിശ്ചിയിക്കാനാവില്ല എന്നതാണ് സത്യം. ഓരോ സമയത്തും വില ഏറിക്കൊണ്ടിരിക്കും. സര്‍മീന്‍ പിടിക്കപ്പെട്ടതു പോലും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ സര്‍മീന് ലഹരി നല്‍കുന്നവരോ, സര്‍മീനുമായി ഇടപാടുകള്‍ നടത്തി പിണങ്ങിയവരോ, സര്‍മീന്റെ ശത്രുക്കളോ ആയിരിക്കണം വിവരം പോലീസിനു കൈമാറിയത്. വരുന്നയാളുടെ കൈവശമുള്ള വസ്തുക്കള്‍, ക്യാരിയറുടെ പേര്, ഇട്ടിരിക്കുന്ന വേഷം ഇവയെല്ലാം രഹസ്യ വിവരം നല്‍കിയ ആള്‍ പോലീസിനു നല്‍കിയിട്ടുണ്ടാകണം.
സര്‍മീന്റെ എല്ലാ വരവിലും ലഹരി ലഭിക്കുന്ന ഉപഭോക്താക്കളായ ലങരി മാഫിയയ്ക്ക് ഇത്തവണ ലഹരി ലഭിക്കാതെ വരുന്നതോടെ കൊച്ചിയില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന പറയാനാകില്ല. മയക്കു മരുന്ന ലഭിക്കാത്ത യുവത്വം നിലമറന്ന് കാട്ടിക്കൂട്ടാന്‍ പോകുന്ന കുറ്റകൃത്യങ്ങള്‍ അനുഭവിക്കാന്‍ കൊച്ചി തയ്യാറായിരിക്കണം. പോലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കുകയും വേണം. കാരണം, അവരുടെ വിശ്വസ്തയായ ക്യാരിയറാണ് പിടിയിലായിരിക്കുന്നത്.
ഇത് ലഹരി സംഘങ്ങള്‍ക്ക് ഒരിക്കലും താങ്ങാനാവാത്തതാണ്. അതും അരക്കോടി രൂപയുടെ ലഹരിയാണ് പോയിരിക്കുന്നത്. മറ്റൊരു കാര്യം, സര്‍മീന്‍ ഈ ലഹരിക്കച്ചവടം തുടങ്ങിയത് എന്നാണ് എന്നുള്ളതാണ്. കൊച്ചിയില്‍ ഇതിനു മുമ്പ് എത്ര തവണ എത്തിയിട്ടുണ്ടെന്നതും അറിയണം. ഇപ്പോള്‍ അരക്കോടിയുടെ എം.ഡി.എം.എ കൊണ്ടു വരാന്‍ കാണിച്ച ധൈര്യം എങ്ങനെ ലഭിച്ചു എന്നത് ചിന്തിച്ചാല്‍ മനസ്സിലാകും. ഇതിനു മുമ്പും നിരവധി തവണ വളരെ സുരക്ഷിതമായി സര്‍മീന്‍ ലഹരി എത്തിച്ചിട്ടുണ്ട് എന്ന്.