ഇസ്രയേല്‍ പലസ്തീന്‍ യുദ്ധവും, റഷ്യന്‍ ഉക്രൈന്‍ യുദ്ധവും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റിന്റെയും ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെയും കൂടിക്കാഴ്ച ലോകത്തെ ഭയപ്പെടുത്തുന്നു. ഭയം ഒരു പ്രധാന ആയുധമാക്കിയ രാജ്യമാണ് ഉത്തര കൊറിയ. അതുകൊണ്ടു തന്നെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവും ഉണ്ടാകില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ പ്യോങ്യാങ്ങില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.
24 വര്‍ഷത്തിനു ശേഷമുള്ള സന്ദര്‍ശനമാണ് റഷ്യന്‍ പ്രസിഡന്റ് നടത്തുന്നത്. അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ കിം വിമാനത്താവളത്തില്‍ എത്തി. ഇരു നേതാക്കളും ഒരു വലിയ മോട്ടോര്‍ സുരക്ഷയില്‍ കുംസുസന്‍ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലേക്ക് പോയി. കിമ്മിന്റെ ക്ഷണപ്രകാരമാണ് പുടിന്റെ ഈ സന്ദര്‍ശനം. കഴിഞ്ഞ സെപ്റ്റംബറില്‍ കിഴക്കന്‍ റഷ്യയിലെ വോസ്റ്റോക്‌നി കോസ്മോഡ്രോമില്‍ ഇരുവരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വീണ്ടും സന്ദര്‍ശനം നടന്നതെന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022 ഫെബ്രുവരിയില്‍ മോസ്‌കോ യുക്രെയ്നില്‍ പൂര്‍ണ്ണമായ അധിനിവേശം ആരംഭിച്ചതു മുതല്‍ റഷ്യയും ഉത്തരകൊറിയയും തങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കിയിരുന്നു. കിം തന്റെ രാജ്യത്തിന്റെ സൈന്യത്തെ നവീകരിക്കുന്നതിന്റെ ഭാഗമായി ആയുധശേഖരം വര്‍ദ്ധിപ്പിക്കാന്‍ റഷ്യയുടെ സാങ്കേതിക വൈദഗ്ധ്യം സ്വീകരിക്കുന്നുണ്ട്. ഇതിനു പകരമായി ഉക്രെയിനില്‍ ഉപയോഗിക്കാന്‍ പ്യോങ്യാങ് റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും ആരോപണം ഉന്നയിക്കുന്നുണ്ട്.
യുഎസിന്റെ ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ‘ആധിപത്യ, സാമ്രാജ്യത്വ നയങ്ങള്‍’ക്കെതിരെ മോസ്‌കോ പോരാടുകയാണെന്ന് പ്യോങ്യാങ്ങില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ”പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും” വാഗ്ദാനം ചെയ്തിരിക്കുകയാണ്. എന്നാല്‍, റഷ്യയും ഉത്തരകൊറിയയും ആയുധ കൈമാറ്റം നിഷേധിച്ചെങ്കിലും സൈനിക ബന്ധം ശക്തിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിവിധ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ലോകത്തോട് ഐക്യത്തോടെ മുഖം കാണിക്കാനാണ് ഇരു നേതാക്കളും ശ്രമിച്ചത്. ‘ഇത് ശക്തിയുടെ പ്രകടനമായിരുന്നു. ഐക്യത്തിന്റെ പ്രകടനമായിരുന്നു. അവര്‍ വിശ്വസിക്കുന്നതും മറ്റുള്ളവര്‍ വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരുടെ ബന്ധങ്ങളിലെ ഒരു പുതിയ യുഗമാണ്. ഇരുവരും തമ്മിലുള്ള ഒരു പുതിയ ഉടമ്പടി ഒപ്പുവെക്കുന്നതിലാണ് ഇതവസാനിച്ചത്. ഇത് വരും വര്‍ഷങ്ങളിലെ ഉറച്ചബന്ധത്തിന്റെ അടിത്തറയാണ്.
കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച പുടിന്‍, പുതിയ ഉടമ്പടി പ്രതിരോധ സ്വഭാവമുള്ളതാണെന്നും ആക്രമണം ഉണ്ടായാല്‍ പരസ്പര സഹായ വാഗ്ദാനവും ഉള്‍പ്പെടുന്നുവെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുടിന് ചുവന്ന പരവതാനി
പരമ്പരാഗത കൊറിയന്‍ ഹാന്‍ബോക്കില്‍ ഒരു സ്ത്രീ പുടിന് ചുവന്ന റോസാപ്പൂക്കളുടെ പൂച്ചെണ്ട് സമ്മാനിച്ചപ്പോള്‍ ഇരുവരും കൈ കുലുക്കി കെട്ടിപ്പിടിച്ചു. റഷ്യന്‍ പതാകയും റഷ്യന്‍ നേതാവിന്റെ ഛായാചിത്രങ്ങളും കൊണ്ട് അലങ്കരിച്ച തെരുവിലൂടെ കുംസുസന്‍ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലേക്ക് മോട്ടോര്‍ കേഡില്‍ ഒരുമിച്ച് യാത്ര ചെയ്തു. ബാനറുകളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്‌ക്വയറില്‍ നിരനിരയായി സൈനികരും കുട്ടികളുടെ ജനക്കൂട്ടവും പുടിനെ സ്വീകരിച്ചു. കിം ഇല്‍ സുങ് സ്‌ക്വയറില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ പുടിനും കിമ്മും പങ്കെടുത്തു.
ഇരു രാജ്യങ്ങളുടെ ബന്ധം ‘അന്താരാഷ്ട്ര നീതി, സമാധാനം, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള തന്ത്രപരമായ കോട്ടയായും ഒരു പുതിയ ബഹുധ്രുവ ലോകത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കുന്നതിനും വേണ്ടിയുള്ളതായി മാറി. കൊച്ചുകുട്ടികള്‍ ബലൂണുകള്‍ പിടിച്ച് റഷ്യന്‍, ഉത്തര കൊറിയന്‍ പതാകകള്‍ വീശുമ്പോള്‍ പുടിനും കിമ്മും കിം ഇല്‍ സുങ് സ്‌ക്വയറിലേക്കു നടന്നു കയറി. റഷ്യന്‍ പ്രസിഡന്റിനെ അനുമോദിക്കാന്‍ കിം ഇല്‍ സുങ് സ്‌ക്വയറില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോടെ കിം ആഹ്വാനം ചെയ്തു. 2023 സെപ്റ്റംബറില്‍ കിഴക്കന്‍ റഷ്യയില്‍ വച്ചാണ് പുടിനും കിമ്മും അവസാനമായി കണ്ടുമുട്ടിയത്.
പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ഉപപ്രധാനമന്ത്രി ഡെനിസ് മന്‍ട്രൂറോവ് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും പുടിനെ അനുഗമിക്കുന്നുണ്ട്.
ആയുധങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍
ആണവായുധങ്ങളുടെയും മിസൈല്‍ പദ്ധതികളുടെയും പേരില്‍ വര്‍ഷങ്ങളായി യു.എന്‍ രക്ഷാസമിതിയുടെ കര്‍ശന ഉപരോധത്തിന് കീഴിലാണ് ഉത്തരകൊറിയ. ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ യുഎസും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ ഉപരോധവുമായി റഷ്യയും പോരാടുകയാണ്. ഉത്തരകൊറിയയുടെ പ്രധാന സഖ്യകക്ഷിയായ ചൈനയ്ക്കൊപ്പം, ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ക്കും ഉപഗ്രഹ വിക്ഷേപണത്തിനുമെതിരെ പുതിയ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് നേതൃത്വത്തിലുള്ള ശ്രമങ്ങളെ റഷ്യ തടഞ്ഞിരുന്നു.
ഉക്രെയ്‌നില്‍ ഉപയോഗിക്കുന്നതിനായി പ്യോങ്യാങ്ങില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിന് മോസ്‌കോ ശ്രമിക്കുന്നുവെന്നാണ് പാശ്ചാത്യ ആരോപണം. പ്യോങ്യാങ്ങിനെ നിരീക്ഷിക്കാനുള്ള സംവിധാനത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് അമേരിക്ക ഇപ്പോള്‍. യുദ്ധം തുടരുന്നതിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കാന്‍ കഴിയുന്ന രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നതാണ് പുടിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനം വെളിവാക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ‘റഷ്യയ്ക്ക് കാര്യമായ യുദ്ധോപകരണങ്ങളും ഉക്രെയ്‌നില്‍ ഉപയോഗിക്കാനുള്ള മറ്റ് ആയുധങ്ങളും ഉത്തര കൊറിയ നല്‍കുന്നു.
സിവിലിയന്‍മാര്‍ക്കും സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കുമെതിരെ ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നു. നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബെര്‍ഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇക്കാര്യം പറഞ്ഞത്.