“ശെടാ ഞാൻ ഒക്കെ പത്ത് പെറ്റതാ എന്നിട്ട് ഉച്ചയ്ക്ക് പാടത്ത് പണിക്കും പോയി..” എന്ന് പറയുന്ന പല പ്രായം ആയവരെയും കണ്ടിട്ടുണ്ടാകും അല്ലേ.? എന്നാൽ
പ്രസവഭയംമൂലം കല്യാണമേ കഴിക്കാത്ത പെണ്ണുങ്ങളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. ഈ പ്രസവം ഇത്ര പ്രശ്നം ആണോ.
ഏറ്റവും വേദനയോടെ പ്രസവിക്കുന്നത് മനുഷ്യൻ മാത്രമാണ്. മറ്റെല്ലാ ജന്തുക്കൾക്കും പ്രസവം അനായാസമായ ഒന്നാണ്. തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ മലമൂത്ര വിസർജ്ജനംപോലെ അവർ കുട്ടികളെ പ്രസവിക്കും. കുറച്ച് നേരം ആ കുട്ടിയെ നക്കിയും, തോർത്തിയും പരിചരിക്കും. ശേഷം വീണ്ടും തന്റെ കർത്തവ്യങ്ങളിലേക്ക് മടങ്ങിപ്പോവും.എന്നാൽ മനുഷ്യന്റെ അവസ്ഥ ഇതല്ല. മനുഷ്യന് പ്രസവിക്കാൻ പരസഹായം വേണം.പ്രസവത്തോടെ സ്ത്രീ അങ്ങേയറ്റം തളർന്ന് അവശയാവുന്നു. ഈ കാലത്ത്പോലും പ്രസവം ഭീതിജനകമായ ഒരവസ്ഥയാണ്.
എന്തായിരിക്കാം മനുഷ്യന് മാത്രം പ്രസവം ഇത്രത്തോളം വേദനയും അപകടവുമുള്ളതായിത്തീരാൻ കാരണം.അതിനു മുൻപ് മനുഷ്യൻ അവന്റെ പൂർവ്വിക ജീവിയിൽ നിന്നും പരിണമിച്ച് മനുഷ്യനായി തീർന്നപ്പോൾ അവനിലുണ്ടായ മൂന്ന് നാല് പ്രധാന ഘടകങ്ങൾ ഉണ്ട്.
തീർച്ചയായും മനുഷ്യന്റെ മസ്തിഷക വികാസം തന്നെയാണ് ഒന്നാമത്തെ അനുകുലനം.അതോടൊപ്പം ഇരുകാലി നടത്തം, കൈകളിലെ നാല് വിരലുകൾക്ക് എതിരെ അഞ്ചാമത്തെ ( തള്ളവിരൽ ) വിരലിന്റെ വിന്യാസം തുടങ്ങിയവയെല്ലാം ആധുനിക മനുഷ്യന്റെ രൂപികരണത്തിന് സഹായിച്ച വയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരുകാലിൻമേൽ നിവർന്ന് നിൽക്കാനും നടക്കാനുമുള്ള മനുഷ്യന്റെ കഴിവാണ്.മനുഷ്യൻ ഇരുകാലിയായത് അവന്റെ ജീവിതയാത്രയിലെ വലിയൊരു നാഴികക്കല്ലാണ്. ഒന്ന് രണ്ട് നേട്ടങ്ങൾ ഒറ്റയടിക്ക് ഇത്കൊണ്ട് അവൻ നേടിയെടുത്തു.നാല് കാലിൽ നിന്നും ഇരുകാലിലേക്ക് മാറിയതോടെ മുൻകാലുകൾ ( കൈകൾ ) സ്വതന്ത്രമായി. സ്വതന്ത്രമായ ഈ കൈകൾ പിന്നീട് ആയുധങ്ങളുണ്ടാക്കാനും മറ്റ് പലതിനും സഹായകമായി.
എന്നാൽ ഇതിനൊരു മറുപുറം ഉണ്ടായിരുന്നു. അതിലൊന്നാണ് പ്രസവത്തിലുണ്ടായ സങ്കീർണ്ണത. എന്നാലും മറ്റു ചില പ്രശ്നങ്ങളും ഇത് മൂലം ഉണ്ടായിട്ടുണ്ട്. രണ്ട് കാലിൽ നടക്കാൻ തുടങ്ങിയതോടെ മനുഷ്യന്റെ ശരീരഘടന തിരശ്ചീനാവസ്ഥയിൽ നിന്നും ലംബാവസ്ഥയിലേക്ക് മാറി. ഇതിന്റെ ഫലമായി മനുഷ്യശരീരം താളം തെറ്റാതെ ബാലൻസ് ചെയ്ത് ക്രമീകരിക്കേണ്ടതിന്റെ ആവശ്യം വന്നു. അതിന് വേണ്ടി ശരീരം ചില ക്രമീകരണങ്ങൾ ഉണ്ടാക്കിയെടുത്തു. നട്ടെല്ല് എസ് (S) ആകൃതി കൈവരിച്ചതും, കാൽപ്പാദങ്ങൾ കമാനാകൃതിയിലായതും, ഇടുപ്പെല്ല് സങ്കോചിച്ചതുമെല്ലാം ഇതിനു വേണ്ടിയായിരുന്നു. ഇടുപ്പെല്ലിന്റെ ഈ സങ്കോചമാണ് മനുഷ്യന് പ്രസവം യാതനാപൂർണ്ണമാക്കി തീർത്തത്.
എന്താലേ..
ഇതോടൊപ്പം ഗർഭനാളവും ചുരുങ്ങിവന്നു. ഇടുങ്ങിയ വഴിയിലൂടെ കുഞ്ഞിന് കടന്ന് വരാനുള്ള പ്രയാസമാണ് മനുഷ്യന്റെ പ്രസവം വേദനാപൂർണ്ണമാക്കി തീർത്തത്.എന്നാൽ മറ്റ് ജന്തുക്കൾക്കൊന്നും ഈ ബുദ്ധിമുട്ടനുഭവപ്പെടുന്നില്ല കാരണം അവരൊന്നും ഇരുകാലികളല്ലല്ലോ.