സമ്പന്നമായ ചരിത്രത്തോടൊപ്പം അതിന്റെ അവശേഷിപ്പുകളും സൂക്ഷിച്ച് വച്ചിട്ടുള്ള സംസ്ഥാനമാണ് ഒഡീഷ. മുന്‍പ് ഒറീസ എന്ന് അറിയപ്പെട്ടിരുന്ന ഒഡീഷയിലേക്കുള്ള യാത്ര ഒരിക്കലും നിരാശപ്പെടുത്തുന്ന ഒന്നായിരിക്കില്ല.നിര്‍മ്മാണകലയില്‍ വിസ്മയം തീര്‍ക്കുന്ന പ്രാചീന ക്ഷേത്രങ്ങളും തടാകങ്ങളും ബീച്ചുകളുമൊക്കെ സുന്ദരമാക്കി തീര്‍ക്കുന്നതാണ് ഒഡീഷയിലെ ടൂറിസം. ലോകത്തിലെ ഏക ചെരിഞ്ഞ ക്ഷേത്രമാണ് ഒഡീഷയിലെ ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം. സംബല്‍പൂരില്‍ നിന്നും 23 കിലോമീറ്റര്‍ തെക്കായാണ് ഹുമ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മഹാനദി തീരത്താണ് ചെരിഞ്ഞ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിമലേശ്വർ എന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവിൽ 15 ഡിഗ്രിയോളം ചരിഞ്ഞാണ് നിൽക്കുന്നത് .ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.
1500 കളിൽ നിർമ്മിച്ച ഈ ക്ഷേത്രം സാംബല്പൂരിലെ ആദ്യ രാജാവായ ബൽറാം ദിയോ ആണ് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പാറക്കെട്ടുകൾ നിറഞ്ഞ മഹാനദിക്കരയിൽ നദിയിലേയ്ക്ക് ഇറങ്ങിയെന്നോണമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണം സംബന്ധിച്ചുള്ള കഥ ഒരു പാല്‍ക്കാരനുമായി ബന്ധപ്പെട്ടുള്ളതാണ്. ദിവസവും മഹാനദി മുറിച്ച് കടന്നുപോകുമായിരുന്ന ഈ പാല്‍ക്കാരന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ശിവനെ ആരാധിച്ച് അല്‍പം പാല്‍ ഒരു കല്ലില്‍ ഒഴിക്കുമായിരുന്നു. ഈ പാല്‍ കല്ല് ഉപയോഗിക്കാന്‍ തുടങ്ങി. ഈ വാര്‍ത്ത പെട്ടന്ന് ലോകം അറിഞ്ഞു. തുടര്‍ന്ന് ഗംഗ വാംസി ചക്രവര്‍ത്തി അനന്‍ഗഭീമ ദേവ മൂന്നാമന്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ശ്രമം തുടങ്ങി. വിവിധ കാലത്ത് നാട് ഭരിച്ചിരുന്നവര്‍ ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.
ക്ഷേത്രം ചെരിയുന്നതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ക്ഷേത്ര സമുച്ചയത്തിന് വിവിധ ദിശകളിലേക്കായുള്ള മൂന്ന് ശ്രീകോവിലുകളുണ്ട്. 200 അടി നീളവും 120 അടി വീതിയുമുള്ള കരിങ്കൽ കെട്ടിടത്തിലാണ് ക്ഷേത്രം .വിശാലമായ അടിസ്ഥാനവും , ഏറെ താഴ്ന്ന ഗ്രാവിറ്റി പോയിന്ന്റുമാകാം ക്ഷേത്രത്തിന്റെ ചെരിവിനു കാരണമെന്ന് പറയപ്പെടുന്നു . അതല്ല വർഷകാലത്തെ മഹാനദിയിലെ ഒഴുക്കിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാൻ ബോധപൂർവ്വം ചെരിവ് നൽകിയതാണെന്നും വിശ്വസിക്കുന്നവരുണ്ട്. എങ്കിലും ഈ ചെരിവ് ക്ഷേത്രം പണിത ആദ്യ കാലം മുതൽ ഉണ്ടായിട്ടുണ്ടോ , അത് ഡിസൈന്റെ ഭാഗമാണോ , ഇന്നും അത് ചരിയുകയാണോ എന്നീ ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല