KSRTCയുടെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം പുറത്തായിരിക്കുകയാണ്. സര്‍ക്കാര്‍ നേര് പറയുന്നില്ല എങ്കില്‍ ജീവനക്കാരും ജനങ്ങളും എന്തു വിശ്വസിക്കും. KSRTCക്ക് എന്താണ് പ്രശ്‌നമെന്ന് സാമാന്യ ജനങ്ങള്‍ അറിയുന്നതില്‍ എന്താണ് തെറ്റ്. അപ്പോള്‍ മാധ്യമങ്ങള്‍ അവരുടെ ജോലി കൃത്യമായി ചെയ്യുകയും കണക്കുകള്‍ പുറത്തു കൊണ്ടു വരികയും ചെയ്യും. ഇതാണ് KSRTCയുടെ ഒരു വര്‍ഷത്തെ വരുമാനവും-ചെലവും തമ്മിലുള്ള അന്തരം. വരുമാനം 2793.57 കോടി രൂപയാണ്. ചെലവ് 3775.14 കോടിയും. വരവും ചെലവും തമ്മിലുള്ള അന്തരം 981.57 കോടി രൂപയാണ്. ഈ കണക്കുകള്‍ KSRTC ഔദ്യോഗികമായി ഇറക്കിയതുമാണ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള 12 മാസത്തെ കണക്കാണിത്. ഓരോ മാസത്തിലും വരവും ചെലവും വ്യത്യാസപ്പെട്ടിരിക്കും. വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതു പോലെത്തന്നെ ചെലവിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നുണ്ട്.
KSRTCയുടെ വരവ്
ഒരു വര്‍ഷം ബസുകളുടെ ഓപ്പറേറ്റിംഗ് റെവന്യൂ 2481.72 കോടിരൂപയാണ്. ഇതില്‍ KSRTCയുടെ തനത് സര്‍വ്വീസുകളില്‍ നിന്നും ലഭിച്ചത് 2108 കോടിയും, JNNURM സര്‍വ്വീസില്‍ നിന്നും ലഭിച്ചത് 69.87 കോടിയും, KSRTC SWIFT സര്‍വ്വീസില്‍ നിന്നും ലഭിച്ചത് 223.59 കോടിയും, ബജറ്റ് ടൂറിസത്തില്‍ നിന്നും ലഭിച്ചത് 14.97 കോടിയും, ഗ്രാമവണ്ടിയില്‍ നിന്നും ലഭിച്ചത് 4.57 കോടിയും, ട്രാവല്‍ കാര്‍ഡ് വഴി ലഭിച്ചത് 14.99 കോടിയും, പമ്പ സ്‌പെഷല്‍ സര്‍വ്വീസില്‍ നിന്നും ലഭിച്ചത് 45.71 കോടി രൂപയുമാണ്. KSRTCയുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും ലഭിച്ച വരുമാനവും-മറ്റു പദ്ധതികളില്‍ നിന്നും ലഭിച്ച വരുമാനവും 311.85 കോടി രൂപയാണ്. ഇതില്‍ പെട്രോള്‍ പമ്പുകളുടെ നടത്തിപ്പില്‍ നിന്നും 262.61 കോടിയും, പഴയ ബസുകള്‍ ആക്രിക്ക് നല്‍കിയ(സ്‌ക്രാപ്പ്) വകയില്‍ ലഭിച്ചത് 14.42 കോടിയും, കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതു വഴി ലഭിച്ചത് 16.57 കോടിയും, ബസുകളിലും KSRTCയുടെ കെട്ടിടങ്ങളിലും വസ്തുക്കളിലും പരസ്യം പ്രദര്‍ശിപ്പിക്കാന്‍ നല്‍കിയതു വഴി 9.65 കോടിയും, മറ്റു വഴികളിലൂടെ(പെറ്റി, ഫൈന്‍)ലഭിച്ചത് 8.60 കോടി രൂപയുമാണ്.
KSRTCയുടെ ചെലവ്
ഒരുവര്‍ഷം ഡീസലിനും ലൂബ്രിക്കന്‍സിനുമായി 1278.14 കോടിയാണ് ചെലവ്. ഓഫീഷ്യല്‍സിന്റെ മറ്റു യാത്രകള്‍ക്കുള്ള ചെലവ് 263.56 കോടിയും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കൊടുക്കാനുള്ള(മുടക്കം വന്നത്)തു 5 കോടിയും, HPCLന് 3.53 കോടിയും, ബസിന്റെ ടയര്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് 131.86 കോടിയും, അശോക് ലെയ്‌ലാന്റിന് കൊടുക്കാനുള്ളത്(മുടക്കം വന്നത്) 3.88 കോടിയും, ഫാസ്റ്റ്ടാഗിനായി നല്‍കുന്നത് 23.31 കോടിയും, വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനായി 18.58 കോടിയും, ഇലക്ട്രിസ്റ്റി-വാട്ടര്‍-ടെലഫോണ്‍ എന്നിവയ്ക്കായി 70 ലക്ഷം രൂപയും, യൂണിറ്റ് ഫണ്ടിനായി 33.79 കോടിയും, പമ്പ സര്‍വ്വീസ് ചെലവുകള്‍ക്കായി 1.40 കോടിയുമാണ്.
ഓണ്‍ലൈന്‍ സര്‍വ്വീസ് ചാര്‍ജുകള്‍ക്കായി 2.10 കോടിയാണ് ചെലവിടുന്നത്. KSRTCയുടെ കേസുകള്‍ നടത്തുന്ന അഡ്വക്കേറ്റിനും, കണ്‍സള്‍ട്ടന്റിനുമായി 80 ലക്ഷം രൂപയും, TDS&GST ഇനത്തില്‍ 18.20 കോടിയും, WCL റീപേയ്‌മെന്റ് ഇനത്തില്‍ 317 കോടിയും, WCL പലിശ ഇനത്തില്‍ 3.33 കോടിയും, കണ്‍സോര്‍ഷ്യം വായ്പാ തിരിച്ചടവ് 368.22 കോടിയും, ഡ്യൂട്ടി സറണ്ടര്‍-IB-CB അലവന്‍സ് ഇനത്തില്‍ 83.85 കോടിയും, ഡ്രൈവര്‍മാര്‍ക്കുള്ള ബാറ്റ ഇനത്തില്‍ 2.78 കോടിയും, മെഡിക്കല്‍ അലവന്‍സ് ഇനത്തില്‍ 1.54 കോടിയും, യൂണിഫോം എക്‌സ്‌പെന്‍സ് 1.69 കോടിയും, പേയ്‌മെന്റ് ഓഫ് പെന്‍ഷണറി ബെനിഫിറ്റ്‌സ്(PF ക്ലോഷര്‍) ഇനത്തില്‍ 26.07 കോടിയും, പെന്‍ഷന്‍ കോര്‍പ്പസ് ഫണ്ടിനത്തില്‍ 17.11 കോടിയും, റെമിറ്റന്‍സ് ഓഫ് പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റ് ഇനത്തില്‍ 34.60 കോടിയും, SLI/GIS ഇനത്തില്‍ 16.62 കോടിയും LICയിലേക്ക് 3.36 കോടിയും, KSFE യിലേക്ക് 1.95 കോടിയും പ്രോഫണല്‍ ട്കാസ് ഇനത്തില്‍ 5.79 കോടിയുമാണ് ചെലവ്.
പ്രോപ്പര്‍ട്ടി ടാക്‌സ് ഇനത്തില്‍ ചെലവ് 3 ലക്ഷം രൂപയാണ്. GPAI ഇനത്തില്‍ 2.73 കോടിയും, ഫ്ക്ടറീസ് ആന്റ് ബോയിലേഴ്‌സ് ലൈസന്‍സ് പുതുക്കാന്‍ 4 ലക്ഷംവും, കൊട്ടാരക്കര സൊസൈറ്റി(KST T.133 NDR) യിലേക്ക് 3.88 കോടിയും, KLWF ലേക്ക് 41 ലക്ഷവും, KTDFC-EDA defference,Net annuity ഇത്തില്‍ 1.17 കോടിയും, MACT-കോര്‍ട്ട് അറ്റാച്ച്‌മെന്റ് ഇനത്തില്‍ 6.92 കോടിയും, പരസ്യത്തിനായി 1.5 കോടിയും, KSRTC SWIFT നായി 85.12 കോടിയും, പെന്‍ഷന്‍കാരുടെ കുടിശിക കൊടുക്കാന്‍ 88 ലക്ഷവും മറ്റു ചെലവുകള്‍ക്കായി 92 ലക്ഷം രൂപയും ചെലവാകുന്നുണ്ട്. ജീവനക്കാരുടെ ശമ്പളത്തിനായി 917.15 കോടിയും, ബദലി ജീവനക്കാരുടെ വേതനത്തിനായി 62.10 കോടിയും, സാലറി അഡ്വാന്‍സ് ഇനത്തില്‍ 17.39 കോടിയും, ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കിയ വകയില്‍ 6.59 കോടിയുമാണ് ചെലവാക്കിയിരിക്കുന്നത്.
2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള ഓരോ മാസത്തെയും വരവ്- ചെലവ്-അതിലെ അന്തരം
2023 ഏപ്രില്‍: വരവ് 217.80 കോടി രൂപയാണ്. ചെലവ് 326.57 കോടിയും, അന്തരം 108.77 കോടിരൂപയാണ്.
2023 മേയ്: രവ് 242.53, ചെലവ് 309.05 കോടി, അന്തരം 66.52 കോടി.
2023 ജൂണ്‍: വരവ് 218.65, ചെലവ് 287.53, അന്തരം 68.88 കോടി
2023 ജൂലായ്: വരവ് 215.12, ചെലവ് 303.36 കോടി, അന്തരം 88.24 കോടി.
2023 ഓഗസ്റ്റ്: വരവ് 234.70 കോടി, ചെലവ് 374.58 കോടി, അന്തരം 139.88 കോടി.
2023 സെപ്തംബര്‍: വരവ് 222.54 കോടി, ചെലവ് 289.15 കോടി, അന്തരം 66.61 കോടി.
2023 ഓക്ടോബര്‍: വരവ് 232.70 കോടി, ചെലവ് 301.33 കോടി, അന്തരം 68.63 കോടി.
2023 നവംബര്‍: വരവ് 235.86 കോടി, ചെലവ് 305.98 കോടി, അന്തരം 70.12 കോടി.
2023 ഡിസംബര്‍: വരവ് 271.55 കോടി, ചെലവ് 357.87 കോടി, അന്തരം 86.32 കോടി.
2024 ജനുവരി: വരവ് 260.18 കോടി, ചെലവ് 323.43 കോടി, അന്തരം 63.25 കോടി.
2024 ഫെബ്രുവരി: വരവ് 217.97 കോടി, ചെലവ് 281.02 കോടി, അന്തരം 63.05 കോടി.
2024 മാര്‍ച്ചിലെ വരവ് 223.97 കോടിയും, ചെലവ് 315.25 കോടിയും, അന്തരം 91.28 കോടി രൂപയുമാണ്.
KSRTCയുടെ ഈ കണക്കുകളില്‍ ചിലതിനോട് ജീവനക്കാര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. പെട്രോള്‍ പമ്പ് ആരംഭിച്ചതു തന്നെ ലാഭം മുന്നില്‍ക്കണ്ടാണ്. നിലവില്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഇരട്ടി ലാഭം പെട്രോള്‍ പമ്പുകള്‍ വഴി ലഭിക്കുമെന്നാണ് ജീവനക്കാരുടെ പക്ഷം. മാത്രമല്ല, പ്രൊഫഷണല്‍ ടാക്‌സ് നല്‍കുന്നത് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുമാണ്. എന്നാല്‍, അത് പ്രത്യേകം ചിലവായി കാണിച്ചിരിക്കുന്നതിനും പൊരുത്തക്കേടുണ്ടെന്നാണ് ആക്ഷേപം. സമാനമായ ചിലവുകളാണ് പ്രൊവിഡന്റ് ഫണ്ട്, SLI/GIS, LIC, KSFE എന്നിവയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതാണെന്ന ആക്ഷേപവുമുണ്ട്. മറ്റൊരു പ്രധാന കാര്യം, സര്‍ക്കാര്‍ തലത്തില്‍ ഈ കണക്കുകള്‍ കൃത്യമായി ലഭിക്കുന്നു എന്നിരിക്കെ ഇത്രയും കാലം എന്തുകൊണ്ടാണ് KSRTCയുടെ വരവ് ചെലവ് അന്തരം കുറയ്ക്കാനോ, അത് പരിഹരിക്കാനോ സര്‍ക്കാര്‍ ഇടപെടാത്തത് എന്നാണ് ചോദ്യം.
പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന യാത്രാ സംവിധാനത്തെ സംരക്ഷിക്കാനുള്ള നീക്കം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ പ്രതീക്ഷിക്കുന്നത്, വരവും ചെലവും തമ്മിലുള്ള അന്തരം കുറയുമെന്നു തന്നെയാണ്. പക്ഷെ ഇതിന് സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ. എന്നാല്‍, അതിന്റെ വലിയ പ്രശ്‌നം എന്തെന്നാല്‍, സര്‍ക്കാര്‍ തന്നെ കടമെടുത്താണ് കാര്യങ്ങള്‍ നടത്തുന്നത്. അപ്പോള്‍ സര്‍ക്കാര്‍ എങ്ങനെ KSRTCയെ സഹായിക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുകയാണ്.