Features

വിധേയത്വം സി.പി.ഐയുടെ നടുവൊടിച്ചോ?: ശക്തരായ നേതാക്കള്‍ നഷ്ടപ്പെട്ടതിന്റെ വിലയറിയുന്നു; കമ്മിറ്റികളില്‍ തുറന്നു പറഞ്ഞ് അണികള്‍

ആശാനും, പി.കെ.വിയും, ചന്ദ്രപ്പനും നട്ടെല്ലുള്ള നേതാക്കള്‍

പാര്‍ട്ടിയാണ് നേതാക്കളെക്കാള്‍ വലുതെന്ന് ചിന്തിച്ചിരുന്ന തലമുറയില്‍ നിന്നും നേതാക്കളാണ് പാര്‍ട്ടിയേക്കാള്‍ വലുതെന്ന് ധരിക്കുന്ന ആധുനിക ലോകത്ത് എത്തി നില്‍ക്കുകയാണ് കേരളത്തിലെ സി.പി.ഐ. അതുകൊണ്ടാണ് സി.പി.എമ്മിനോട് എന്തെന്നില്ലാത്ത വിധേയത്വ കാണിക്കുന്നതും. ഇത് സി.പി.ഐ ജില്ലാക്കമ്മിറ്റികളില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. പിണറായി വിജയനെന്ന നേതാവിനേക്കാള്‍ ആ പാര്‍ട്ടിയോട് കൂറു കാണിക്കുന്നവരായി നില്‍ക്കാനാണ് സി.പി.ഐ അംഗങ്ങള്‍ക്ക് ഇഷ്ടം. എന്നാല്‍, സി.പി.ഐ നേതാക്കളെല്ലാം സി.പി.എം നേതാക്കളെ കണ്ടാല്‍ മുട്ടു വിറച്ചു നില്‍ക്കുന്നു.

പറയാനുള്ളത് മുഖത്തു നോക്കി പറയാന്‍ കഴിയാത്ത വീരശൂര പരാക്രമികളായി മാറുന്നു. ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിന്റെ തണലില്‍ അണികളോട് സി.പി.എമ്മിലെ നേതാക്കളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പൊട്ടിത്തെറിക്കുകയും, പ്രത്യക്ഷത്തില്‍ അവരെ പേടിച്ച് മിണ്ടാതിരിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ സി.പിഐ എന്നത്, സി.പി.എമ്മിന്റെ അടിമയാണെന്ന് കണക്കു കൂട്ടുന്നവരാണ് സി.പി.എം നേതാക്കള്‍. ശക്തമായ അഭിപ്രായം പറഞ്ഞാല്‍ മുന്നണിയില്‍ നിന്നും പറഞ്ഞുവിടുമോയെന്ന ഭയവും സി.പി.ഐ നേതാക്കള്‍ക്കുണ്ട്.

പക്ഷെ, അധികാരത്തിന്റെയോ, മുന്നണി ഭയമോ ഇല്ലാതിരുന്ന, മുഖത്തു നോക്കി നിലപാട് പറയുന്ന, തെറ്റിനെ തെറ്റെന്നു ചൂണ്ടിക്കാട്ടുകയും, തിരുത്തിയില്ലെങ്കില്‍ തിരുത്തണമെന്നും പറയുന്ന നട്ടെല്ലുള്ള നേതാക്കളുണ്ടായിരുന്നു സി.പി.ഐയില്‍. അതില്‍ മുമ്പില്‍ നില്‍ക്കുന്ന പേരാണ് ആശാന്‍ എന്നു വിളിക്കുന്ന വെളിയം ഭാര്‍ഗവന്‍. അതിനു പിന്നാലെ എടുത്തു പറയാന്‍ കഴിയുന്ന പേരുകള്‍ പി.കെ. വാസുദേവന്‍ നായര്‍, സി.കെ. ചന്ദ്രപ്പന്‍ എന്നിവരുടേതാണ്. ഇവരുടെ തണലില്‍ സി.പി.ഐ എന്ന പാര്‍ട്ടിക്ക് നട്ടെല്ലുണ്ടായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മുന്നണി മര്യാദകള്‍ ലംഘിക്കാതെയും, മാന്യമായും ഇടപെട്ടിരുന്നപ്പോഴും, സ്വന്തം പാര്‍ട്ടിയുടെ നിലപാടുകള്‍ ഈ നേതാക്കള്‍ തുറന്നു പറയുകയും, അടിയുറച്ച് നില്‍ക്കുകയും ചെയ്തിരുന്നു എന്നത് ചരിത്രമാണ്. ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു കയ്യിലിരുന്ന മുഖ്യമന്ത്രിപദം പോലും വലിച്ചെറിഞ്ഞ് പി.കെ വാസുദേവന്‍ നായര്‍ പ്രതിപക്ഷത്തേക്ക് പോയതെന്ന് ഓര്‍മ്മയുണ്ടാകണം. പി.കെ. വാസുദേവന്‍ നായര്‍ക്കു ശേഷം ഇടതുപക്ഷ മുന്നണി എത്രയോ തവണ അധികാരത്തിലെത്തി. എന്നാല്‍, സി.പി.ഐക്ക് മുഖ്യമന്ത്രി പദം കിട്ടിയിട്ടില്ല എന്നതും ഓര്‍ക്കണം.

1964ലെ പിളര്‍പ്പിന് ശേഷം അധികാരത്തിലെത്താന്‍ സി.പി.എമ്മിന് കഴിയാതെ പോയതും സി.പി.ഐ കൂടെ ഇല്ലാത്തതു കൊണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസിനൊപ്പമുള്ള അധികാരം പങ്കിടല്‍ വേണ്ടെന്നുവെച്ച് ഇടതുമുന്നണി രൂപീകരിച്ച ശേഷമാണ് സി.പി.എം കേരളത്തില്‍ അധികാരത്തിലെത്തുന്നതു പോലും. അന്നുതൊട്ട് സി.പി.എം മുഖ്യമന്ത്രി പദവും ആഭ്യന്തരവും അടക്കിവാണു. സി.പി.ഐ ആകട്ടെ സി.പി.എണ നല്‍കുന്ന അപ്പക്കഷ്ണം പോലുള്ള വകുപ്പുകളില്‍ ഒതുങ്ങി.

കേരളം ഭരിച്ച മുഖ്യമന്ത്രി ഉണ്ടായിരുന്ന സി.പി.ഐയുടെ ഇന്നത്തെ അവസ്ഥ എന്താണ്. ആഭ്യന്തര വകുപ്പു പോലും കൊടുക്കാന്‍ മടിക്കുന്ന സി.പി.എമ്മിനൊപ്പം ഏറാന്‍മൂളികളായി തുടരുന്നു. എന്നാല്‍, വെളിയം ഭാര്‍ഗവന്‍ എന്ന ആശാന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ സി.പി.ഐ നേതാക്കള്‍ക്ക് ചെറുതായി സംസാരശേഷിയുണ്ടായി. ഇടത് മുന്നണിയിലെ തിരുത്തല്‍ ശക്തിയായി മാറാന്‍ സി.പി.ഐക്കു സാധിച്ചു. അഭിപ്രായങ്ങള്‍ തുറന്നു പറയാനും, മുന്നണി മര്യാദകള്‍ ലംഘിക്കുമ്പോള്‍ ഇടപെടാനും നേതാക്കള്‍ തയ്യാറായി. സി.പി.ഐക്കെതിരേ വാളോങ്ങിയ ഘട്ടത്തിലെല്ലാം മുന്നണി യോഗത്തില്‍ നിന്നും നേതാക്കള്‍ ഇറങ്ങിപ്പോകാന്‍ വരെ തയ്യാറായി. ഇതിന്റെ പേരില്‍ പാര്‍ട്ടികള്‍ വീണ്ടും ഇടയുമോ എന്ന ആശങ്കവരെ ഉണ്ടായി. എം.എന്‍. സ്മാരകത്തിലിരുന്ന് വെളിയം ഭാര്‍ഗവനും, എ.കെ.ജി സെന്ററിലിരുന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പരസ്പരം പോരടിച്ചു.

എടോ വിജയാ എന്ന് പിണറായി വിജയന്റെ മുഖത്ത് നോക്കി വിളിക്കാന്‍ കെല്‍പ്പുള്ള നേതാവായിരുന്നു വെളിയം ഭാര്‍ഗവന്‍. തനിച്ചുമത്സരിച്ചാല്‍ ഞങ്ങള്‍ മാത്രമല്ല, നിങ്ങളും പരാജയപ്പെടുമെന്ന് തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും സി.പി.എമ്മിനോട് പരസ്യമായി പറയാന്‍ വെളിയം ഭാര്‍ഗവന് കഴിഞ്ഞിരുന്നു എന്നതാണ് നട്ടെല്ലിന്റെ ഗുണം. വെളിയത്തിന് ശേഷം വന്ന സി.കെ ചന്ദ്രപ്പനും സി.പി.ഐയെ ശക്തിപ്പെടുത്തിത്തന്നെയാണ് മുന്നോട്ടു പോയത്. പാര്‍ട്ടിയുടെ നിലപാടുകള്‍ കൃത്യമായി പറയാനും, നടപ്പാക്കാനും നേതാക്കള്‍ ശ്രമിചട്ചിരുന്നുവെന്ന് അണികള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടി മന്ത്രിമാരും മന്ത്രിസഭയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പറയാന്‍ മടിച്ചിരുന്നില്ല. സി. ദിവാകരനും, ബിനോയ് വിശ്വവും, കെ.പി രാജേന്ദ്രനുമൊക്കെ അന്നത്തെ മന്ത്രിമാരാണ്.
കാനം രാജേന്ദ്രനും ആദ്യ നാളുകളില്‍ ഭരണത്തിലെ തിരുത്തല്‍ ശക്തിയായി സി.പി.ഐയെ നിലനിര്‍ത്തിയെങ്കിലും പിന്നീട് പൂര്‍ണമായും സിപിഎമ്മിന് വിധേരാകുന്നതാണ് കണ്ടത്. പ്രായോഗിക രാഷ്ട്രീയത്തിലെ സാധ്യതകള്‍ ഉപയോഗിക്കാനറിയാത്ത നേതൃത്വമെന്ന് സി.പി.ഐ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. ഇടതുമുന്നണി വിട്ട് യു.ഡി.എഫിന്റെ ഭാഗമായാല്‍ അധികാരവും അന്തസ്സും കിട്ടുമെന്നും അണികള്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗങ്ങളിലാണ് നേതാക്കളും അണികളും തുറന്നു പറച്ചില്‍ നടത്തുന്നത്.